കൂട്ടുകിട്ടിയവന്റെ പ്രകൃതമോ പ്രവൃത്തിയോ മനസിലാക്കി തുടങ്ങിയിട്ടുപോലുമുണ്ടാവില്ല സാധാരണ പെണ്‍മനസ്സ്,
പെണ്ണുകാണാന്‍ വന്നപ്പോഴൊരു വാക്ക്, പിന്നെ കല്യാണ നിശ്ചയ നാളില്‍ ഒരു നിമിഷം, ഇടക്കെപ്പോഴോ അല്‍പ വാക്കുകള്‍. അത്രമാത്രം പരിചയമുള്ള ആണൊരുത്തനൊപ്പം കിടക്കയില്‍ എത്തിപ്പെടുന്ന ഓരോ പെണ്‍കുട്ടിയും ഉള്ളിന്റെ ഉള്ളില്‍ പേടിക്കുന്നത്, ഒച്ചവെച്ചുപോലും ചെറുക്കാനാവാത്തൊരു ബലാല്‍ക്കാരത്തെയാണ്.
ഭാഗ്യം, എന്റെ പ്രിയപ്പെട്ടവന്‍ അല്‍പം സഹൃദയനാണ്. അപരിചിതയായ ജീവിത പങ്കാളിക്കുമേല്‍ അവന്‍ ആണത്തത്തിന്റെ ശൂരത്തങ്ങള്‍ പരീക്ഷിക്കുവാന്‍ മെനക്കെട്ടില്ല. ദൈവമേ, നന്ദി!
തൂവല്‍ക്കനമുള്ളൊരു കൈവലയം. അതേറെ അപരിചിതമെങ്കിലും ഭയമൊന്നുമില്ലാതെ മയങ്ങിപ്പോയി. ആറര മണിക്ക് ഉണരാനായത് ഭാഗ്യം!
കോച്ചി വിറങ്ങലിക്കുന്ന തണുപ്പില്‍ വെറും നാട്ടുനടപ്പിന്റെ പേരില്‍ കുളിച്ച് ഈറന്‍ ചുറ്റി അടുക്കളയിലെത്തിയപ്പോഴേക്കും അമ്മായിയമ്മ ചായയിട്ടു കഴിഞ്ഞു.
ഒരാഴ്ച മാത്രം വീട്ടില്‍തങ്ങി മറുനാട്ടിലേക്കു വണ്ടികയറാന്‍ പോകുന്ന മകനോടും അവന്റെ ഭാര്യയോടും അമ്മ മുഖം കറുപ്പിക്കില്ലെന്നത് തുണയായി.
വിരുന്നു സല്‍ക്കാരങ്ങളുടെ ഘോഷയാത്രകള്‍. വീട്ടില്‍ വെച്ചുവിളമ്പിയതെല്ലാം അതിഥികളുടെ ആമാശയത്തിലെത്തിക്കണമെന്ന സാധാരണ മലയാളി ദുര്‍വാശിയുടെ ഇരകളാണ് ഓരോ നവദമ്പതികളും.