നിന്നെ എനിക്ക് വേണം
“കുറച്ചു വെള്ളം കുടിക്കാൻ എടുക്ക് രേവതി…”
രാമൻ കുഷ്യനിട്ട കറുത്ത കസേരയിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞത് കേട്ട് രേവതി ഉടനെ അടുക്കളയിലേക്ക് പോയി.
“ രമേഷേ…”
പതിഞ്ഞ സ്വരത്തിലുള്ള അച്ഛന്റെ വിളിയിൽ അവൻ തിരിഞ്ഞു.
“നീ നല്ലോണം പഠിക്കണം, ഒരു നിലയിൽ എത്തണം….ഇനി എത്രകാലം ഞാനോ അമ്മയോ ഉണ്ടാവും എന്നൊന്നും പറയാനൊക്കില്ല…”
“അച്ഛാ….”
ഇടയ്ക്ക് ഉയർന്ന രമേഷിന്റെ ഒച്ചയെ തടഞ്ഞുകൊണ്ട് രാമന്റെ കൈ പൊങ്ങി.
“കുട്ടിക്കളിയൊക്കെ ഇനി മതിയാക്കണം, നിന്റെ ചേച്ചി…അവളെ നോക്കണം..
കൂടെ ഉണ്ടാവണം…”
പറയുമ്പോൾ രാമന്റെ കൺകോണിലെവിടെയോ ചെറു നനവ് പടർന്നു.
അത് മറയ്ക്കാനെന്നോണം അത്രയും പറഞ്ഞ രാമൻ അരികിൽ കിടന്ന പത്രമെടുത്തു നിവർത്തി അതിലേക്ക് മുഖം പൂഴ്ത്തി.
രാമന്റെ വാക്കുകൾ അവന്റെ ഉള്ളിൽ പതിഞ്ഞിരുന്നു. തലയാട്ടി, മരപ്പടികൊണ്ടുള്ള പടികളിൽ ചവിട്ടി അവൻ തന്റെ മുകളിലെ മുറിയിലേക്ക് നടന്നു. ഇരുനിലകളിലുള്ള ആ വീട്ടിൽ താഴെ മുറിയും അടുക്കളയും ഹാളും ഡൈനിങ്ങ് ഹാളും, മുകളിൽ രമേഷിന്റെയും ചേച്ചി രമയുടെയും മുറികളായിരുന്നു.
മുറിയിലേക്കെത്തിയ രമേഷ് തോൾ ബാഗ് കട്ടിലിലേക്കിട്ടു.
ഷർട്ട് ഊരി ഹാങ്കറിൽ തൂക്കി മുറിയിലെ കണ്ണാടിക്കു മുന്നിലവൻ നിന്നു,
മാംസം ഒട്ടും ചാടാത്ത പേശികൾ തെളിഞ്ഞു കാണുന്ന വെളുത്ത ദേഹവും ഓവൽ ഷേപ്പ്ലുള്ള മുഖവും അവൻ നോക്കി.