അടുത്ത ശനിയാഴ്ച്ച അവൾ വരും എന്ന ചിന്ത ശ്യാമിന് ഉണ്ടായിരുന്നു. എന്നാൽ വെള്ളിയാഴ്ച്ച അവൻ വൈകീട്ട് ശാലിനിയുടെ വീട്ടിൽ ചെന്നപ്പോൾ അവൾ അവിടില്ലായിരുന്നു. ശ്യാം സങ്കടത്തോടെ തിരിച്ചു പോന്നു. അവൾ എന്തിനാണ് വെള്ളിയാഴ്ച്ച അപ്പന്റെ അനിയന്റെ വീട്ടിൽ പോയത്?!! ശ്യാം ഹതാശനായി..
പിറ്റേന്ന് 11 മണിയായപ്പോൾ ജനാലയിൽ രണ്ട് കണ്ണുകൾ. വിടർന്ന ആ കണ്ണുകൾ ആരുടേതാണെന്ന് മനസിലാക്കാൻ അധികം സമയം വേണ്ടിയിരുന്നില്ല. ശാലിനി!
“നീ അനിയന്റെ വീട്ടിൽ പോയിട്ട്?” “പോയി, കാപ്പി കുടി കഴിഞ്ഞ് പഠിക്കാനുണ്ടെന്ന് പറഞ്ഞ് പോന്നു.”
ശ്യാമിന് കാര്യങ്ങൾ പിടികിട്ടിവരുന്നതേ ഉള്ളൂ..
കഥയിതാണ്, കുട്ടികളുടെ കാലമായപ്പോൾ ചേട്ടാനിയൻമാർ വലിയ വഴക്കൊന്നും ഇല്ലെങ്കിലും ശാലിനിയുടെ അമ്മ തങ്കമ്മയും അനിയന്റെ ഭാര്യയും അനിയനും എല്ലാം ആയി ഇപ്പോഴും മിണ്ടാട്ടമില്ല. കുട്ടികൾ രണ്ട് വീടുകളിലും പോകും. മാത്രവുമല്ല ശാലിനി ഒരു പ്രത്യേക ജൻമമാണ്. അച്ഛന്റെ ഏറ്റവും പുന്നാരമോൾ. സോമൻചേട്ടന് ശാലിനി പറയുന്നതിന് അപ്പുറം ഒന്നുമില്ല. തങ്കമ്മച്ചേച്ചിയും മാലിനിയും വെറും രണ്ടാകിട ആളുകളെപ്പോലാണ്. എന്നാൽ സോമൻ ചേട്ടന് എല്ലാ മക്കളേയും ഒരു പോലെ കാര്യമായിരുന്നു താനും.
പക്ഷേ അപ്രഖ്യാപിതമായ ഒരു അധികാര കൂടുതൽ ശാലിനിക്കുണ്ടായിരുന്നു. ശാലിനി ആരോട് ഇഷ്ടപ്പെടുന്നോ അവരോട് മറ്റുള്ളവരും ഇഷ്ടപ്പെട്ടുകൊള്ളണം. ശാലിനി ആരോട് പിണങ്ങുന്നോ അവരോട് മറ്റുള്ളവരും അങ്ങിനെ തന്നെ ആയിരിക്കണം.
ഈ കാരണത്താൽ എല്ലാം തങ്കമ്മചേച്ചിക്കൊന്നും പ്രത്യേകിച്ച് സ്വരം ആ വീട്ടിൽ ഇല്ലായിരുന്നു. അതിനാൽ ശാലിനി അനിയന്റെ വീട്ടിൽ പോയിട്ട് എപ്പോൾ അവിടുന്ന് തിരിച്ചു പോന്നു എന്നത് അറിയാൻ ഒരു മാർഗ്ഗവും ആർക്കും ഇല്ലായിരുന്നു. തന്നെയുമല്ല അങ്ങനൊരു സംശയത്തിന്റെ വിഷയവും ഇല്ല, ഇനി ആരെങ്കിലും കണ്ടാൽ തന്നെ ശാലിനി ശ്യാമിന്റെ വല്യമ്മയെ കാണാൻ വരുന്നതാണെന്നേ കരുതൂ.