നിന്നെ എനിക്ക് വേണം
എനിക്ക് വേണം – റൂമിനു പുറത്തേക്ക് തല നീട്ടിയ പ്യൂണിന്റെ വിളികേട്ട രമേഷ് അച്ഛനോടൊപ്പം പ്രിൻസിപ്പലിന്റെ റൂമിലേക്ക് ചെന്നു.
ഫയലിൽ കണ്ണും നട്ടിരിക്കുന്ന പ്രിൻസിപ്പൾ മുഖം ഉയർത്താതെ തന്നെ ഇരിക്കാൻ ആംഗ്യം കാട്ടി..
പ്രിൻസിപ്പൾ എന്ന് കേട്ടപ്പോൾ രമേഷിന്റെ മനസ്സിൽ ഒരു സങ്കൽപ്പമുണ്ടായിരുന്നു.. ആ സങ്കൽപ്പത്തെ ആകെ തകർക്കുന്ന ഒരു രൂപമായിരുന്നു ഓഫീസിൽ പ്രിൻസിപ്പാൾ ചെയറിൽ ഇരുന്നിരുന്നത്. ആദ്യകാഴ്ചയിൽ തന്നെ ചിരി വിടരുന്ന ആ രൂപം കണ്ടിട്ട് ചിരിക്കാതെ വിടിച്ചിരുന്നത് അച്ഛനെ ഓർത്തിട്ടായിരുന്നു.
“ രമേഷ്?…. അല്ലെ… ?”
“അതെ സർ…”
മുന്നിലെ നെയിം പ്ലേറ്റിൽ ഡോ. സത്യനാഥൻ എന്ന പേരിനൊപ്പം വാല് പോലെ നീണ്ടു കിടക്കുന്ന ബിരുദങ്ങളുടെയും ബിരുദാനന്തര ബിരുദങ്ങളുടെയും എണ്ണം എടുത്തുകൊണ്ടിരുന്ന ഞാൻ ഞെട്ടലോടെയാണ് ഉത്തരം നൽകിയത്.
“ആൻഡ് യൂ…?”
സത്യനാഥന്റെ കണ്ണടക്കടിയിലെ ബുൾസ്ഐ കണ്ണുകൾ അച്ഛന്റെ നേരെ നീണ്ടു.
“ രാമൻ ..…. രമേഷിന്റെ അച്ഛനാണ്…”
രാമൻ പറഞ്ഞതും,
കണ്ണട ഒന്നിളക്കി നേരെയാക്കി സത്യനാഥന്റെ കണ്ണുകൾ രമേഷിനേയും രാമനേയും മാറി മാറി നോക്കി.
ആ നോട്ടം കണ്ടതും രമേഷിന്റെ തല കുനിഞ്ഞു.
ഓർമ്മ വെച്ച നാൾമുതൽ അവനു നേരിടേണ്ടി വന്നിട്ടുള്ള വേദനകളിൽ ഒന്നാണ് ഇപ്പോൾ വീണ്ടും ഒരിക്കൽക്കൂടി ആവർത്തിച്ചത്.