ഒരു നായികയുടെ ഉദയം
നായിക – നഗരമദ്ധ്യത്തിലെ തിരക്കുകളിൽ നിന്ന് മാറി, അധികമാരും ശ്രദ്ധിക്കാതെ നിൽകുന്ന ആ പ്രദേശത്ത് എത്തിച്ചേരാൻ റയിൽവേ ട്രാക്ക് മുറിച്ച് കടന്നുപോവുന്ന ആ ഒറ്റ വഴിയേ ഉള്ളൂ.
പ്രൊഡക്ഷൻ കൺട്രോളർ ബെന്നി പറഞ്ഞത് വെച്ച് നോക്കുമ്പോൾ ദൂരെ കാണുന്ന ആ പഴയ ഓടിട്ട കെട്ടിടം ആവാനേ സാദ്ധ്യതയുള്ളൂ. അടുത്തെങ്ങും വേറെ കെട്ടിടങ്ങളില്ല.
ഗൂഗിൾ മാപ്പിൽ ഒന്നുകൂടെ നോക്കി ഉറപ്പുവരുത്തിയ ശേഷം ഗോപിക ട്രാക്ക് മുറിച്ച് കടന്ന്, മുന്നോട്ട് നടന്നു.
“You have arrived at your destination.”
കെട്ടിടത്തിനു അടുത്ത് എത്തിയപ്പോൾ ഫോണിലെ ഗൂഗിൾ മാപ്പ് ശബ്ദിച്ചു. നാവിഗേഷൻ ഓഫ് ചെയ്ത് ഫോൺ ഓഫ് ചെയ്ത് ബാഗിലിട്ടശേഷം ഗോപിക ചുറ്റും നോക്കി.
വളരെ പഴയ ഒരു ഓടിട്ട ഇരുനില കെട്ടിടത്തിൻ്റെ താഴെയാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. താഴത്തെ നിലയിൽ തൊണ്ണൂറുകളെ ഓർമ്മിപ്പിക്കുന്ന, പരിഷ്കാരം തൊട്ടുതീണ്ടാത്ത ഒരു ചായക്കട മാത്രം.
അവിടെ, കുറഞ്ഞത് എഴുപത് വയസ് എങ്കിലും പ്രായം തോന്നിക്കുന്ന ഒരു വൃദ്ധൻ ചായ അടിക്കുന്നത് കാണാം. പ്രായത്തിൻ്റെ ആധിക്യം അയാളുടെ മുഖത്ത് ചുളിവുകളായി രൂപാന്തരം പ്രാപിച്ചിരിക്കുന്നതും കാണാം.
“ചേട്ടാ, ഈ സിനിമയിലൊക്കെ കഥ എഴുതുന്ന ദേവാനന്ദൻ സാർ ഇവിടെ എവിടെയെങ്കിലുമാണോ താമസിക്കുന്നത്?”
“ദേവാനന്ദൻ സാറിനെ കാണാൻ വന്നതാണോ? ദേ, ആ കോണിപ്പടി കേറി മുകളിലേക്ക് പോയാൽ മതി. അദ്യം കാണുന്ന മുറിയാണ്,”
ചായക്കടയുടെ വലതു വശത്തെ കോണിപ്പടി ചൂണ്ടിക്കാണിച്ച് വൃദ്ധൻ പറഞ്ഞു.
“ചേട്ടാ, സിനിമക്ക് കഥ എഴുതുന്ന ദേവാനന്ദൻ സാറിനെയാണ് കാണേണ്ടത്.”
“സംശയിക്കേണ്ട കുട്ടീ, അദ്ദേഹം തന്നെയാണ്.”
മലയാള സിനിമയിൽ തൊണ്ണൂറുകളിൽ തുടങ്ങി രണ്ടായിരത്തി ഇരുപത്തൊന്ന് വരെ ഒട്ടനവധി സിനിമകൾക്ക് തിരക്കഥ എഴുതിയും സംവിധാനം ചെയ്തും സൂപ്പർഹിറ്റുകൾ സൃഷ്ടിച്ച, കേരളം ഒട്ടാകെ ആരാധകരുള്ള, കോടികൾ പ്രതിഫലം വാങ്ങുന്ന അപൂർവം ചില എഴുത്തുകാരിൽ ഒരാളായ ദേവാനന്ദൻ സാർ ഈ പൊളിഞ്ഞ കെട്ടിടത്തിലാണ് താമസിക്കുന്നത് എന്ന കാര്യം അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
“പോവുമ്പോ.. ദേ ഇതും കൂടെ സാറിനു കൊടുത്തേക്ക്.”
