തൊഴിൽ വ്യവസ്ഥ ലംഘനം: ഒമ്പത് റിക്രൂട്ട്മെന്റ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കി

violation-of-labor-conditions-licenses-of-nine-recruitment-agencies-revoked

ജിദ്ദ: സൗദി അറേബ്യയിൽ തൊഴിൽ വ്യവസ്ഥ ലംഘിച്ച ഒമ്പത് റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കി. 17 ഏജൻസികളുടെ പ്രവർത്തനം രണ്ട് മാസത്തേക്ക് മരവിപ്പിച്ചു.

മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം. കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങൾ നിയമം ലംഘിച്ചതായി കണ്ടെത്തിയത്.

റിക്രൂട്ട്‌മെന്റ് മേഖലയെ കർശന നിരീക്ഷണത്തിന് കീഴിലാക്കിയ മന്ത്രാലയ നടപടിയുടെ ഫലമാണിത്.

മന്ത്രാലയ തീരുമാനങ്ങൾ ബന്ധപ്പെട്ടവർ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് നടപടി. തൊഴിൽ വിപണിയിൽ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും റിക്രൂട്ട്‌മെന്റ് മേഖല വികസിപ്പിക്കുന്നതിനും കൂടുതൽ സേവനങ്ങൾ നൽകുന്നതിനും പരാതികൾ പരിഹരിക്കാനും മുസാനദ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്ന പ്രവർത്തനം തുടരുകയാണ്.

റിക്രൂട്ട്‌മെന്റ് മേഖലയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 19911 എന്ന ഏകീകൃത നമ്പറിലോ സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.