വൈകുന്നേരമെത്തിയ മക്കളാണ് മരിച്ചുകിടക്കുന്ന അമ്മയെ കണ്ടത്. ഉള്ളാടക്കുടിയുടെ മൂലക്കൊരു കുഴിവെട്ടി മക്കളെല്ലാംകൂടി അമ്മയെ അതിലേക്കിറക്കിവെച്ച് മണ്ണിടുന്നത് അല്‍പം അകലെ അമ്മയും ഞാനും കണ്ടുനിന്നു. പച്ചമണ്ണില്‍ പുതഞ്ഞ് കിടക്കുമ്പോഴും നാണിത്തള്ളയുടെ മടിയില്‍ ഉണ്ടായിരുന്നിരിക്കണം, ഒരു കല്‍ക്കണ്ടത്തുണ്ടിന്റെ വാല്‍സല്യം.
എന്റെ കൂട്ടുകാരികളില്‍ ആദ്യം കല്യാണം കഴിഞ്ഞത് പാറുക്കുട്ടിയുടേതായിരുന്നു. സ്വാഭാവികമായും എന്റെ കൌമാര കല്യാണ കുതൂഹലങ്ങളുടെ അര്‍ഥം വിവരിക്കാന്‍ നിയുക്തയായ ശബ്ദതാരാവലിയായവള്‍. അറിയാത്ത രഹസ്യങ്ങളെ ഉള്‍ക്കൊള്ളുന്ന വിജ്ഞാനകോശം. കള്ളുനാറുന്ന മാരന്‍ കഠിനാധ്വാനത്തിലൂടെ കടന്നുകയറിയതിന്റെ നൊമ്പരങ്ങള്‍പോലുമവള്‍ എന്നോട് വിസ്തരിച്ചു. നാണമില്ലാതെ ഞാനവ ഭാവനയില്‍ കണ്ടുനിന്നു.
പെണ്‍കുട്ടികളെ നോക്കുന്ന ചെക്കന്‍മാര്‍ ആദ്യം നോക്കുക മാറിടങ്ങളിലാവുമെന്ന് എനിക്കു പറഞ്ഞുതന്നവള്‍തന്നെ, കണവന്‍ കടിച്ചുപൊട്ടിച്ച സ്തനമുകുളങ്ങളുടെ കഥയും പറഞ്ഞുതന്നു.
പഠനത്തിനായി നാടുവിട്ട ഞാന്‍ മടങ്ങിയെത്തുമ്പോള്‍ പാറുക്കുട്ടിയുടെ ഒക്കത്തൊരു ചെക്കനുണ്ടായിരുന്നു. അന്നവള്‍ എനിക്കു മുന്നിലിരുന്ന് മറയില്ലാതെ ബ്ലൌസുയര്‍ത്തി ചെക്കന്റെ നാവിലേക്ക് മുലച്ചുണ്ട് തള്ളി. ഇടക്ക് ‘കടിക്കാതെടാ ചെക്കാ, വയസ്സു മൂന്നായിട്ടും ചെക്കന് കുടി മാറിയില്ല’ എന്നൊരു ശകാരവും. ചിരിച്ചുപോയി ഞാന്‍. പിന്നെ കാലാന്തരത്തില്‍ കൂടുതല്‍ പിള്ളേരുടെ തള്ളയായിട്ടും, അവരെയെല്ലാം മതിയാവോളം മുലയൂട്ടി വളര്‍ത്തിയിട്ടും ഒരുടവും സംഭവിച്ചിരുന്നില്ല പാറുക്കുട്ടിയുടെ മുലകള്‍ക്ക്.
11 Responses