നാണിത്തള്ളയുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ കുട്ടിയായ ഞാന്‍ പാളിനോക്കിയിരുന്നത് അവരുടെ ചുക്കിച്ചുളിഞ്ഞ മുലകളിലായിരുന്നു. ഒരുപാടുണ്ണികള്‍ കുടിച്ചുവറ്റിച്ച ആ മുലകളില്‍, വാര്‍ധക്യത്തിന്റെ അടയാളപ്പാടുകള്‍ തെളിഞ്ഞു കിടന്നു, മുറിപ്പാടുകള്‍ പോലെ. ഈരെഴ തോര്‍ത്തിന്റെ ദുര്‍ബലമായ മറവിനപ്പുറം ആ മാറില്‍ നെറുകയും കുറുകയും വീണുകിടന്ന തൊലിവരകള്‍, എട്ടൊമ്പതു മക്കള്‍ക്ക് ആ തള്ള ഊറ്റി നല്‍കിയ വാല്‍സല്യത്തിന്റെ മാഞ്ഞുപോകാത്ത അടയാളങ്ങളായിരുന്നിരിക്കണം. അന്ന് എനിക്കതൊന്നും അറിയാമായിരുന്നില്ല.
നാണിത്തള്ളയുടെ ചെറുമക്കള്‍, അതായത് ഇളയ മകള്‍ തങ്കയുടെ മക്കള്‍ കണ്ണനും പാറുക്കുട്ടിയും എന്റെ സ്കൂളിലായിരുന്നു. ഒരു കുന്നിന്‍ ചെരിവില്‍ നാണിത്തള്ളയും അവരുടെ മക്കളും ചെറുമക്കളും മരുമക്കളും ഒക്കെയായി പത്തുപതിനഞ്ച് വീട്ടുകാരായിരുന്നു താമസം.
തട്ടുതട്ടായിക്കിടന്ന മരോട്ടിക്കുന്നിന്റെ ഓരോ തട്ടിലും ഓരോ കുടിലുകള്‍. ഒരേ കുടംബക്കാരെങ്കിലും കലഹവും നാടിളക്കുന്ന വഴക്കുവക്കാണങ്ങളും തെറിവിളിയുമൊക്കെ പതിവായ ആ ഭാഗത്തേക്ക് മറ്റാരും പോയിരുന്നില്ല. ഉള്ളാടപിള്ളേരോടെങ്ങാന്‍ കൂടിയാല്‍, വീട്ടിലറിഞ്ഞാല്‍ അടി ഉറപ്പ്. എന്നാലുമെനിക്ക് കറുത്തുരുണ്ട പാറുക്കുട്ടിയെ ഇഷ്ടമായിരുന്നു. അവളോട് ഞാന്‍ തക്കംകിട്ടുമ്പോഴൊക്കെ കിന്നാരം പറഞ്ഞിരുന്നു. എനിക്കറിയാത്ത ഒത്തിരിക്കാര്യങ്ങള്‍ അവള്‍ക്ക് അറിയാമായിരുന്നു.
11 Responses