പള്ളിക്കൂടത്തിലും വീട്ടിലും നിന്ന് ചോദിച്ചറിയാന്‍ കഴിയാത്തതു പലതും മറ്റെവിടെ നിന്നെങ്കിലും അറിയാന്‍ വെല്ലാതെ വെമ്പുന്ന കൌമാരകാലത്തിന്റെ നാളുകളില്‍ പാറുക്കുട്ടി എന്റെ കൂടുതല്‍ അടുത്ത കൂട്ടുകാരിയായി. ഒരുനാള്‍ അവളോടു ഞാന്‍ ചോദിച്ചു.
‘നിന്റെ അമ്മൂമ്മയെന്താ ബ്ലൌസിടാത്തത്?’
‘അതേ…അമ്മൂമ്മേടെ കുട്ടിക്കാലത്ത് പെണ്ണുങ്ങളാരും ബ്ലൌസിട്ടിരുന്നില്ലത്രെ’
ആ പുതിയ അറിവിന്റെ അമ്പരപ്പില്‍ ഞെട്ടിനിന്നുപോയി ഞാന്‍.
അതെന്താ?
അതിനു മറുപടി പറയാന്‍ പാറുക്കുട്ടിക്കും കഴിഞ്ഞില്ല.
‘ആവോ? അറിയില്ല. എന്നോട് അമ്മൂമ്മ തന്നെ പറഞ്ഞതാ’
ശരീരത്തിന്റെ നനുത്തതും മൃദുവായതുമായ സുന്ദര വളര്‍ച്ചകളെ കുളിമുറിയുടെ സ്വകാര്യതയില്‍ കണ്ടും തൊട്ടും അറിഞ്ഞുതുടങ്ങിയ കാലമായിരുന്നു എനിക്കത്.
പെണ്‍കുട്ടികള്‍ ഒറ്റമുണ്ടുകൊണ്ട് മാറുമറച്ചുടുത്തുവേണം കുളിക്കാനെന്ന അമ്മയുടെ ആജ്ഞയെ രഹസ്യമായി നിഷേധിച്ച് കുളിമുറിയിലെ ഇത്തിരി വട്ടമുള്ള കണ്ണാടിയില്‍ ഞാന്‍ എന്നെ നോക്കികണ്ടു.
എന്റെ ശരീരം എനിക്കുതന്നെ അപരിചിതമായി വളര്‍ന്നു തുടങ്ങിയ അക്കാലത്ത് ദേഹത്തിന്റെ രഹസ്യങ്ങളെ പാറുക്കുട്ടി നാണമില്ലാതെ നാട്ടുഭാഷയില്‍ എനിക്കു കാതിലോതി തന്നു.
അവള്‍ എന്റെ ക്ലാസിലെങ്കിലും എന്നെക്കാള്‍ രണ്ടു വയസ്സിനു മൂപ്പുണ്ടായിരുന്നു. ക്ലാസില്‍ പഠിപ്പിക്കുന്നതൊന്നും അവളുടെ തലയില്‍ കയറിയിരുന്നില്ല. പക്ഷേ, അവള്‍ എനിക്ക് പലപ്പോഴും ഗുരുനാഥയായി.
11 Responses