അറിയാതെ ആണ് എന്നു കരുതി നോക്കിയ ശ്യാമിനെ കുസൃതിച്ചിരിയോടെ നോക്കുന്ന ശാലിനിയെ ആണ് ശ്യാം കണ്ടത്. ഇവളുടെ നടപടികൾ ആയതിനാൽ അതിനെ മറ്റൊരു തരത്തിലും വ്യാഖ്യാനിക്കാൻ വയ്യ. ശ്യാമിന്റെ ഹൃദയം പെരുമ്പറകൊട്ടുന്നുണ്ടായിരുന്നു.
അവൻ സൂക്ഷിച്ചൊന്നു നോക്കി, പിന്നെ കണ്ണ് പിൻവലിച്ചു.
അവൾ വീണ്ടും അതുതന്നെ ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്ക് ശ്രദ്ധിക്കുന്നില്ല എന്ന് ആയപ്പോൾ കാലിലെ പെരുവിരലിലെ ക്യൂട്ടക്‌സ് ഇട്ട കൂർത്ത നഖം കൊണ്ട് ഒരു കുത്ത്.
ശ്യാം കാൽ മാറ്റി.
“ശാലിനി, ഞാൻ എഴുന്നേറ്റ് പോകൂട്ടോ”.
”എന്നതാടീ ഇത്, ശല്യം ഉണ്ടാക്കാതെ”. മാലിനിയാണ്..(അവർ അന്ന്യോന്ന്യം എടീ, പോടീ എന്നാണ് വിളിക്കുന്നത്). അതോടെ ശാലിനി അത് നിർത്തി, അർത്ഥം വച്ച് ശ്യാമിനെ നോക്കി.
ഒരു മഞ്ഞ പെൻടോർച്ച് ഉണ്ടായിരുന്നു, അതിന് ബാറ്ററി വാങ്ങിയിടാൻ കാശില്ലാത്തതിനാൽ ശ്യാം എന്നും പോയിരുന്നത് മെഴുകുതിരിയും ചിരട്ടയും കൊണ്ടാണ്.
അവന്റെ ശരീരം മുഴുവൻ തളരുന്നതുപോലെ.
ഇതിന് ഒരു അവസാനമില്ലേ?
പ്രേമമാണോ, അതോ വെറും കാമമോ?
എന്തായാലും, അവളെ നഷ്ടപ്പെടരുത്. ആരുമില്ല ഒന്ന് ചോദിക്കാൻ, അല്ലെങ്കിലും ആരും പറയുന്നത് ഈ വിഷയത്തിൽ മുഖവിലയ്ക്ക് എടുക്കാനുമാകില്ല, ശാലിനിയുടെ സ്വഭാവം തനിക്കല്ലേ അറിയൂ?
എന്തായിരിക്കാം മനസിലിരുപ്പ്, വെറും നോവിക്കലും, തമാശയും മാത്രമാണോ?
ശരീരം എന്നും നോവുന്നുണ്ട്, മനസാണെങ്കിൽ.. എല്ലാം പ്രേമത്തിനായിട്ടാണെങ്കിൽ ഹൃദ്യം; അല്ലെങ്കിൽ?
അതവന് ചിന്തിക്കാൻ പോലും ആകുന്നില്ല.