സംശയിച്ച് നിൽക്കുന്ന ഗോപികയുടെ നേരെ ഒരു പാക്ക് ഗോൾഡ് ഫ്ലെയ്ക്ക് സിഗരറ്റ് നീട്ടി അയാൾ പറഞ്ഞു.
ചിതലുകൾ പാതി തിന്നുതീർത്ത കോണിപ്പടി കയറി തുടങ്ങുന്നതിനു മുന്നേ ആ കെട്ടിടത്തിലേക്ക് ഗോപിക ഒരു തവണകൂടി സംശയത്തോടെ നോക്കി. കലാകാരന്മാർക്ക് വേറാർക്കും ഇല്ലാത്ത പലതരം ഭ്രാന്തുകൾ ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്. ചിലപ്പൊ അതിലൊന്നാവാം കോടീശ്വരനായ സംവിധായകന് പൊളിഞ്ഞ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കാനുള്ള ഈ ഭ്രാന്ത്..!!
പടികൾ കയറി രണ്ടാം നിലയിൽ എത്തിയപ്പോൾ തന്നെ ഗോപിക നന്നേ കിതച്ചു. അവിടുത്തെ അടച്ചിട്ട മുറിയിൽ നിന്നും അവ്യക്തമായി ഒരു ഹിന്ദി ഗസൽ കേൾക്കാമായിരുന്നു.
“അനുവാദമില്ലാതെ അകത്തു പ്രവേശിക്കരുത്”
തവിട്ടു നിറത്തിൽ പെയിൻ്റ് അടിച്ച മരവാതിലിൽ എഴുതി ഒട്ടിച്ചത് വായിച്ചു നിൽക്കവേ ഗോപിക ഓർത്തു:
തന്നെ പോലെ സിനിമയിൽ ചാൻസ് ചോദിച്ചു വരുന്നവരുടെ ശല്യം കാരണം ചെയ്തതാവണം.
അകത്തുനിന്ന് പാട്ട് കേൾക്കുന്ന സ്ഥിതിക്ക് സാർ അകത്തുണ്ടെന്ന് ഉറപ്പാണ്. മൊബൈൽ ക്യാമറയിൽ നോക്കി മുഖവും മുടിയും ഒന്നുകൂടി ശരിയാക്കിയശേഷം കോളിംഗ് ബെൽ ഒന്നുരണ്ടു തവണ അടിച്ച്നോക്കി.
ഉളളിൽനിന്നും പ്രതികരണമൊന്നും വരാത്തതിനാൽ അത് വർക്കാവുന്നില്ലെന്ന് അവൾക്ക് മനസ്സിലായി.
മടിച്ച് മടിച്ച് വാതിലിൽ ചെറുതായി ഒന്നു മുട്ടിയപ്പോൾ അകത്തുനിന്നും കേട്ടുകൊണ്ടിരുന്ന ഗസൽ ഗാനം നിലച്ചു.
കുറച്ച്നേരം കഴിഞ്ഞപ്പോൾ അകത്തു നിന്നും കയ്യിലൊരു പാതിവലിച്ച സിഗരറ്റുമായി അറുപതിനോടടുത്ത് പ്രായം വരുന്ന ഒരു അതികായൻ വാതിൽ തുറന്നു.
ചീകിഒതുക്കാതെ അലസമായ, ചുരുണ്ട് നരച്ച തലമുടി. മുഖത്ത് അങ്ങിങ്ങായി ലക്ഷ്യബോധമില്ലാതെ പലവഴിക്ക് നീണ്ടുകിടക്കുന്ന പാതി നരച്ച താടി. അയാൾക്ക് സിഗരറ്റ് വലിയുമായുള്ള ആത്മബന്ധം ചുണ്ടിലെ കറുപ്പായും പല്ലിലെ കറയായും തെളിഞ്ഞുകാണാം. കൈലിമുണ്ടും വെള്ള ഇന്നർ ബനിയനും വേഷം.
അതുവരെ ടിവിയിലും സിനിമയിലും മാത്രം കണ്ടിട്ടുള്ള ദേവാനന്ദൻ എന്ന ലജൻഡ്രി സംവിധായകനെ ആദ്യമായി നേരിട്ടു കണ്ട വെപ്രാളത്തിൽ പരുങ്ങി നിൽക്കവെ അയാൾ കനത്ത ശബ്ദത്തിൽ ചോദിച്ചു.
“ആരാ?”
ചെയ്തു കൊണ്ടിരുന്ന ജോലി തടസ്സപ്പെട്ടതിൻ്റെ നീരസം അയാളുടെ മുഖത്ത് കാണാമായിരുന്നു.
“സാർ, ഞാൻ ഗോപിക. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി പറഞ്ഞിട്ടു സാറിനെ കാണാൻ വന്നതാ..”
