നിന്നെ എനിക്ക് വേണം
പുറത്തേക്കിറങ്ങിയിട്ടും രമേഷിന്റെ തല താണ് തന്നെ ഇരുന്നു,
എന്നോ തന്റെ പിറകെ കൂടിയ ശാപം ഇനിയൊരിക്കലും തന്നെ വിട്ടുപോവില്ലേ എന്നുള്ള പേടി അവനെ പിന്തുടർന്നു.
ഓഫീസിൽനിന്നും ഇറങ്ങുമ്പോഴും വാകമരങ്ങൾ നിഴൽ പടർത്തി തണുപ്പിറങ്ങിയ ഒറ്റവരി പാതയിലൂടെ കോളേജിന്റെ കവാടത്തിലേക്ക് നടക്കുമ്പോഴും അവന്റെ ഉള്ളിൽ തിരയൊഴിയാത്ത അലകടൽ ആഞ്ഞടിക്കുകയായിരുന്നു.
യാന്ത്രികമായി അച്ഛന്റെ പിറകിൽ നടക്കുമ്പോൾ അവന്റെ മനസ്സ് ഓർമകളെ തേടിഅലഞ്ഞു.
സ്കൂൾ കാലം തൊട്ടു അവന്റെ ഉള്ളിനെ തൊട്ടു നീറ്റിയ കളിയാക്കലുകൾ സ്കൂളിലും നാട്ടിലും ചുഴിഞ്ഞു നോക്കിയിരുന്ന കണ്ണുകൾ പിന്നീട് മറ മാറ്റി ഒളിവില്ലാതെ തെളിച്ചു പറയാൻ തുടങ്ങിയതോടെ പല ദിവസങ്ങളും കട്ടിലിലെ തലോണിയെ നനച്ചാണ് പുലർന്നതും അസ്തമിച്ചതും. പലയിടത് നിന്നും ഉയർന്നു കേട്ട കളിയാക്കലുകൾ കേട്ട് വളർന്ന അവൻ പലപ്പോഴും ആലോചിച്ചിരുന്നു താൻ ദത്തെടുക്കപ്പെട്ടതാണോന്ന്, പക്ഷെ ഒരിക്കലും അമ്മയോ ചേച്ചിയോ അച്ഛനോ തന്നെ ഒന്നിനും മാറ്റി നിർത്തിയിട്ടില്ല, എന്നും ചേർത്ത് പിടിച്ചിട്ടെ ഉള്ളൂ.. എന്ന ചിന്ത ഉള്ളിനെ പുല്കുമ്പോൾ ദത്തെടുത്തെന്ന ചിന്തയ്ക്ക് നിമിഷാദ്രത്തിന്റെ ആയുസ്സ് പോലും ഉണ്ടായിട്ടില്ല…
പക്ഷെ, അപ്പോഴും അച്ഛന്റെയും അമ്മയുടെയും രൂപത്തിൽനിന്നും ഒരു സാമ്യതപോലും തന്നിൽ കണ്ടു പിടിക്കാൻ കഴിയാതെ അവൻ ഉഴറുമായിരുന്നു.