‘നമ്മുടെ നാണിത്തള്ള എന്താമ്മേ ബ്ലൌസിടാത്തത്?’
ചോദ്യത്തിന് അമ്മ മറുപടി പറഞ്ഞത് കയ്യിലിരുന്ന തവി തിരിച്ചുപിടിച്ച് തുടക്കിട്ടൊന്നു പൊട്ടിച്ചായിരുന്നു.
‘തോന്ന്യാസം ചോദിച്ചു നടക്കാതെ പോയിരുന്നു വല്ലോം വായിച്ചു പടിക്കെടീ പെണ്ണേ, പെണ്ണിന്റെ ഓരോ ചോദ്യം……’
നാലുംകൂട്ടി ചവച്ച്, ഞങ്ങളുടെ തറവാടിന്റെ പിന്‍മുറ്റത്തെ കോണിലിരുന്ന് വാതോരാതെ നാട്ടുവിശേഷം പറയുന്ന നാണിത്തള്ളയെ അമ്മക്ക് വലിയ കാര്യമായിരുന്നു. ഒരു കഷണം പൊകേല, ഒരുപിടി വാട്ടുകപ്പ, നാഴി അരി, ഇത്തിരി തൈര് ….അങ്ങനെ എന്തെങ്കിലുമൊന്ന് വാങ്ങാനാവും തള്ള അമ്മയെത്തേടി പിന്നാമ്പുറത്തു വരിക. പോകുംമുമ്പുള്ള നേരം നാണിത്തള്ള അമ്മക്കു മുന്നില്‍ നാട്ടുവിസ്താരങ്ങളുടെ കെട്ടഴിക്കും. വീടിനു പുറത്ത് പോവാത്ത അമ്മക്ക് ഗ്രാമവാര്‍ത്തകളുടെ ചാനലായിരുന്നു എഴുപതു പിന്നിട്ട നാണി.
എനിക്കും നാണിത്തള്ളയെ ഒത്തിരി ഇഷ്ടമായിരുന്നു. ഒരു മുറി കക്കണ്ടമോ പൊടിക്കുപ്പീലടച്ച ഇത്തിരി ചെറുതേനോ അവര്‍ മടിശീലേല്‍ പലപ്പോഴും എനിക്കായി കരുതി വെച്ചിരുന്നു. അന്യജാതിക്കാരുടെ കൈയ്യീന്ന് വാങ്ങിത്തിന്നുന്നത് തറവാട്ടില്‍ തല്ലുകിട്ടാന്‍ തക്ക കുറ്റമായിട്ടും നാണിത്തള്ളയുടെ മടിത്തുമ്പിലെ വാല്‍സല്യക്കൂട്ടുകള്‍ അമ്മ തടഞ്ഞില്ല.
11 Responses