പഠിപ്പിച്ചുകൊണ്ട് ഇരിക്കുമ്പോൾ എപ്പോഴും തമാശും കളിയുമാണ്. ശ്യാം എത്ര പറഞ്ഞാലും രക്ഷയില്ല. ഒരു ദിവസം ഈർക്കിൽ എടുത്ത് ഇടത് ഉരത്തിനിട്ട് കുത്തി മുറിവേൽപ്പിച്ചു. ശരിക്കും അത് ശ്യാമിന് വേദനിച്ചു, അത് മാത്രവുമല്ല താൻ എടുക്കുന്ന എഫർട്ട് ശാലിനി കാണിക്കാത്തതിന്റെ അരിശവും അവനുണ്ടായിരുന്നു.
പിറ്റേന്ന് അവൻ ട്യൂഷന് വന്നില്ല.
ശാലിനി അനങ്ങാൻ പോയില്ല. പക്ഷേ തങ്കമ്മച്ചേച്ചി മാലിനിയെ ശ്യാമിന്റെ വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടു. അങ്ങനെ ആരെങ്കിലും വരുവാൻ വേണ്ടി അവനും കാത്തിരിക്കുകയായിരുന്നു. ഏതായാലും പിണക്കം മറന്ന് അവൻ വീണ്ടും ചെന്നു.
ആ ദിവസം കുറച്ച് അടക്കമുണ്ടായിരുന്നു. ഒന്നുരണ്ട് ദിവസം കഴിഞ്ഞപ്പോൾ പഴയതു പോലെ തന്നായി പെരുമാറ്റം. നുള്ളുക, അടിക്കുക, മസിലിൽ മാന്തുക ഇതൊക്കെയാണ് കളികൾ.
ഇതെല്ലാം ശ്യാമിന് സന്തോഷം നൽകുന്ന കാര്യങ്ങൾ തന്നെ; പക്ഷേ പഠിപ്പിക്കുന്നത് പഠിക്കാതിരുന്നാൽ ശ്യാമാണ് തോൽവി ഏൽക്കേണ്ടി വരുന്നത്. ശാലിനി കണക്കിൽ തോൽക്കാൻ പാടില്ല എന്നത് ശ്യാമിന് നിർബന്ധമായിരുന്നു.
ശ്യാം അവന്റെ എസ്.എസ്.എൽ.സി പരീക്ഷയുടെ അന്നുപോലും ആറ്റിലൂടെ മീൻ പിടിച്ച് നടന്ന ആളാണ്. പക്ഷേ ഇത് ചിന്തിക്കാൻ പോലും അവന് ത്രാണിയില്ല.
തൊട്ടടുത്ത് ഇരുന്നുള്ള ഈ ട്യൂഷൻ അവനെ ആ മാസ്മരീക വലയത്തിലേയ്ക്ക് വീഴിച്ചു കഴിഞ്ഞിരുന്നു; പക്ഷേ അതിന്റെ ലക്ഷണങ്ങളൊന്നുമല്ല ശാലിനി കാണിക്കുന്നത്. വഴക്ക്, അടി, ശല്യം, അധികപ്രസംഗം.. ശ്യാം എല്ലാ അർത്ഥത്തിലും മാനസികമായി ഉലഞ്ഞു.
അങ്ങനെ പോകവെ ഒരു ദിവസം ഇംഗ്ലീഷ് പാഠഭാഗം വായിച്ച് കേൾപ്പിക്കുകയും, ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ശാലിനി അവളുടെ ലോലമായ കാലുകൾ കൊണ്ട് ശ്യാമിന്റെ കാലിലെ രോമങ്ങളിലൂടെ പതിയെ വിരലുകൾ ഓടിച്ചു.