പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
കാമം – അങ്ങനെ വൈകുന്നേരം ഞാൻ വീട്ടിലെത്തി.
അച്ഛനും അമ്മയും എന്തോ തകർത്ത ആലോചനയിലാണ് എന്നെ കണ്ടതും മിണ്ടാതെ ഇരുന്നു.
“എന്താ അച്ഛാ”
ഞാൻ കാര്യം തിരക്കി.
‘“ഒന്നുമില്ല നീ പോയി ഫ്രഷായി വാ എനിക്ക് ഒരു കാര്യം പറയാനുണ്ട്. ”
ഞാൻ റൂമിൽ പോയി ഫ്രഷായി തിരിച്ച് ഹാളിൽ വന്ന് സെറ്റിയിലിരുന്നു.
“എന്താ അച്ഛാ പറയാനുള്ളത് ? ”
ഞാൻ ആകാംഷയോടെ ചോദിച്ചു.
“നീ നാളെ ഷോറൂമിൽ പോകണ്ട നമുക്ക് ഒരിടം വരെ പോകണം ”
അച്ഛനത്രയും പറഞ്ഞ് മുറിയിലേക്ക് പോയി എനിക്ക് ഒന്നും മനസ്സിലായില്ല.
ഞാൻ മൊത്തത്തിൽ കൺഫ്യൂഷനായി നേരെ റൂമിലേക്ക് പോയി ഫോണെടുത്ത് അനുപമയെ വിളിച്ചു.
“ഞാൻ തിരക്കിലാ ചേട്ടാ നാളെ സംസാരിക്കാം ”
എന്ന മറുപടിയാണ് അവളിൽ നിന്ന് കേട്ടത്. ഓരോന്ന് ആലോചിച്ച് ഞാൻ അറിയാതെ ഉറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ വീട്ടിലെ ബഹളവും സംസാരവും കേട്ടാണ് ഞാൻ ഉണർന്നത്.
ഞാൻ ഡോറ് തുറന്ന് പുറത്തിറങ്ങി.
എന്റെ ഏറ്റുവും അടുത്ത കുറച്ചു ബന്ധുക്കളൊക്കെ വന്നിട്ടുണ്ട്,
നോക്കിയപ്പോൾ ജിത്തുവും അബുവും താഴെ ഉണ്ട് . തകർത്ത ചർച്ചയിലാണ്. ഞാൻ അവന്മാരെ റൂമിലേക്ക് വിളിപ്പിച്ചു കാര്യം തിരക്കി. പക്ഷെ അവന്മാർ ഒന്നും പറഞ്ഞില്ല.
“ആകെ പന്തികേടാണല്ലോ ”
ഞാൻ മനസ്സിൽ പറഞ്ഞു.
എന്റെ ആന്റിമാരൊക്കെ എന്നെ നോക്കി ഒരു ആക്കിയ ചിരിചിരിക്കുന്നുണ്ട്.
“എടാ പെട്ടെന്ന് കുളിച്ച് ഈ ഡ്രസ്സെടുത്ത് ഇട് ”
എന്നും പറഞ്ഞ് അച്ഛൻ എനിക്ക് ഒരു കവർ കയ്യിൽ തന്നു.
അത് കേട്ടപ്പോൾ തന്നെ ജിത്തു എന്നെ തള്ളി ബാത്ത്റൂമിലാക്കി.
ഞാൻ ഫ്രഷായി പുറത്ത് വന്ന് അച്ഛൻ തന്ന കവറ് നോക്കി.
വെള്ള ഷർട്ടും മുണ്ടും.
“ദൈവമേ ഇന്നെന്റെ കല്യാണം വല്ലതുമാണോ?”
ഞാൻ മനസ്സിൽ വിചാരിച്ച് ഡ്രസ് ഇട്ടു.
അപ്പൊ തന്നെ അമ്മ എനിക്കുള്ള കാപ്പിയും കൊണ്ട് മുറിയിൽ വന്നു.
“നീ വേഗം കഴിക്ക് പോകാനുള്ള സമയമാവാറായി”.
