എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – “എന്നെക്കൊണ്ടൊന്നും പറയിക്കരുത്, നീ അല്ലേടാ കോപ്പേ.. എന്നെ തള്ളിക്കൊണ്ട് കാന്റീനില്‍ ആക്കിയെ.. എന്നിട്ട് നീ എവിടെ മുങ്ങിയതാ ..”
ഞാന്‍ ചൂടാവുന്ന കണ്ടിട്ടാവും അവന്‍ ഒന്നടങ്ങി. അല്ലേലും എനിക്ക് രണ്ടു തെറിവിളിക്കാൻ പറ്റുന്നത് അവനോടു മാത്രമാണേ, തിരിച്ചടിക്കില്ല അതന്നെ കാര്യം..!!
“അതിപ്പോ എത്ര നേരായി..ഇയാളെ തിരക്കി ഗോപിക ആ രേഷ്മേനെ കൂട്ടിക്കൊണ്ട് വന്നാരുന്നു.”
അവന്‍ ക്ലാസിലേക്ക് കയറിയപാടെ തിരിഞ്ഞു നിന്ന് എന്നോടായി പറഞ്ഞു.
“രേഷ്മ വന്നത് എനിക്കുവേണ്ടിയല്ലടാ പൊട്ടാ.. നിന്നെ .. അവര് നാത്തൂനും നാത്തൂനും കളി തുടങ്ങിട്ടു കൊറേയായി. നീ ഇത് ഏത് ലോകത്താ, നിനക്കങ്ങ് ഇഷ്ടാണെന്ന് പറഞ്ഞാ എന്താ?”
ഈ രേഷ്മ എന്‍റെ അച്ഛന്റെ തറവാടിനടുത്തുള്ളതാ, രാമേട്ടന്റെ മോള്‍.. അവൾക്ക് പണ്ടേ ഗോപനെ ഇഷ്ടാണ്. അവനും ഏതാണ്ടൊക്കെ ഓക്കേയാണ്.. പക്ഷേ ഞാന്‍ ചോദിക്കുമ്പോഴവന്‍ സമ്മതിച്ചുതരില്ല.
“ഒന്ന് പോടാ, അവളൊക്കെ നല്ല വീട്ടിലെ കൊച്ചല്ലേ, ഈ വയ്യാത്ത കാലും വെച്ചോണ്ട് അത് ശരിയാവൂല്ലാ.”
“അയ്യോടാ…”
അവന്റെ മനസ് എനിക്കറിയാവുന്നതല്ലേ, സ്വന്തമായി ഇത്രയും ഡീഗ്രേഡ് ചെയ്യുന്നൊരുത്തന്‍. ഞൊണ്ടി എന്ന് മറ്റുള്ളോര് വിളിക്കുമ്പോ അവന്‍ അത് Mind ചെയ്യാത്തപോലെ കാണിക്കും. പക്ഷേ ഉള്ളില്‍ ഫുള്ള് ശോകം സീനാണ് കക്ഷി. സത്യത്തില്‍ അത് തന്നെയാണ് ഞാന്‍ അവനെ കളിയാക്കാന്‍ പോകാത്തതിന്റെ പ്രധാന കാര്യവും..