ഞാനും എന്റെ പെണ്ണും..
ഫോൺ തുടരെ അടിക്കുന്നത് ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു, പിന്നെ വെള്ളം കുടിക്കാൻ പോകുമ്പോ ചാർജ് ചെയ്യാനിരുന്ന One Plus 5 ഫോൺ നോക്കിയപ്പോൾ ആണ് അർപ്പിതയുടെ മിസ്ഡ് കാൾ. ഞാൻ വേഗം തിരിച്ചു വിളിച്ചു.
“അർപ്പിത ….”
അവളെന്തോ തേങ്ങുന്നപോലെ എനിക്ക് തോന്നി.
“എന്താടി കരയുന്നെ ….”
“ഒന്നുല്ല ….”
“ബാല്കണിയിലേക്ക് വാ, കാണട്ടെ …”
“ഉഹും ….വേണ്ട.”
“പിന്നെന്തിനാ നീ ഫോൺ എടുത്തേ ….”
അവൾ കട്ട് ചെയ്തപ്പോ ഞാൻ വീണ്ടും ഊമ്പിയ അവസ്‌ഥയിലേക്ക് എത്തി.
മിണ്ടാതെ ഇരുന്നാൽ മതിയായിരുന്നു, അവളുടെ പ്രേമ കഥയും ചോദിച്ചു അവളെ സങ്കടപെടുത്തുകയും ചെയ്തിട്ട്….
ഞാൻ വേഗം ഫ്ലാറ്റിന്റെ താഴെ ഇറങ്ങി. അവളുടെ ഹോസ്റ്റലിന്റെ വാർഡനോട് കസിൻ ആണ്, അവളെ ഒന്ന് വിളിക്കാമോ ചോദിച്ചു.
കരഞ്ഞു കലങ്ങിയ മുഖവുമായി നിൽക്കുമ്പോ അവളെ കെട്ടിപിടിച്ചു തോരാതെ ഉമ്മകൾ കൊടുക്കാൻ ആണ് തോന്നിയത്. അതിനു കാരണം ഞാൻ ആയതുകൊണ്ടും…..
“എന്തിനാ വിളിച്ചേ ഏട്ടാ ….”
“റെഡി ആയിട്ട് വാ, നമുക്കൊന്നു പുറത്തേക്ക് പോകാം ….”
“ഉഹും കാല് വേദനിക്കുന്നു ….”
അതിന്റെ അർഥമെനിക്ക് അപ്പൊ മനസിലായില്ല.
“ശെരി കഴിച്ചോ എന്റെ കുട്ടി ….”
അവളെ ചിരിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്, മാത്രമല്ല എന്റെ നാട്ടിലൊക്കെ കുഞ്ഞുങ്ങളെ അങ്ങനെ വിളിക്കുന്നതൊരു ശൈലിയുമാണ്.
“ഉം ….”
“കരയല്ലേ …പ്ലീസ് ….”
“ശെരി…കരയുന്നില്ല….”
ഞാൻ തിരികെ എത്തിയപ്പോൾ, അവൾ വീണ്ടും എന്റെ ഫോണിലേക്ക് വിളിച്ചു. അമ്മയെ മിസ് ചെയുന്നുണ്ട്, അതാണ് കരച്ചിൽ വന്നതെന്ന് പറഞ്ഞു….ഒപ്പം പീരിയഡ്‌സ് ആയിരുന്നു എന്നും.
എനിക്ക് സത്യത്തിൽ ചിരിക്കണോ കരയണോ എന്ന അവസ്‌ഥയായിരുന്നു. അവളത് എന്നോട് പറയണം എങ്കിൽ, ഇച്ചിരിയെങ്കിലും ഒരിഷ്ടം എന്നോട് അവൾക്ക് ഉണ്ടായിരിക്കുമെന്നു ഞാൻ ഊഹിച്ചു.
ഞാനവളോട് രാവോളം വാട്സാപ്പ് ചെയ്തുകൊണ്ടിരുന്നു.
ഓരോ മെസ്സേജും അവളും ഞാനും പരസ്പരം ഒളിക്കാൻ ശ്രമിക്കാതെ പറയാൻ ശ്രമിച്ചു. നേരം പുലരുമ്പോ അർപ്പിതയെ എളുപ്പം മനസിലാക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ മനസിലാക്കി.
രാവിലെ ഞാൻ അവൾക്ക് ഹോട് ചോക്ലേയ്റ്റ് ഓർഡർ ചെയ്തു അവളുടെ ഹോസ്റ്റലിലേക്ക് ഡെലിവറി ചെയ്യിച്ചു.