ഗോപിക വെച്ച് നീട്ടിയ സിഗരറ്റ് കൈ നീട്ടി വാങ്ങി അയാൾ ഗോപികയെ ഒന്നു അടിമുടി നോക്കി. ശേഷം പുറത്തേക്ക് ഇറങ്ങി വന്ന് താഴത്തെ ചായക്കടയിലേക്ക് നോക്കി നീട്ടിവിളിച്ചു.
“ഭാസ്കരേട്ടാ, മുകളിലേക്ക് രണ്ട് ചായ.”
അയാൾ വീണ്ടും മുറിയിലേക്കു കയറി.
“കേറി വാ.”
അയാൾ ഗോപികയെ അകത്തേയ്ക്ക് വിളിച്ചു. മുറിയിലേക്ക് കടന്നതും മുറിയിൽ തളംകെട്ടി നിന്ന സിഗരറ്റ് പുക അവളുടെ മൂക്കിലേക്ക് ഇരച്ചുകയറി. അതിൻ്റെ ഗന്ധം അവളെ ചെറുതായി അസ്വസ്ഥമാക്കി.
അതൊരു ഒറ്റ മുറിയായിരുന്നു.. പലയിടത്തായി സിഗററ്റ് കുറ്റികൾ വീണു കിടക്കുന്നു. മുറിയിൽ പലഭാഗത്തായി ചുരുട്ടിയെറിഞ്ഞ വെള്ളക്കടലാസുകളിൽ അയാൾ എഴുതി ഉപേക്ഷിച്ച വാക്കുകളും കഥകളും കഥാപാത്രങ്ങളും ചിതറിക്കിടക്കുന്നു.
ആ മുറിയൊന്ന് അടിച്ച് വാരിയിട്ട് മാസങ്ങളായിക്കാണണം. ഒരു തിരക്കഥാകൃത്തിൻ്റെ മനസ്സുപോലെ അലങ്കോലമായി കിടക്കുന്ന മുറി.
ഒരു കട്ടിലും മേശയും അതിനടുത്ത് രണ്ടു കസേരയും മാത്രമാണ് ആകെ മുറിയിലുണ്ടായിരുന്നത്.
വൃത്തിഹീനമായി കാണപ്പെട്ട മുറിയിലെ മേശപ്പുറത്ത് മാത്രം പുസ്തകങ്ങൾ വൃത്തിയായി അടുക്കിവെച്ചിരിക്കുന്നു. അതിനടുത്തായി ഒരു പേനയും വെള്ളക്കടലാസ്കെട്ടും കാണാം.
ഒരുപക്ഷേ അടുത്ത സ്റ്റേറ്റ് അവാർഡും മറ്റു പുരസ്കാരങ്ങളും വാരിക്കൂട്ടാൻ പോവുന്ന സൃഷ്ടിയായിരിക്കണം ആ കടലാസിൽ രൂപപ്പെട്ടു കൊണ്ടിരിക്കുന്നത്.
“അപ്പോ ഇയാളാണ് ബെന്നി പറഞ്ഞ പെൺകുട്ടി.”
ഇരിമ്പുകസേരയിൽ കൂട്ടിയിട്ട തുണികൾ കൈകൊണ്ട് വാരിയെടുത്ത് കിടക്കയിലേക്ക് ഇട്ടശേഷം കസേരനീട്ടി അവളോട് ഇരിക്കാൻ ആവശ്യപ്പെട്ടു..
“അതെ സാർ, ഞാൻ ഗോപിക,”
അവൾ സ്വയം പരിചയപ്പെടുത്തി.
“ഗോപിക മാരീ ഡാണോ?”
“അയ്യോ സർ, എനിക്ക് 20 വയസ് ആയതെ ഉള്ളൂ.”
“വീട്?”
“ഇവിടെ തമ്മനം ജംഗ്ഷന് അടുത്താണ്.”
“ബെന്നിയെ എങ്ങനാ പരിചയം?”
“മോഡലിംഗ് ഫീൽഡിൽ രണ്ട് വർഷമായിട്ടുണ്ട്. അങ്ങനെയുള്ള പരിചയമാണ്.”
“ഉച്ചയ്ക്ക് ശേഷം വരാനായിരുന്നല്ലോ പറഞ്ഞത്. എനിക്കിവിടെ കുറച്ച് വർക്ക് തീർക്കാനുണ്ടായിരുന്നു.”
അയാൾ മേശപ്പുറത്തെ കടലാസ്സ് കെട്ടിലേക്ക് ഒന്നു കണ്ണോടിച്ചു.
“അയ്യോ സർ, ഞാനിപ്പോ വന്നത്ത് ബുദ്ധിമുട്ടായല്ലേ?”
