ശ്യാം അവളെ ആശ്ചര്യപൂർവ്വം നോക്കി.
ശാലിനിയുടെ കുടുംബവുമായി നോക്കുമ്പോൾ ശ്യാം വളരെ ഉയർന്ന രീതിയിലുള്ളവരായിരുന്നു. പോരാത്തതിന് ശ്യാമിന്റെ അച്ഛനും ശാലിനിയുടെ അച്ഛനും ബാല്യകാല സുഹൃത്തുക്കളും. പിന്നെന്താണ് കുഴപ്പം?!! അവന് അത് മനസിലായില്ല.
അതൊക്കെ അവൻ അവളോട് പറഞ്ഞു നോക്കി.
ശാലിനി പറഞ്ഞു തുടങ്ങി. അതിന്റെ രത്നചുരുക്കം ഇങ്ങനെയായിരുന്നു.
“കാര്യമൊക്കെ ശരിയാണ്, പക്ഷേ പുറമെ കാണുന്നതു പോലല്ല. ശ്യാമിന്റെ അച്ഛന്റെ പല കാര്യങ്ങളും എന്റെ അച്ഛന് ഇഷ്ടമില്ല.
അതൊന്നും പുള്ളി പുറത്ത് കാണിക്കുന്നില്ല എന്നേയുള്ളൂ.. വീട്ടിൽ അതിനെപ്പറ്റി ഒക്കെ സംസാരമുണ്ട്. മാത്രവുമല്ല ശ്യാമിന്റെ അച്ഛനും അമ്മയും തമ്മിലുള്ള സ്വര ചേർച്ചയില്ലായ്മയും, സാമ്പത്തികമായ അന്തരവും അച്ഛന് അത്ര രസിച്ചിട്ടില്ല. അച്ഛൻ ഞങ്ങൾക്ക് ചേരുന്ന ഒരു തരത്തിലുള്ളവരുമായേ എന്റെ വിവാഹം നടത്തൂ..”
ശ്യാം അതൊന്നും അത്ര കാര്യമാക്കിയില്ല. അവർ വീണ്ടും കെട്ടിപ്പിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു.
“ഞാൻ പോകട്ടെ , സമയമായി.”
“ഉം” അവൻ സമ്മതിച്ചു.
താമസിച്ചാൽ പ്രശ്‌നമാണെന്ന് അവനും അറിയാം.
അവൾ പിന്നിലെ വാതിലിലൂടെ മുറ്റത്തിറങ്ങി അവിടെനിന്നും പടികൾ കയറി തൊടിയിലെ മാവുകൾക്കിടയിലൂടെ നടന്നു. അവൻ ആ മുറിയുടെ ജന്നലിലൂടെ ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി. സാധാരണ ഗതിയിൽ ആർക്കും അത് കാണാനൊക്കില്ല. അവൾ ആ പറമ്പിൽ നിന്നും ഇടവഴിയിലേയ്ക്ക് ചാടുന്നത് അവൻ കണ്ടു. ഇനി കുറച്ച് ദൂരം അവളെ കാണാൻ ആകില്ല. അവൻ വീടിനു മുൻഭാഗത്തേയ്ക്ക് വന്നു. അവിടുള്ള മുറിയുടെ ജനലിലൂടെ ശ്രദ്ധിച്ചു. അതാ അവൾ പോകുന്നു. വയലുകൾക്കിടയിലൂടെയുള്ള മൺപാതയിലൂടെ ശാലിനി പോകുന്നത് നോക്കി അവൻ നിന്നു.