സ്നേഹവും കാമവും പൂരകങ്ങൾ
ആ വലിയ ആളുകളല്ലേ.
പണ്ട് കൊച്ചി ദിവാന്‍ വന്നു താമസിച്ചിരുന്ന കൊട്ടാരമാണിത്. രണ്ടുനിലയും ഒട്ടേറെ മുറികളും.
നല്ല ഇളം മഞ്ഞ കലര്‍ന്ന ചായമടിച്ചിരിക്കുണൂ. തൊടിയാകെ എന്താപ്പോത് ?
നിറയെ കണ്ടിട്ടില്ല്യാത്ത തരം ചെടികള്‍. പിന്നെ നല്ല ഒട്ടുമാവുകള്‍. അതിശയം തന്നെ.
ഉമ്മറത്തുകയറി, ഒന്നു മുരടനക്കി. ആരെയും കാണാനില്ല
വാതില്‍ തുറന്ന് ഒരു തള്ള വെളിയില്‍ വന്നു.
ആരാണാവോ?
വാര്യരാ. അമ്പലത്തീന്നാ. ഒന്നു നില്‍ക്കണേ..അവര്‍ അകത്തേക്കു വലിഞ്ഞു.
വരൂ..നേരിയ, കൊച്ചു കുട്ടികളുടേതുപോലുള്ള സ്വരം. തിരശ്ശീല നീക്കി അകത്തുകടന്നു.
വെളുത്ത ചുമരുകള്‍. ഭിത്തികളില്‍ മുഖം മൂടികള്‍.. പല നാട്ടിലുള്ളവയാവും. കഥകളിരൂപങ്ങളും. പിന്നെ ഒന്നു രണ്ടെണ്ണച്ചിത്രങ്ങള്‍.
ഏതോ വാതിലില്‍ക്കൂടി വെളിച്ചം കയറുന്നുണ്ട്.
നീളമുള്ള മുറിയുടെ അറ്റത്ത് ഒരു മേശയ്ക്കരുകില്‍ തെങ്ങുകൊണ്ടുണ്ടാക്കിയതാണെന്നു തോന്നുന്നു,
ഒരു ചെറിയ പ്രതിമയില്‍ നേരിയ ബ്രഷു വെച്ച് ഒരു സ്ത്രീ ഇരുന്നു പോളീഷ് ചെയുന്നു.
കുനിഞ്ഞിരുന്നുകൊണ്ട് തിളങ്ങുന്ന കോലന്‍ മുടി മുഖമാകെ മറച്ചിരുന്നു.
അവര്‍ മുഖം ഉയര്‍ത്തി. ഒട്ടും മാംസളമല്ലാത്ത മുഖത്ത് കവിളെല്ലുകൾ എഴുന്നു നില്‍ക്കുന്നു.
വലിയ കണ്ണുകളും മലര്‍ന്ന കീഴ്ചുണ്ടുമുള്ള സ്ത്രീ.