അമ്മ അത് പറഞ്ഞപ്പോൾ എനിക്ക് സത്യത്തിൽ ദേഷ്യം വന്നു.
“അമ്മേ എന്താ കാര്യം? എന്താ എന്നെ ഇങ്ങനെ വേഷം കെട്ടിക്കുന്നേ? ”
എന്റെ ഉള്ളിലെ സംശയം സങ്കടമായി പുറത്തുവന്നു.
“എല്ലാം നല്ലതിനാണ്, “അമ്മ അതും പറഞ്ഞ് പുറത്തുപോയി.
എനിക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല ഞാൻ ഫോണെടുത്ത് അനുപമയെ വിളിച്ചു.
“ഹലോ ? അനുപമേ”
“ഹലോ ? നിങ്ങൾ ആരാണ് ” പരിചയമില്ലാത്ത ഒരു പുരുഷ ശബ്ദമാണ് ഞാൻ കേട്ടത്.
“ഞാൻ രാഹുൽ അനുപമ ഇല്ലേ ” ഞാൻ തിരിച്ച് ചോദിച്ചു.
‘“അവൾ ഇവിടെ ഇല്ല “
എന്നും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.
ഞാനൊന്നും മനസ്സിലാകാതെ ഫോണെടുത്ത് ഷർട്ടിന്റെ പോക്കറ്റിലിട്ടു. അപ്പോഴേക്കും അബു അവിടെ വന്ന് എന്നെയും വലിച്ചോണ്ട് പുറത്ത്കൊണ്ട് വന്ന് ജീപ്പിൽ കേറ്റി.
വീട് പൂട്ടി അച്ഛനും അമ്മയും പുറകിൽ കയറി
അബു വണ്ടി എടുത്തു ബാക്കി ഉള്ളവർ ഞങ്ങളുടെ വണ്ടിയുടെ പുറകേ അവരുടെ കാറുകളിൽ വന്നു.
“അച്ഛാ ഒന്ന് പറ എവിടേക്കാ പോകുന്നേ ”
ഞാൻ അച്ഛനോട് ദയനീയമായി ചോദിച്ചു.
അച്ഛനൊന്നും മിണ്ടിയില്ല.
“അച്ഛാ എന്നെ ടെൻഷനടിപ്പിക്കാതെ ഒന്നു പറ . ”
എന്റെ ശബ്ദം ഉച്ചത്തിലായി.
“എടാ നിനക്ക് ആക്സിഡന്റ് പറ്റിയെന്ന് ഈ അബു വിളിച്ചു പറഞ്ഞപ്പോൾ ഞങ്ങൾ ഇതിനെക്കാൾ ടെൻഷനടിച്ചതാ , നീ കുറച്ച് ടെൻഷനടി. “
എന്നും പറഞ്ഞ് അച്ഛൻ നിശബ്ദനായി.
ജീപ്പ് സിറ്റിയിൽ നിന്ന് മാറി ഒരു ഗ്രാമപ്രദേശത്തേക്ക് നീങ്ങി.
പരിചയമില്ലാത്ത സ്ഥലം.
ഒറ്റനോട്ടത്തിൽ അനുപമ താമസിക്കുന്ന സ്ഥലമെന്ന് തോന്നിപ്പിക്കുമെങ്കിലും ഞാൻ അന്നു കണ്ട സ്ഥലമല്ല ഇത്.
ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു.
എന്റെ കണ്ണുകൾ നനഞ്ഞിരുന്നു.
കുറച്ചു ദൂരം പോയ ശേഷം ജീപ്പ് ഒരു വീടിനു മുന്നിൽ നിർത്തി ഞാൻ വീട് കണ്ട് ഞെട്ടി അനുപമയുടെ വീട്
ഞാൻ ചുറ്റും നോക്കി
ഞങ്ങൾ അന്ന് വന്ന വഴി അപ്പുറത്ത് ഞാൻ കണ്ടു. ഇന്ന് വന്നത് മറ്റൊരു വഴിയിലൂടെയാണ്.