ഞാൻ ഓഫീസിലേക്ക് ഡ്രോപ്പ് ചെയ്യണോ ചോദിച്ചപ്പോൾ അവൾ സ്നേഹപൂർവ്വമത് നിരസിച്ചു. വൈകീട്ട് വിളിക്കാൻ വന്നാൽ മതിയെന്ന് മാത്രം പറഞ്ഞു.
5 മണിയാകാൻ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീടെന്റെ മനസ്സിൽ. ബൈക്കിൽ അവളെയും കൂട്ടി കുറച്ചു ഡ്രസ്സ് എടുക്കാൻ ലുലു പോകണം എന്ന് പറഞ്ഞു. പക്ഷെ അവൾ സീവാമീ കേറിയപ്പോൾ ഞാൻ ചമ്മി ചിരിച്ചുകൊണ്ട് പുറത്തു വെയ്റ്റ് ചെയ്തു.
“അർപ്പിത …ഡിന്നർ നമുക്ക് ബിരിയാണി കഴിക്കാം …ഇവ്ടെന്നു ?”
“ഉം പക്ഷെ, ഏട്ടാ ….ഹോസ്റ്റലിൽ ഒന്ന് പറയണം, അല്ലെങ്കിൽ വഴക്ക് കേൾക്കും..”
“ശെരി പറഞ്ഞോ..” ഞങ്ങൾ പാരഗണിൽ നിന്നും ബിരിയാണിയും കഴിച്ചുകൊണ്ട്, ലുലു മാളിൽ ചുമ്മാ ഒന്ന് കറങ്ങി. അവൾക്ക് ഒറ്റയ്ക്ക് വരാൻ വേണ്ടി വഴികളും എൻട്രൻസുമൊക്കെ ഞാൻ പഠിപ്പിച്ചുകൊടുത്തു, പക്ഷെ എന്നാലും അവൾക്ക് ചെറിയ കണ്ഫയൂഷൻസ് ഒക്കെ ഉണ്ടായിരുന്നു.
അന്ന് രാത്രി കിടക്കുന്നതിനു മുൻപ് ഏതാണ്ട് 12 ആയപ്പോൾ, അവളോട് ഞാൻ ബാൽക്കണിയിൽ വന്നു നിൽക്കാൻ പറഞ്ഞു. എന്റെയും അവളുടെയും ഏതാണ്ട് ഒരേ ഫ്ലോർ (3) ആയതുകൊണ്ട് മുഖത്തോടു മുഖം നോക്കി ഫോണിൽ സംസാരിക്കാനും പറ്റും.
ഞാൻ മുഖത്ത് നോക്കികൊണ്ട് ഹെഡ് സെറ്റ് ചുണ്ടോടു അമർത്തി ചോദിച്ചു….
“ഇപ്പൊ വേദനയുണ്ടോ…..”
“ങ്‌ഹും കുറവുണ്ട്….”
“ഞാനൊരു കാര്യം ചോദിക്കട്ടെ …..”
“വൈകീട്ട് കോഫി ഷോപ്പിൽ ചോദിച്ച ചോദ്യം പോലാണെങ്കിൽ വേണ്ട….”
“അതൊന്നൂല്ല പെണ്ണെ…..
എന്റെ അമ്മയോട് പറയട്ടെ….തന്റെ കാര്യം….”
“ഞാൻ ഇവിടെയുള്ളത്, അപ്പൊ പറഞ്ഞില്ലേ ?”
“ശില്പയോട് പറഞ്ഞു….”
“പിന്നെന്തു കാര്യമാണ് ….”
“ഒന്നുല്ല….ഉറക്കം വരുന്നുണ്ട്, പറഞ്ഞില്ലേ കിടന്നോ….”
ഫ്ലാറ്റിന്റെ ബെൽ തുടരെ തുടരെ അടിക്കുമ്പോ, ഞാൻ സോഫയിൽ ഞെളിഞ്ഞു കൊണ്ട് പതിയെ കണ്ണ് തുറന്നു. ഷർട്ട് ഇട്ടിട്ടുണ്ടായിരുന്നില്ല, വെറും ട്രൗസര് മാത്രം. ഫ്ലാറ്റ് ഡോർ തുറന്നപ്പോൾ രാവിലെ കുളിച്ചൊരുങ്ങികൊണ്ട്
സെറ്റ് സാരിയിൽ ഈറൻ മുടിയും ചൂടി അർപ്പിത നില്കുന്നു.
