നിന്നെ എനിക്ക് വേണം
“ഒന്നനങ്ങി എഴുന്നേറ്റ രമേഷിന് അരികിൽ കിടന്ന ഫോൺ എടുത്തു സമയം നോക്കി മുകളിൽ കിടന്നിരുന്ന മിസ്ഡ് കാൾ അലർട്ടുകൾ അവൻ കണ്ടില്ലെന്നു വെച്ചു, താഴേക്കിറങ്ങി.
ഹാളിൽ ദേവൻ ഉണ്ടായിരുന്നു, രമ ജോലിക്ക് പോയിരുന്നു.
“ഇന്ന് ബൈക്ക് കിട്ടിയാൽ നാളെ നിന്റെ പനി മാറുവോടാ രമേഷേ…”
ദേവൻ അവനോടു ചോദിക്കുമ്പോൾ ചുണ്ടിലും വാക്കിലും ഒരു പുഞ്ചിരി ഒളിഞ്ഞു കിടന്നിരുന്നു.
കസേരയിൽ ഇരുന്ന രേവതിയുടെ കണ്ണിലും ഒരു ചിരി പരന്നു.
“പോയി ഡ്രസ്സ് മാറി വാ…..ഒരു ബൈക്ക് ഉണ്ട് എന്റെ കൂട്ടുകാരന്റെ മോന്റെയാ അവൻ ഗൾഫിൽ പോയി…
അധികം ഉപയോഗിച്ചിട്ടൊന്നുമില്ല…
നിനക്കിഷ്ടപ്പെട്ടൽ ഇന്ന് കണ്ടു ഇന്ന് തന്നെ കൊണ്ട് പോരാം…”
ദേവന്റെ വാക്കുകൾ കേട്ട രമേഷിന്റെ മുഖം വിടർന്നു. വിശ്വാസം വരാതെ അവൻ ദേവനെയും രേവതിയെയും മാറി മാറി നോക്കി.
“അവന്റെ ചിരി കണ്ടില്ലേ….ഇന്ന് രാവിലെ വരെ മുഖം ഒരു കൊട്ടയായിരുന്നു…”
രേവതി ചിരിയോടെ വന്നു അവന്റെ കയ്യിൽ പതിയെ പിച്ചി.
“പോയി ഡ്രസ്സ് മാറി വാടാ ചെക്കാ…”
കേട്ട പാതി കേൾക്കാത്ത പാതി രമേഷ് മുകളിലേക്ക് ഓടി.
“ഡാ…. രമേഷേ…നീ എടുത്തോ…ബൈക്ക് നിനക്കിഷ്ട്ടായോ….”
വൈകിട്ട് ബാങ്കിൽ നിന്നിറങ്ങിയ രമ കണ്ടത് ബാങ്കിന് മുന്നിൽ റോഡ് സൈഡിൽ ബൈക്കിൽ ചാരി അവളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന രമേഷിനെ ആയിരുന്നു.
അവനരികിലേക്ക് വേഗത്തിൽ വന്നു അവൾ ആ ബൈക്കിനെ തൊട്ടും തലോടിയും നോക്കി.