നിന്നെ എനിക്ക് വേണം
അമ്മയുടെയും ഒരു രൂപഭാവവും തനിക്കില്ല എന്ന് വീണ്ടും അവൻ ആ കണ്ണാടിയിൽ നിന്ന് മനസ്സിലാക്കി.
വെളുത്ത നിറം മാത്രം അമ്മയുടെതിൽ നിന്നെന്നു പറയാമെന്നുണ്ടെങ്കിലും അമ്മയിലും വെളുത്തതാണ് താൻ എന്നുള്ള സത്യം അവനെ അസ്വസ്ഥനാക്കി.
“ രമേഷേ….താഴെക്ക് വാ…ഊണെടുത്തു വച്ചിട്ടുണ്ട്…”
താഴെ രേവതിയുടെ നീട്ടിയുള്ള വിളി കേട്ട അവൻ അവന്റെ ഉള്ളുലയ്ക്കുന്ന സന്ദേഹങ്ങളെ അടക്കി,
ഉടുപ്പ് മാറ്റി ഒരു ഷോർട്സും ടി ഷർട്ടും എടുത്തിട്ടു താഴേക്കിറങ്ങി.
ഡൈനിങ്ങ് ടേബിളിൽ ഊണ് കഴിച്ചുകൊണ്ട് അച്ഛൻ ഇരുന്നിരുന്നു,
അച്ഛനടുത്ത് കസേര വലിച്ചിട്ട് രമേഷ് ഇരുന്നതും രേവതി അവനു ചോറ് വിളമ്പി.
“ഏട്ടാ….നാട്ടിൽ നിന്ന് സുകന്യ വിളിച്ചിരുന്നു…ഒന്നത്രടം ചെല്ലാൻ….”
“എന്താ ..അമ്മയ്ക്ക് എന്തേലും വയ്യായിക…?”
“ഏയ്…അങ്ങനെയൊന്നും പറഞ്ഞില്ല…
അമ്മയ്ക്ക് പിള്ളേരെയൊക്കെ ഒന്ന് കാണണമെന്ന് പറഞ്ഞു…
രമേഷിന് കോളേജ് തുറക്കും മുന്നേ നമുക്ക് എല്ലാവർക്കും കൂടെ ഒന്ന് നാട്ടിൽ പോയി വന്നാലോ…”
“ആലോചിക്കാം.. രമക്ക് ലീവ് കിട്ടുമോ എന്ന് കൂടെ നോക്കണ്ടേ…”
അച്ഛൻ പറഞ്ഞത് കേട്ട് രേവതി മൂളി, ഇതിലൊന്നും സംസാരിക്കാതെ രമേഷ് ഭക്ഷണം കഴിച്ചെഴുന്നേറ്റു.
റൂമിലെത്തി ഹെഡ്സെറ്റ് എടുത്തു ഫോണിൽ പാട്ട് വെച്ചു, ജനലിലേക്ക് കാലു നീട്ടി വച്ച് കസേരയിൽ ചാരി മുഖത്തേക്കൊഴുകുന്ന ചെറു കാറ്റേറ്റ് അവനിരുന്നു.