മായക്കാഴ്ച – ഞങ്ങളുടെ ഓഫീസില്‍ എല്ലാവരും രേഷ്മയ്ക്ക് പിറന്നാള്‍ ആശംസ നേരാന്‍ മത്സരിക്കുകയായിരുന്നു
പ്രോഗ്രാം മാനേജര്‍ മുതല്‍ പ്യൂണ്‍വരെ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു രേഷ്മ
ഞങ്ങളുടെ ചാനലിന്റെ “അവിശ്വസനീയം” എന്ന പ്രോഗ്രാമിന്റെ ചുമതല, അതിന്റെ സ്ക്രിപ്റ്റ് എഴുത്ത് സംവിധാനം എന്നിവയായിരുന്നു അവളുടെ പ്രധാന ജോലികള്‍.
എല്ലാ ആഴ്ചയിലും വ്യത്യസ്തമായ പ്രമേയങ്ങള്‍ കണ്ടെത്താനും അതിനോടനുബന്ധിച്ചുള്ള ഗവേഷണങ്ങള്‍ നടത്താനും അവള്‍ക്കുള്ള ആ കഴിവിനെ ഞാന്‍ രഹസ്യമായി പ്രശംസിച്ചിട്ടുണ്ട്.
അവളുടെ പ്രോഗ്രാമിന്റെ ക്യാമറമാന്‍ എന്ന നിലക്ക് എന്നും എനിക്ക് അവളോടൊത്തു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് സ്വകാര്യമായ ഒരു അഹങ്കാരമായി
കൊണ്ട്നടക്കാറുണ്ടായിരുന്നു ഞാന്‍.
“ഹാപ്പി ബര്‍ത്ത്‌ഡേ രേഷ്മ…”
തിരക്കുകള്‍ ഒഴിഞ്ഞു അവള്‍ കാബിനിലേക്ക് വന്നപ്പോള്‍ ഞാന്‍ ആശംസിച്ചു.
” താങ്ക് യു…” അവൾ മധുര സ്വരത്തില്‍ പ്രതിവചിച്ചുകൊണ്ട് തനിക്ക് ലഭിച്ച പൂച്ചെണ്ടുകള്‍ മേശക്ക് മുകളില്‍ വെച്ചു.
” ഇത് എത്രാമത്തെ പിറന്നാളാടോ ?”
“ഇരുപത്തി നാലാമത്തെ …സ്വീറ്റ് ട്വന്റി ഫോര്‍ …..” രേഷ്മ ചിരിച്ചു.
” എന്തൊക്കെയാണ് പ്ലാന്‍ ?
” മൂന്ന് ദിവസമായി ഒരു പ്രൊജക്ടിനു പിന്നാലെയാ… നിന്ന് തിരിയാന്‍ പറ്റുന്നില്ല ….എന്തിനു ഒന്ന് മൂത്രം ഒഴിക്കാന്‍ പോലും സമയം കിട്ടുന്നില്ല.
ഞാന്‍ പറഞ്ഞില്ലേ.. അന്നത്തെ ആ കടല പൊതിയില്‍ വായിച്ച “കൊത്തം കുളങ്ങര” ഇല്ലത്തിന്റെ വിചിത്ര ആചാരത്തെക്കുറിച്ച്…..ഒരു എത്തും പിടിയുമില്ലാത്ത ഏതു പുസ്തകത്തിന്റെ ഏടാണ് എന്ന്പോലും അറിയാത്ത ആ ലേഖനത്തിന് പുറകെയായിരുന്നു ഞാന്‍. കിട്ടിയ ഊഹാപോഹങ്ങള്‍ വെച്ചു ചെറിയൊരു സ്ക്രിപ്റ്റ് ചെയ്തു വെച്ചിട്ടുണ്ട്. സൊ…കൊത്തം കുളങ്ങര ഇല്ലം തേടിയാണ് ഇന്ന് നമ്മുടെ യാത്ര… ബി റെഡി… അതിനു മുന്‍പ് എനിക്ക് കിട്ടിയ കടലപ്പൊതി കടലാസ് താനൊന്ന് വായിച്ചുനോക്ക്….ഞാന്‍ ഒന്ന് മൂത്രം ഒഴിച്ചിട്ടു വരാം…”
രേഷ്മ ഒരു പഴയ കടലാസ് എനിക്ക് നേരെ നീട്ടി.