ഒരാഴ്ച മുന്‍പാണ് രേഷ്മ കടല പൊതിഞ്ഞ ആ കടലാസിനെപ്പറ്റി എന്നോട് പറയുന്നത്. ഒരു സായഹ്നത്തില്‍ ബീച്ചില്‍ വിശ്രമിക്കുമ്പോള്‍ കൊറിച്ചു കൊണ്ടിരുന്ന കടലയുടെ പൊതിയില്‍ കണ്ട ഒരു വിവരണത്തെക്കുറിച്ച്. ചരിത്രമെന്നോ ഭൂമിശാസ്ത്രമെന്നോ അറിയാത്ത ഒരു തുണ്ട് കടലാസിലെ വിചിത്രവിവരണം രേഷ്മയുടെ ജിജ്ഞാസ ഉണർത്തിയതും ആ കടലാസിന്റെ ബാക്കികിട്ടാന്‍ ആ കടല വിറ്റ പയ്യനെ തിരഞ്ഞു പരാജയപ്പെട്ടതും എല്ലാം അവൾ എന്നോട് പറഞ്ഞിരുന്നു. പക്ഷെ അതിന്റെ ഉള്ളടക്കം മാത്രം പറഞ്ഞിരുന്നില്ല. എതപ്പോഴും അവൾ അങ്ങനെയാണ്.ആവശ്യമുള്ള സമയത്ത് മാത്രമേ കാര്യങ്ങള്‍ പറയൂ..
എന്ത് വിചിത്ര വിവരണം ആണ് ആ കടലാസില്‍ എന്ന് എനിക്കും ജിജ്ഞാസ തോന്നി. ഞാന്‍ ആ പഴയ കടലാസ്സിലൂടെ കണ്ണോടിച്ചു..
കൊത്തംകുളങ്ങര ഇല്ലം ഒരു കാലത്ത് വടക്ക്കിഴക്ക് പാണ്ടിയംനാട് വരെയും തെക്ക്പടിഞ്ഞാറ് കുന്തലം നാട് വരെയും പ്രതാപപ്പെട്ടുകിടന്നിരുന്നു. അവിടെ വാണിരുന്ന തമ്പുരാക്കന്മാരുടെ ആജ്ഞാനുവര്‍ത്തിയായിരുന്നത്രേ കിഴക്കുദിച്ചു പടിഞ്ഞാറസ്തമിക്കുന്ന കതിരവന്‍ പോലും.
ഒന്നാം അധ്യായത്തിൽ സംസ്കൃത പഠനം രണ്ടാമത്തേതില്‍ തിരണ്ടുകല്യാണം, വേളി, മൂന്നാമത്തേതില്‍ പ്രസവം എന്നിങ്ങനെ അവിടത്തെ സ്ത്രീ ജനങ്ങളുടെ എല്ലാ വളര്‍ച്ചയും മുറ തെറ്റാതെ ക്രമപ്രകാരം വാമദേവന്‍ തിരുമേനിയുടെ മകള്‍ ഭദ്രയുടെ കാലം വരേയ്ക്കും നടന്നു പോന്നിരുന്നതിന്റെ വിവരണമാണതിൽ.