നിന്നെ എനിക്ക് വേണം
ജീന തന്നെ കാണാൻ വന്ന സന്തോഷത്തിൽ, രമേഷിന്റെ മുഖം പ്രകാശിച്ചപ്പോൾ, രമയുടെ ഉള്ളു അത് കണ്ടു പിടയ്ക്കുകയായിരുന്നു. അവൻ അവളെ പ്രണയിച്ചു തുടങ്ങുമ്പോ അതിൽ അവൾക്കും സന്തോഷമായിരുന്നെങ്കിൽ നേരെ വിപരീതമാണിപ്പോൾ സംഭവിച്ചിരിക്കുന്നതെന്നോർത്തുകൊണ്ട് രമയുടെ മുഖം ആശങ്കയിലാണ്ടു.
ദേവൻ വീട്ടിലെത്തിയ ശേഷം സോഫയിൽ കാല് കയറ്റിയിരിക്കുന്ന രമയുടെ അടുത്തിരുന്നുകൊണ്ട് അവളെ രണ്ടു വട്ടം വിളിച്ചു.
“രമേ …”
“കുറെ നേരമായി അതെ ഇരിപ്പു തന്നെ എന്താന്ന് ചോദിച്ചിട്ട് ഒരനക്കവുമില്ല.”
ദേവന്റെ ശബ്ദം കേട്ട രേവതി അടുക്കളയിൽനിന്നും ഹാളിലേക്ക് വരുമ്പോ കയ്യിലെ വെള്ളം സാരിത്തുമ്പുകൊണ്ട് തുടച്ചു..
അവൾ ദേവനെ നോക്കി ചിരിച്ചുകൊണ്ട് കസേരയിലേക്കമർന്നു.
“മോള് കഴിച്ചോ ?”
“ഉം ….” ഒന്നുമൂളുക മാത്രം ചെയ്തിട്ടവൾ മുറിയിലേക്ക് നടന്നു.
“അവനുറങ്ങിയോ രേവതി?”
“ഉം കുറച്ചു മുൻപ്….ഇന്നവന്റെ ക്‌ളാസിലെ ഒരു കുട്ടി വന്നിരുന്നു.”
“ആഹ് ….”
രമ അവളുടെ മുറിയിലേക്ക് കയറും മുൻപ് രമേഷിന്റെ ചാരിയ വാതിൽക്കൽ ചെന്ന് നിന്ന് അവനെയൊരു നോട്ടം നോക്കുമ്പോ കരിമഷികൾ നനയുന്ന പോലെയവൾക്ക് തോന്നി.
അവൾ മുറിയിൽ ചെന്ന് വാതിലടച്ചുകൊണ്ട് ബാൽക്കണിയിലെ കസേരയിൽ ഇരുന്നുകൊണ്ട് ആകാശത്തേക്ക് കണ്ണിമയ്ക്കാതെ നോക്കി.