ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
ഓർമ്മകൾ – എന്തൊക്കെയായാലും രണ്ടാഴ്ചത്തെ അതിഭീകരമായ ഫോളോയിങ്ങിനുശേഷം. അവളെക്കുറിച്ച് തന്നെ ആലോചിച്ചുകൊണ്ട് സമാധാനത്തോടെ ഒരു ചായ കുടിച്ചുകൊണ്ടിരിക്കുന്ന ഗ്യാപ്പിലാണ്, എന്നെ ഞെട്ടിച്ചുകൊണ്ട് കോളേജ് ക്യാന്റീൻ പരിസരത്ത് അതുവരെ കാണാത്ത അവളെ, അങ്ങോട്ട് കയറി വരുന്നത് കണ്ടത്.
തെല്ലുനേരം മിഴിച്ചിരുന്നു എന്നതൊഴിച്ചാൽ ഞാനവളെ ഉറ്റു നോക്കിക്കൊണ്ടിരുന്നു.
എന്റെ നെഞ്ചിലെ താളം തെറ്റാൻ അധികനേരം വേണ്ടിവന്നില്ല. കാരണം എന്റെ ദേവത നടന്നുവന്നത് എന്റെ നേർക്ക് തന്നെയായിരുന്നു..
നെഞ്ച് പട പടാ മിടിച്ചുകൊണ്ടിരിക്കെ ഒരു സീനിയറിന്റെ എല്ലാ അധികാര ഭാവത്തോടുംകൂടി കൂട്ടുകാരൊത്തു ഇരിക്കുന്ന എന്റെ നേർക്ക് ഞാൻ ഇരിക്കുന്ന മേശമേൽ കൈയ്യൂന്നി ക്കൊണ്ട് അവൾ എന്നോട് ആജ്ഞാപിച്ചു
” താൻ ഒന്നു വന്നേ.. എനിക്ക് സംസാരിക്കണം “
പൊതുവേ കോളേജിൽ ഞാൻ അല്പസ്വല്പം ഗുണ്ടായിസം ഒക്കെ ഉണ്ടാക്കുമെങ്കിലും അവളുടെ ആജ്ഞാ സ്വരത്തിൽ എന്തോ ഒരു മായാജാലം ഉള്ളതുപോലെ എനിക്ക് തോന്നി.
അത് എനിക്ക് മാത്രം തോന്നി എന്നു പറയുന്നതായിരിക്കും ശരി. ചുറ്റും ഇരുന്ന അവന്മാരുടെ മുഖത്ത് മാറിമാറി നോക്കിയപ്പോൾ കണ്ടത് എന്നെത്തന്നെ മിഴിച്ചു നോക്കിയിരിക്കുന്ന അവന്മാരെയാണ്..
“കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാതെ വേഗമാകട്ടെ.. എനിക്ക് ക്ലാസ്സുണ്ട്..
ഞാൻ പുറത്ത് ഉണ്ടാകും ”