വേണ്ടത് ഊണുമേശയില്‍ വെച്ചാല്‍ അതിഥികള്‍ ആവശ്യത്തിനെടുത്തു കഴിക്കുമെന്നത് സാമാന്യ മര്യാദ. അതിനപ്പുറം ചോദിക്കാതെ പാത്രത്തില്‍ വിളമ്പിക്കൂട്ടി നിര്‍ബന്ധിച്ച് ഊട്ടിക്കുന്ന പൊള്ളത്തരത്തില്‍ വലിയ സ്നേഹമുണ്ടെന്ന വിഢിത്തം ആരാണ് നമ്മുടെ നമ്മുടെ വീട്ടമ്മമാരെ പഠിപ്പിച്ചത്?
വിരുന്നുയാത്രകളുടെ ആലസ്യത്തില്‍ വലഞ്ഞ എന്നെ മൂന്നു രാവുകള്‍ കൂടി വെറുതെ വട്ടംചുറ്റിയുറങ്ങാന്‍ അനുവദിച്ചു പ്രിയന്‍. നേര്‍ത്തൊരുമ്മയുടെ ചൂട് അധിക സമ്മാനം! വട്ടംചുറ്റലിന് വല്ലാത്തൊരു ചൂടു കൂടുതലുണ്ടായിരുന്നു,
പെരുമഴയാല്‍ വിരുന്നു യാത്രകളൊന്നുമില്ലാതെപോയ നാലാം നാളിലെ രാവില്‍. അപ്പോഴേക്കും അതൊക്കെ ചിരിയോടെ, അര്‍ധ സമ്മതത്തോടെ അനുവദിച്ചുകൊടുക്കാന്‍ തക്കവണ്ണം മനസ്സ് അടുത്തുപോയിരുന്നു, ഏറെ. വിവാഹിതയായ അടുത്തൊരു കൂട്ടുകാരി കല്യാണത്തിനും മുന്നേ കാതില്‍ പറഞ്ഞു തന്നിരുന്നു ,’നിന്നോട് എങ്ങനെയാ പറയുക? എന്നാലും പറയട്ടെ, ഒന്നും സമ്മതിക്കാതിരിക്കരുത്, ചിലര്‍ക്ക് അത് ഇഷ്ടമാവില്ല. അവര്‍ക്ക് നമുക്ക് കൊടുക്കാന്‍ കഴിയുന്നത് ഇതൊക്കെ മാത്രമാണ്. നീയൊരു തൊട്ടാവാടിയായതുകൊണ്ടാ പറയുന്നത്’.
പുറത്തു മഴ വാശിയോടെ കരയുമ്പോള്‍ എന്റെ ദുര്‍ബലമായ വാശികള്‍ അഴിഞ്ഞുപോവുകയായിരുന്നു. പതിയെ,
ബലപ്രയോഗങ്ങളില്ലാതെ, നോവിക്കാതെ, തൂവല്‍കൊണ്ട് തലോടുംപോലെ ഒരു സ്വന്തമാക്കല്‍.