നിന്നെ എനിക്ക് വേണം
അവളുടെ കുഞ്ഞിലെയുള്ള ചിണുങ്ങലും കുറുമ്പുമെല്ലാം ഒളിപ്പിച്ച ആ മുഖഭാവം കണ്ടതും സന്തോഷം തുളുമ്പിയ മനസ്സോടെ വാതിൽ തുറന്നെകത്തേക്ക് കയറി, രമയുടെ സ്ത്രീ സുഗന്ധം പൊഴിയും മുഖം കയ്യിലെടുത്തുകൊണ്ട് രേവതി നെറ്റിയിൽ മുത്തി.
“ഈ അമ്മയ്യ്ക്കിതെന്താ പറ്റിയേ….?”
നെറ്റിയിൽ പതിഞ്ഞ നനുത്ത സ്നേഹം ഉള്ളിൽ പടർത്തിയ കുളിരിൽ മനോഹരമായി ചിരിച്ചുകൊണ്ട് രമ രേവതിയോട് ചോദിച്ചു.
“ഒന്നൂല്ല…മരിക്കും മുന്നേ നിന്റെ ഈ ചിരീം കുറുമ്പുമൊക്കെ എനിക്കും അച്ഛനും കാണാൻ പറ്റുവോന്നു കൊതിച്ചിരുന്നതാ ഞാൻ….”
രേവതിയുടെ കണ്ണിൽ നനവ് പടരുന്നത് കണ്ട രമ രേവതിയെയും കൂട്ടി കട്ടിലിലേക്ക് ഇരുത്തി.
“അയ്യേ…എന്താ അമ്മക്കുട്ടി കാണിക്കണേ…”
രേവതിയുടെ കണ്ണീര് തുടച്ചുകൊണ്ട് കഴുത്തിലൂടെ കയ്യിട്ടു തോളിൽ തല ചായ്ച്ചു രമ രേവതിയുടെ ചൂടിൽ മുട്ടിയുരുമ്മി ഇരുന്നു.
“മോളെ നിനക്ക് ഇപ്പോഴുള്ള മാറ്റം…അതെന്താണെന്ന് എനിക്കറിയില്ല… പക്ഷെ ഇതിനു വേണ്ടിയാ ഞങ്ങൾ ഇത്ര നാൾ കൊതിച്ചതും കാത്തിരുന്നതും. ആരേലും മോളുടെ മനസ്സിൽ ഉണ്ടോ…”
ന്യായമായും ഒരമ്മയുടെ സംശയം എന്ന രീതിയിൽ രേവതി ചോദിച്ചു.
എന്നാൽ അത് കേട്ട യുടനെ രമയുടെ മുഖം കറുക്കുന്നത് കണ്ട രേവതി ഒരു നിമിഷം താൻ ചോദിച്ചത് തെറ്റായിപോയോ എന്ന തോന്നലിൽ അവളെ ഒന്നൂടെ ചേർത്തുപിടിച്ചു.