അവളുടെ വീട്ടിലും കുറച്ച് ആളുകൾ ഉണ്ട്.
ഞാൻ അച്ഛനെ നോക്കി അച്ഛന്റെ മുഖത്ത് എന്നെ പറ്റിക്കുമ്പോഴുള്ള ആ ഇളിച്ച ചിരിയുണ്ട്.
“എടാ പൊട്ടാ ഇന്ന് നിന്റെ വിവാഹ നിശ്ചയമാണ് ”
അച്ഛനതും പറഞ്ഞ് അമ്മയെ നോക്കി രണ്ടു പേരും എന്നെ പറ്റിച്ചു എന്ന ഭാവത്തിൽ ചിരിക്കുന്നുണ്ട്.
എന്നാലും അനുപമയും ഇതിന് കൂട്ടു നിന്നു എന്ന് മനസ്സിലായപ്പോൾ എനിക്ക് ചെറിയ സങ്കടം തോന്നി.
അവളുടെ അച്ഛനും അമ്മാവനാരും ഞങ്ങളെ കണ്ടപാടെ വന്ന് അകത്തേക്ക് കയറാൻ ക്ഷണിച്ചു.
ഞങ്ങൾ അവളുടെ വീട്ടിനുള്ളിൽ കയറി.
അവളുടെ ബന്ധുക്കൾ എന്നെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്.
ഞങ്ങൾ ഞങ്ങൾക്കായി ഒരുക്കിയിരുന്ന സ്ഥലത്ത് ഇരുന്നു കുറച്ച് കഴിഞ്ഞപ്പോൾ സാരിയുടുത്ത് ഒരുങ്ങി വന്ന അനുപമയെ കണ്ടപ്പോൾ എന്റെ ഉള്ളിലെ സങ്കടം മാറി.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
ജാതകം അങ്ങോട്ടും ഇങ്ങോട്ടും കൈമാറി അതിനു ശേഷം അങ്ങോട്ടും ഇങ്ങോട്ടും മോതിരം മാറി.
ഭക്ഷണം കഴിച്ച് ഞാനും അനുവും മാറിനിന്ന് സംസാരിക്കുമ്പോഴാണ് ഒരാൾ ഞങ്ങളുടെ അടുത്ത് വന്നത്.
മുൻപ് ഞാൻ കണ്ടിട്ടില്ലെങ്കിലും ആൾ ആരാണെന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി അനുപമയുടെ അനിയൻ അനൂപ്.
രണ്ടുപേരുടെയും മുഖം ഏകദേശം ഒരുപോലെയാണ്.
അവൻ വന്ന് എന്നെ കെട്ടിപിടിച്ചു.
“സോറി അളിയാ ഇവൾ പറഞ്ഞതു കൊണ്ടാണ് രാവിലെ ഞാൻ അങ്ങനെ ഫോണിൽ സംസാരിച്ചത് ”
അവൻ അതും പറഞ്ഞ് ഒന്ന് പുഞ്ചിരിച്ചു.
“നീ എന്താ എന്നോട് പറയാതിരുന്നത് ”
ഞാൻ അവളോട് ചോദിച്ചു.
“എല്ലാം ചേട്ടന്റെ അച്ഛന്റെ പ്ലാനിങ്ങാ എനിക്ക് അനുസരിക്കാതിരിക്കാൻ പറ്റീല്ല ”
അവൾ വിഷമത്തോടെയാണ് അത് പറഞ്ഞത്.
എനിക്ക് ചിരിയാണ് വന്നത്.
അങ്ങനെ വിവാഹവും നിശ്ചയിച്ചു
രണ്ട് മാസം സമയമുണ്ട്.
പിന്നീടുള്ള ദിവസങ്ങൾ പെട്ടെന്ന് പോയി പ്രണയിച്ചു തീർത്തു എന്ന് പറയുന്നതാകും ശരി.
അങ്ങനെ ആ ദിവസം വന്നു അഗ്നിസാക്ഷിയാക്കി അവളുടെ കഴുത്തിൽ താലി കെട്ടിയപ്പോൾ എന്റെ ജീവിതത്തിലെ ഏറ്റുവും നല്ല നിമിഷമായി ആ ദിവസം മാറി.
