ഒരു നായികയുടെ ഉദയം
നായിക – സീൻ ഒന്ന്:
നേരം നന്നായി ഇരുട്ടിയിട്ടുണ്ട്. കൈതമുള്ളു നിറഞ്ഞ വയൽവരമ്പിലൂടെ വൈദേഹി തുമ്പൂർ മഠം തറവാട്ടിനെ ലക്ഷ്യമാക്കി നടന്നു. അവളാകെ ഭയപ്പെട്ടിരുന്നു. അവളുടെ കണ്ണുകളിൽ വല്ലാത്ത ഭയം നിറഞ്ഞിരുന്നു. അസമയത്ത് ഇവിടെ ആരെങ്കിലും കണ്ടാൽ അമ്മ അറിയുമെന്നും അവൾ ഭയപ്പെട്ടിരുന്നു.
തുമ്പൂർമഠം തറവാട്ടിലെ കാരണവരും സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും ആ രാത്രി ക്ഷേത്രത്തിൽ കഥകളി വിദ്വാൻ രാമൻ നായരുടെ കഥകളി സംഗീതം ആസ്വദിക്കുകയായിരുന്നു. പക്ഷേ തറവാട്ടിലെ ഒരാൾ മാത്രം അവിടെ ഇല്ലായിരുന്നു. വാസുദേവൻ നമ്പൂതിരി. അയാൾക്ക് മറ്റു ചില കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു. അയാൾ തറവാട്ടിൽ വൈദേഹിക്കായി കാത്തിരിക്കുകയായിരുന്നു.
തറവാട്ടിലെ ഇടനാഴി കടന്ന് വാസുദേവൻ നമ്പൂതിരിയുടെ മുറിയിലേക്കു നടന്നു കയറുമ്പോൾ വൈദേഹിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവളാകെ വിയർത്തിരുന്നു. അവളുടെ നെറ്റിയിലെ ചുവന്ന കുങ്കുമപ്പൊട്ട് വിയർപ്പിൽ കലർന്ന് നെറ്റിയിലേക്ക് പടർന്നിരുന്നു.
Cut to: ഭഗവതീ ക്ഷേത്രം.
ഈ സമയം ഭഗവതി ക്ഷേത്രത്തിൽ കഥകളി ആസ്വദിച്ചുകൊണ്ടിരുന്ന വാസുദേവൻ നമ്പൂതിരിയുടെ ഭാര്യ ഗായത്രീദേവിക്ക് ഏറെ നേരമായിട്ടും അയാളെ കാണാത്തതിനാൽ എന്തോ സംശയം തോന്നി. അവൾ തനിയെ അമ്പലത്തിൽനിന്ന് ഇറങ്ങി തറവാട്ടിലേക്ക് നടന്നു.