ഞങ്ങളുടെ സൌഹൃദത്തിനു മുന്നില്‍ തറവാട്ടിലെ ജാതിവേര്‍തിരിവുകളൊക്കെ കുറേ അലിഞ്ഞുപോയിരുന്നു. അവളെന്നെ ‘കുട്ടി’യെന്നു വിളിച്ചു. ഞാനവളെ തരംപോലെ ‘എടീ, കുറുമ്പീ’ എന്നൊക്കെ വിളിച്ചു. പുഴയില്‍ പെണ്ണുങ്ങളുടെ കടവില്‍ വെള്ളമുണ്ടുടുത്ത് ഒന്നിച്ച് മുങ്ങിനിവരുന്നതുവരെ വളര്‍ന്നു കൂട്ട്.
നനഞ്ഞ തുണിയുടെ സുതാര്യതക്കിപ്പുറം തെളിയുന്ന അവളുടെ ഉരുണ്ട ഇളം കറുപ്പുള്ള മാറിടങ്ങളില്‍ ഞാന്‍ പാളിനോക്കി. പുഴവെള്ളം കോരി എന്റെ മുഖത്തുചെപ്പി അവള്‍ പുഴപോലെ ചിരിച്ചുനിന്നു.
കാലം പുഴയെക്കാള്‍ വേഗതയില്‍ ഒഴുകിപ്പോയി. തെങ്ങുകേറ്റക്കാരന്‍ ശങ്കരന്റെ കെട്ടിയോളായി അവള്‍ 18 വയസ്സില്‍ വീട്ടമ്മയായിട്ടും ഞങ്ങള്‍ ഇടക്കിടെ തമ്മില്‍ കണ്ടു.
അവളുടെ കല്യാണത്തിന് ഞാന്‍ പോയിരുന്നില്ല, ആഗ്രഹമുണ്ടായിട്ടും. ഉള്ളാടക്കുടിയിലെ കല്യാണത്തിന് നാട്ടില്‍ മറ്റാരും പോകുമായിരുന്നില്ല. പാറുക്കുട്ടിയുടെ അമ്മ തങ്കയെ ആളയച്ചുവരുത്തി എന്റെ അമ്മ പത്തുറുപ്യ കൊടുത്തു, മോളുടെ കല്യാണത്തിന്.
നാണിത്തള്ള അതിനും ഒരുപാടു മുമ്പേ മരിച്ചിരുന്നു. ഒരുനാള്‍ പതിവുപോലെ തറവാടിന്റെ പിന്നാമ്പുറത്തെത്തി കുശലം പറഞ്ഞു നാഴിയരിയും വാങ്ങി മടങ്ങിയതാണ്. വീട്ടിലെത്തി അരി അടുപ്പത്തിട്ട് തീകൂട്ടി കിടന്നത്രെ. ആ കിടപ്പില്‍നിന്ന് നാണിത്തള്ള പിന്നെ ഉണര്‍ന്നില്ല. അരി അടുപ്പില്‍ തിളച്ചുതൂകികൊണ്ടേയിരുന്നു. തിളച്ചുപൊന്തിയ കഞ്ഞിവെള്ളക്കുമിളകളില്‍ പൊങ്ങി കലത്തിന്റെ മൂടി താളത്തില്‍ തുള്ളിചലിച്ചു. നാണിത്തള്ളയുടെ ജീവചലനം എപ്പോഴോ നിലച്ചിരുന്നു.
11 Responses