ആ പ്രായത്തിലും കൊഞ്ചി കൊഞ്ചിയുള്ള സംസാരം, അതിമനോഹരമായ ചിരി, അധികം വിടർന്നതൊന്നും അല്ലെങ്കിലും കറുകറുത്ത മനോഹരമായ കണ്ണുകൾ.. തൂവെള്ള നിറം; കൈകളിലും മറ്റുമുള്ള ഞരമ്പുകൾ പുറത്ത് നീല വരകളായി കാണാം. കൈകളിലും, കാലുകളിലും കുനുകുന ചെറു രോമരാജികൾ. ചുരുക്കി പറഞ്ഞാൽ ഒരു അഭൗമസൗന്ദര്യം.
വാക്കുകളാൽ വിവരിക്കാവുന്നതല്ല അവളുടെ സൗന്ദര്യം എങ്കിലും അതൊന്നും പുറത്ത് പ്രകടിപ്പിക്കാതെ തികച്ചും അയൽക്കാരുടെ അതേ സ്വാതന്ത്ര്യത്തോടേയും എന്നാൽ ഒട്ടും അമിത സ്വാതന്ത്ര്യം ഇല്ലാതേയുമാണ് ശ്യാം ആ വീട്ടിൽ വന്നു പോയിരുന്നത്. ഒരു പ്രണയത്തിന് പറ്റിയ സന്ദർഭമോ സാഹചര്യമോ ഒരിക്കലും അവിടെ ഉണ്ടായിരുന്നുമില്ല. അല്ല ശ്യാം അവിടം വരെ ഒന്നും അപ്പോൾ ചിന്തിച്ചു പോലും ഇല്ലായിരുന്നു.
അവളുടെ സാമീപ്യം, ആ ഗന്ധം, ആ ചിരി..അതുമാത്രം മതിയായിരുന്നു അവന്. ശാലിനിയുടെ അനിയത്തി മാലിനി അന്ന് പ്രീഡിഗ്രിക്ക് പഠിക്കുന്നു. മാലിനിക്ക് മൂത്തവളായ ശാലിനിയേക്കാൾ സൈസ് ഉണ്ട്, ഉയരവും വളർച്ചയും, അങ്ങനെ പല വീടുകളിലും നമ്മൾ കാണാറുള്ളതാണല്ലോ? ഇവിടേയും അങ്ങിനെ തന്നെ. മാലിനി ആദ്യമേ തന്നെ ഇത് മനസിലാക്കിയിരുന്നു. അല്ലെങ്കിൽ ഇത് ഇങ്ങിനേയേ സംഭവിക്കൂ എന്ന് കണക്കു കൂട്ടിയിരുന്നു എന്ന് പിന്നീട് ശ്യാം ചിന്തിച്ചപ്പോൾ തോന്നിയിരുന്നു.