ഫങ്ഷനൊക്കെ കഴിഞ്ഞ് വീട്ടിൽ തിരിച്ച് എത്തിയപ്പോൾ ഞാനും അനുപമയും ഒരുപോലെ ക്ഷീണിച്ചിരുന്നു. സമയവും നന്നേ വൈകിയിരുന്നു. അമ്മ അവളെ മറ്റൊരു റൂമിലേക്ക് കൊണ്ടുപോയി.
ഞാൻ എന്റെ റൂമിൽ വന്ന് ഫ്രഷായി ഡ്രസ് മാറി കട്ടിലിലിരുന്നു.
മൊബൈലിൽ ചില കൺഗ്രാറ്റ്സ് ഒക്കെ വന്ന് കിടപ്പുണ്ട്. ഞാൻ ഫോൺ മാറ്റിവച്ച് ചുവരിൽ ചാരി ഇരുന്നു.
കതക് തുറക്കുന്ന ശബ്ദമാണ് എന്നെ ഉണർത്തിയത്. നോക്കിയപ്പോൾ ഒരു പുതിയ സാരിയിൽ കയ്യിൽ പാൽ ഗ്ലാസ്സുമായി നിൽക്കുന്ന അനുപമയെയാണ് ഞാൻ കണ്ടത്.
അവൾ ഡോറടച്ച് എന്റെ അടുത്ത് വന്ന് പാൽ ഗ്ലാസ്സ് എന്റെ നേരെ നീട്ടി.
ഞാൻ പകുതി കുടിച്ച് ബാക്കി അവൾക്കു നേരെ നീട്ടി.
അവൾ അത് വാങ്ങി ബാക്കി കുടിച്ച് എന്റെ അടുത്തിരുന്നു.
അവളുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ട് പക്ഷെ അത് നാണം കൊണ്ടാണ്.
“നിനക്കും എനിക്കും ഒരുപോലെ ക്ഷീണമുണ്ട് നിനക്ക് നല്ല ഉറക്കം വരുന്നതായി മുഖം കണ്ടാൽ അറിയാം, കിടക്ക് ! ബാക്കിയൊക്കെ നാളെ ”
ഞാനതു പറഞ്ഞപ്പോൾ എന്റെ കവിളിൽ ഒരു നുളള് തന്ന് അവൾ കിടന്നു. ഞാൻ അവളെ കെട്ടിപ്പിടിച്ച് കിടന്നു. ക്ഷീണം കാരണം എപ്പോഴോ ഞങ്ങൾ ഉറങ്ങി.
വർഷങ്ങൾ കടന്നു പോയി..
ഞാൻ അവളെ അഗ്നിസാക്ഷിയാക്കി ഭാര്യയാക്കിയപ്പോൾ കൈകൾ കോർത്ത് പിടിച്ചതുപോലെ കൈകൾ കോർത്ത് പിടിച്ച് ഞാനും അനുപമയും ഒരു സ്റ്റേഡിയത്തിൽ ഇരിക്കുകയാണ്. കൂടെ ഒരു ഇരുപത് വയസ്സുള്ള പെൺകുട്ടിയും ആർഷ, ഞങ്ങളുടെ ഇളയ മകൾ.
അനുപമയുടെ അതേ പകർപ്പാണ് അവൾക്ക് .
സ്റ്റേഡിയത്തിൽ മുഴുവൻ ആരവങ്ങൾ മുഴങ്ങുകയാണ്.
താഴെ ട്രാക്കിലൂടെ നിരവധി ബൈക്കുകൾ കുതിച്ചു പായുന്നു.
അതിൽ ഒരു ബൈക്ക് മുന്നിലേക്ക് കുതിച്ച് പാഞ്ഞപ്പോൾ ഞാൻ അറിയാതെ എണീറ്റു നിന്ന് കയ്യടിച്ചു .
അതെ ഞങ്ങളുടെ മകൻ ആർഷ് !!