പ്രണയം എന്ത്? എങ്ങനെ ?
ജാനി കണ്ണുകൾ ഇറുക്കി തൊഴുകൈയ്യോടെ പ്രാർത്ഥിക്കുമ്പോൾ ഇറ്റ് വീണ രണ്ടുതുള്ളികൾ ഉറപ്പുവരുത്തി.. അവളുടെ പ്രാർത്ഥനയും ഇത് തന്നെയെന്ന്..
അമ്പലനടയിൽ നിന്നും ഇറങ്ങി ആൽത്തറയിൽ ഇരിക്കുമ്പോഴും ജാനി മൗനം തുടർന്നു…
പെണ്ണിൻ്റെ മനസ്സിൽ ഇപ്പൊൾ എന്താണെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്..
അവളുടെ മൂഡ് മാറ്റാൻ ഇനി ഒരു വഴിയേയുള്ളൂ..
അമ്പലത്തിൽ നിന്നും തിരിച്ചു റിസോർട്ടിൽ എത്തിയിട്ട് അവളോട് താഴെ പാർക്കിങ്ങിൽ തന്നെ വെയ്റ്റ് ചെയ്യാൻ പറഞ്ഞു, ഞാൻ റൂമിലേക്ക് പോയി.
മണി 6.15 ആവുന്നതേയുള്ളൂ. അതു കൊണ്ട് താഴെ ആരുമില്ലായിരുന്നു.
റൂമിൽനിന്നും തിരികെ വന്നപ്പോൾ ഫ്രണ്ടിൽ ഭംഗിയായി അലങ്കരിച്ചിരിക്കുന്ന പൂന്തോട്ടം നോക്കി നിൽക്കുവാണ് പെണ്ണ്.
എന്നെ കണ്ടപ്പോൾ പെണ്ണിൻ്റെ കണ്ണുകൾ വിടർന്നു.. ഞാൻ ഒരു ജാക്കറ്റും ഹെൽമറ്റും പെണ്ണിന് കൊടുത്തിട്ട് നേരെ ബൈക്കിലോട്ട് കേറി.
ജാനി പെട്ടെന്ന് ജാക്കറ്റുമിട്ട് ഹെൽമറ്റും വെച്ച് ഒന്നും ചോദിക്കാതെ ബൈക്കിൻ്റെ പുറകിൽ എന്നെ അള്ളിപ്പിടിച്ചിരുന്നു.
ഒരു ചിരിയോടെ ഞാൻ കുതിരയെ പറപ്പിച്ചു.
വെളുപ്പിനെയുള്ള തണുത്ത കാറ്റും പെണ്ണിൻ്റെ സാമിപ്യവും ആസ്വദിച്ചു ഞാൻ ലക്ഷ്യസ്ഥാനത്തേക്ക് പാഞ്ഞു.
റോഡിൽ തിരക്കായിത്തുടങ്ങുന്നതേയുള്ളൂ.
മെയിൻറോഡ് കഴിഞ്ഞു വണ്ടി, ചുറ്റും കാടും, ആള് ഒഴിഞ്ഞ റോഡിലേക്ക് കേറി…സൈഡ് മിററിലുടെ നോക്കിയപ്പോൾ പെണ്ണ് സ്ഥലത്തിൻ്റെ ഭംഗിയും ആസ്വദിച്ചിരിക്കുവാണ്.
ദൂരങ്ങൾ പിന്നെയും പിന്നിട്ടു..
വണ്ടി ഹില്ല് കയറാൻ തുടങ്ങി.