നിന്നെ എനിക്ക് വേണം
ദിവസങ്ങൾ അവരെ കൂടുതൽ അടുപ്പിച്ചു.
ജീനയുമായുള്ള കൂട്ട് ഒരു പരിധിവരെ അവനിലെ അന്തർമുഖനെ മായ്ച്ചു തുടങ്ങിയിരുന്നു.
“എന്താടാ…കുറച്ചു നേരം ആയല്ലോ നീ ഇങ്ങനെ എന്നെ നോക്കുന്നേ…”
വൈകീട്ട് കോളേജിൽ നിന്നെത്തിയ രമേഷും ബാങ്കിൽ നിന്നെത്തിയ രമയും താഴെ സോഫയിൽ ഇരിക്കുകയായിരുന്നു, രേവതി അയൽവീട്ടിലും ദേവൻ പുറത്തും പോയിരുന്നു.
ഇടയ്ക്കിടെ തന്നെ പാളി നോക്കുന്ന രമേഷിനെ രമ കുറച്ചു നേരമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അവൾ നോക്കുമ്പോഴെല്ലാം കണ്ണ് മാറ്റുന്ന രമേഷിനെ ഒരിക്കൽ കൂടെ അങ്ങനെ കണ്ടതും വായിച്ചുകൊണ്ടിരുന്ന ബുക്ക് മാറ്റിവെച്ചു രമ രമേഷിന് നേരെ തിരിഞ്ഞു. ഒന്ന് പരുങ്ങിയ രമേഷിനെ കണ്ടതും രമ ഒന്നൂടെ അടുത്തിരുന്നു.
“കാര്യം പറ ചെക്കാ…”
“അത്…അത്…ചേച്ചി അച്ഛനോടും അമ്മയോടും പറയരുത്.”
“അതെന്താടാ അവരറിയാൻ പാടില്ലാത്ത കാര്യം, കോളേജിൽ വല്ലോം ഒപ്പിച്ചോടാ…”
രമ ഒന്ന് കനപ്പിച്ചു നോക്കി.
“ഏയ്….ഒന്നും ഒപ്പിച്ചില്ല…
ഞാൻ ഇന്ന് ഒന്ന് ക്ലാസ് കട്ട് ചെയ്തു.”
“ഡാ രമേഷേ….”
വിശ്വസിക്കാനാവാതെ രമയുടെ വാ പിളർന്നു പോയിരുന്നു.
“ചേച്ചീ….പ്ലീസ്…അവൾ പറഞ്ഞതാ ആരോടും പറയണ്ടാന്ന്, പക്ഷെ എന്റെ എല്ലാ കാര്യോം ചേച്ചിയോട് ഞാൻ പറയാറില്ലേ…ഇത് പറയാതെ വെച്ചപ്പോൾ എന്തോ പോലെ…അതാ…പ്ലീസ് ചേച്ചി അച്ഛനോടും അമ്മയോടും പറയല്ലേ…”