“അമ്പലത്തിലേക്ക് പോകാം …ഏട്ടാ”
“ഇന്നലെ പറയാമായിരുന്നില്ലേ ?”
“അപ്പോഴേക്കും ഫോൺ കട്ട് ചെയ്തതാരാണ് ???”
“നീ ഇരിക്ക് ….” ഞാൻ വേഗം ബ്രഷിൽ പേസ്റ്റും തേക്കുമ്പോ, അർപ്പിത സോഫയിൽ എന്നെ നോക്കുന്നുണ്ടായിരുന്നു.
“ഇന്നെന്താ സ്‌പെഷ്യൽ…?”
“റെഡിയായിട്ട് വാ …പറയാം.”
ഞാൻ വേഗം കുളിക്കാൻ കയറി. കസവു മുണ്ടും, ഷർട്ടും കഴിഞ്ഞ ഓണം സെലിബ്രേഷന് വാങ്ങിച്ചത് എന്റെ കയ്യിലുണ്ടായിരുന്നു, ഞാനതെടുത്തുടുത്തു.
“പോകാം …”
“മുടി ചീക് ഏട്ടാ …”
“ഒരു മിനിറ്റ് …” കണ്ണാടി നോക്കി മുടിയും ചീകി ഞാൻ,
“സ്റ്റൈൽ ആണോ ….”
“ഉം ….” അവൾ മൂളികൊണ്ട് എന്റെയൊപ്പം ലിഫ്റ്റിലേക്ക് കയറി.
ബൈക്കിൽ ഒരു വശത്തേക്കിരുന്നുകൊണ്ട് സാരിയൊതുക്കി കൊണ്ട് പറഞ്ഞു
“ഏട്ടന് മുണ്ടു നന്നായിട്ടുണ്ട് കേട്ടോ…”
“നീയെന്നെ മുൻപ് കണ്ടിട്ടുള്ളതെല്ലേ …”
“അന്നൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല ….”
“ഉം ….ശെരി.”
എറണാകുളത്തപ്പന്റെ പൂമുഖപ്പടിയിൽ വെച്ച് ഞാൻ മുല്ലപ്പൂ വാങ്ങിക്കാൻ അവളോട് പറഞ്ഞു. അവളതും ചൂടികൊണ്ട് എന്റെ മുന്നിൽ തൊഴാനായി നിന്നു. എന്റെ മനസിലെ ആഗ്രഹം ഞാൻ ദേവനോട് പ്രാർഥിച്ചു.
“ഏട്ടന്റെ നാളെന്താണ്.?”
“പൂരം.”
അവളുടെ പിറന്നാൾ ആണെന്ന് ഞാൻ വിചാരിച്ചത്, പക്ഷെ അല്ലായിരുന്നു. അവൾ പറഞ്ഞത് പീരിയഡ്‌സ് തീർന്ന ദിവസം അവൾ മറക്കാതെ അമ്പലത്തിലേക്ക് പോകാറുണ്ടെന്നാണ്.
തൊഴുതു തിരിച്ചു വരുമ്പോ അവളെയും കൂട്ടി നെയ്‌റോസ്റ്റും കഴിച്ചു ഞാൻ ഫ്ലാറ്റിന്റെ മുൻപിലെത്തി.
“അർപ്പിത ….ഈയാഴ്ച് പോകുന്നുണ്ടോ വീട്ടിലേക്ക് ?”
“ഉം പോകണം ഏട്ടാ, ഏതോ ഒരു കോന്തൻ പെണ്ണ് കാണാൻ വരുന്നുണ്ട് ?”
“ഹിഹി അതെന്തേ അങ്ങനെ പറഞ്ഞെ ..”
“അച്ഛൻ കണ്ടുപിടിക്കുന്നതല്ലേ !! ഏട്ടനോ പോണുണ്ടോ?”
“ഉഹും, ഈയാഴ്ചയില്ല, കഴിഞ്ഞയാഴ്ച ഒരാളെ കാണാൻ പോയതിന്റെ ക്ഷീണം ഇതുവരെ മാറീല…”
“ആഹ് പറഞ്ഞിരുന്നു, ടീച്ചർ അല്ലെ ? ഏട്ടാ ….എന്റെ മനസു പറയുന്നു, ആ കുട്ടി വൈകാതെ വിളിക്കും ….”