“ഏയ് ഇല്ല. ഗോപിക വരുന്നതിനു മുന്നേ ഈ മുറി വൃത്തിയാക്കണമെന്ന് കരുതിയതാ, നടന്നില്ല.”
“സാറിൻ്റെ പുതിയ സിനിമയിലേക്ക് പുതുമുഖ നടിയെ അവശ്യമുണ്ടെന്ന് അറിഞ്ഞപ്പോ ബെന്നി പറഞ്ഞു.. സാറിനെ ഒന്നുവന്നു നേരിട്ടു കാണാൻ.”
“പുതിയ സിനിമയിലേക്ക് ഒരു പുതുമുഖ നടിയെ നോക്കുന്നുണ്ട് എന്നത് സത്യം തന്നെ, പക്ഷേ..!”
പറഞ്ഞു മുഴുവനാക്കാതെ അയാൾ കയ്യിലെ സിഗററ്റ്കുറ്റി താഴെയിട്ട് പുതിയ പാക്കിൽനിന്നും മറ്റൊരു സിഗരറ്റ് എടുത്ത് കത്തിച്ച് ജനൽ വഴി പുറത്തേക്ക് നോക്കി, ആസ്വദിച്ച് വലിച്ചു.
അയാൾ എന്തോ ആലോചിക്കുകയായിരുന്നുവെന്ന് അവൾക്കുതോന്നി. കുറച്ചു നേരം എന്തോ ആലോചിച്ചശേഷം അയാൾ ചോദിച്ചു.
“മുൻപ് അഭിനയിച്ചിട്ടുണ്ടോ?”
“ഒന്നു രണ്ടു പരസ്യങ്ങളിൽ മോഡലായി അഭിനയിച്ചിട്ടുണ്ട്.”
“ഗോപികയുടെ ഫോട്ടോ ബെന്നി എന്നെ കാണിച്ചപ്പോൾ ഒറ്റനോട്ടത്തിൽ എൻ്റെ പുതിയ സിനിമക്ക് അനുയോജ്യമായ പെൺകുട്ടിയാണെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ വരാൻ പറഞ്ഞത്.”
“സീ.. മിസ്സ് ഗോപിക, കുറച്ച് പരസ്യത്തിൽ അഭിനയിച്ചത് കൊണ്ട്മാത്രം നല്ലൊരു നടിയാവാൻ സാധിക്കില്ല.”
“സാർ തരുന്ന ഏത് കഥാപാത്രവും മികച്ചതാക്കാൻ കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.”
അതിനു മറുപടി പറയാതെ അയാൾ വീണ്ടും സിഗരറ്റ് വലി തുടർന്നു. കുറച്ച് നേരത്തിനുശേഷം അയാൾ വീണ്ടും സംസാരിച്ചു തുടങ്ങി.
“ഞാൻ തരുന്ന ഏത് കഥാപാത്രവും ചെയ്യാൻ പറ്റും എന്ന് എന്താണ് ഉറപ്പ്?”
“ഉറപ്പാണ് സാർ”
ഗോപിക ആത്മവിശ്വാസത്തോടെ വീണ്ടും പറഞ്ഞു.
“എങ്കിൽ ആ മേശപ്പുറത്ത് നിന്നും പേപ്പർ എടുത്ത് സീൻ വായിച്ചു കേൾപ്പിക്ക്,”
മേശപ്പുറത്ത് എഴുതി പകുതിയായ സ്ക്രിപ്റ്റ് ചൂണ്ടിക്കാണിച്ച് ദേവാനന്ദൻ ഗോപികയോട് ആവശ്യപ്പെട്ടു.
ഗോപിക മേശപ്പുറത്ത് ഇരുന്ന പേപ്പർ കെട്ട് തുറന്നു.
“വൈദേഹി”
എന്ന് വലിയ അക്ഷരത്തിൽ തലക്കെട്ടോടെ തുടങ്ങുന്ന സ്ക്രിപ്റ്റിൻ്റെ ആദ്യത്തെ പേജ് മറിച്ചുവായിച്ചു തുടങ്ങവേ ഗോപിക ചെറുതായൊന്ന് അമ്പരന്നു. അവൾ അയാളെ ഒന്നു പാളി നോക്കി.
“ഉം, ഉറക്കെ വായിക്ക്!! അതു ഞാൻ പുതുതായി ചെയ്യാൻ പോവുന്ന സിനിമയുടെ കഥയാണ്,”
ദേവാനന്ദ് ഗൗരവത്തിൽ പറഞ്ഞു.
ചെറിയ മടിയോടെ അവൾ ഉറക്കെ വായിച്ചു തുടങ്ങി. [ തുടരും ]