“ആഹ് നോക്കാം…”
അന്ന് വൈകീട്ടും പതിവുപോലെ ഞാൻ അർപ്പിതയെ പിക്ക് ചെയുകയും ജ്യുസ് ഷോപ്പിൽ ചെല്ലുകയും ചെയ്തു. അവളുടെ കൂടെ ജോലിചെയുന്ന പെണ്കുട്ടിയും ബോയ്‌ഫ്രെണ്ടിന്റെ ഒപ്പം അതെ ഷോപ്പിൽ ഉണ്ടായിരുന്നു. ആ കുട്ടി ലീവ് ആയിരുന്നു എന്ന് പറഞ്ഞു,
പക്ഷെ അവളുടെ ചെവിയിൽ എന്തോ എന്നെ കുറിച്ച് ചോദിച്ചപ്പോൾ അല്ലെന്നു തലയാട്ടുമ്പോഴും അവളുടെ മുഖത്തൊരു നാണം ഞാൻ ശ്രദ്ധിച്ചു.
രാത്രി പതിവുപോലെ ബാൽക്കണിയിൽ നിന്ന്കൊണ്ട് തണുത്ത കാറ്റും കൊണ്ട് മുഖാമുഖം നോക്കി കുറുകി സംസാരിക്കുമ്പോ അവളെന്നോട് പറഞ്ഞു.
“ഇന്ന് കണ്ടില്ലേ, ജ്യൂസ് ഷോപ്പിൽ എന്റെ ഫ്രണ്ട്….ആ കുട്ടി ചോദിക്കുവാ ….”
“എന്ത് ചോദിച്ചു …”
“അത് …..”
“പറയെന്നെ …”
“ഈ ചേട്ടൻ ഫാമിലി ഫ്രണ്ട് മാത്രമാണോ, അതോ ….”
“അതെന്താ അങ്ങനെ ചോദിയ്ക്കാൻ …”
“അല്ല, എനിക്ക് പെണ്ണ്കാണൽ നടക്കുന്നതൊക്കെ അവൾക്കുമറിയാം, കാണുന്നവരെ എല്ലാം ഞാൻ ഓരോ കാര്യം പറഞ്ഞു NO കോളത്തിൽ എഴുതുകയാണ് ….പിന്നെ ഇപ്പോഴൊന്നും എനിക്ക് കല്യാണത്തിന് ഒരു ഇന്ററസ്റ്റ് ഇല്ല. അപ്പൊ ഏട്ടന്റെ കൂടെ ബൈക്കിൽ കെട്ടിപ്പിടിച്ചു നടക്കുമ്പോ അവള് ചോദിക്കുമല്ലോ…”
“ആഹാ….”
“പക്ഷെ ചേട്ടൻ ആണ് കാണാൻ വരുന്നതെങ്കിൽ ….”
“ങ്കിൽ …”
“ചിലപ്പോ ഞാൻ…..”
“ഉം ….പോരാട്ടെ …”
“ഒരു മിനിറ്റ് …അർപ്പിത….
എനിക്കൊരു കാൾ രണ്ടു മൂന്ന് തവണയായി വരുന്നു….”
ഞാൻ അർപിതയുടെ കാൾ ഹോൾഡ് ലിട്ട് സേവ് ചെയ്യാത്ത നമ്പറിൽ നിന്നുള്ള കാൾ ഞെനെടുത്തു.
“ഹലോ ….”
“ഹലോ ……ആരാണ്”
“കേൾക്കാമോ…”
രണ്ടു തവണ ഞാൻ ഹലോ പറഞ്ഞിട്ടും അവിടെനിന്നും ഒരു റെസ്പോൺസും ഇല്ല, കട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ …
“അഹ് മോഹിത്, ഞാൻ രമിതയാണ് ഓർക്കുന്നുണ്ടോ….?”
“അഹ് …രമിത. ഓർമയുണ്ട്… പറയു ….എന്താ ഈ ലേറ്റ് നൈറ്റ്?”
“നാളെ ഞാൻ എറണാകുളം വരുന്നുണ്ട്, ഒരു ഫ്രണ്ടിനെ കാണാനും അവളുടെ കയ്യിൽ നിന്നു, കുറച്ചു ബുക്ക്സ് മേടിക്കാനും. ഒന്ന് കാണാൻ പറ്റുമോ മോഹിതിനെ….”
“ആഹ് കാണാല്ലോ. അതിനെന്താ..”
“അഹ് ശെരി. എങ്കിൽ ഞാൻ എന്റെ പരിപാടീസ് കഴിഞ്ഞിട്ട് വിളിക്കാം…”
[തുടരും ]