മാഞ്ഞു പോയ മഴവില്ല്
പ്രണയ നിർഭരമായ ദിന രാത്രങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. രാഹുലിനെ കുറിച്ചോർക്കാത്തനിമിഷങ്ങൾ ഇല്ലായിരുന്നു അജിത്തിന്. ഉണർന്നിരിക്കുന്ന നേരങ്ങളിൽ ഹൃദയത്തിൽ ഒരു മധുരമായി രാഹുൽ കൂടെയുണ്ടാകും. ഉറങ്ങുമ്പോൾ ഹൃദയമിടിപ്പുപോലെയും. ഉണർന്നാൽ ആദ്യം ഓർമ്മവരുന്നതും രാഹുലിനെയാണ്. മഴവില്ല്
അത്രയ്ക്ക് അജിത്തിന്റെ മനസ്സിൽ രാഹുൽ ഇടം നേടികഴിഞ്ഞിരുന്നു. അജിത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു പെരുമാറാൻ രാഹുലിനെ പോലെ മറ്റാർക്കും കഴിയില്ലെന്ന്തോന്നി. അജിത്തിന്റെ സ്വഭാവം മനസ്സിലാക്കിയ രാഹുലിന് അതിനനുസരിച്ച് പെരുമാറാൻ സാധിച്ചു. ശാരീരികമായ നേരം പോക്കിനെക്കാൾ മാനസികമായ ഒരു പങ്കുവക്കലായിരുന്നു അജിത്തുകാംക്ഷിച്ചിരുന്നത്.
തന്റെ സന്തോഷത്തിൽ ഒപ്പം സന്തോഷിക്കാൻ, സങ്കടങ്ങളിൽ സാന്ത്വനമാകാൻ,തളർച്ചയിൽ കൈതാങ്ങകാൻ അങ്ങനെ എല്ലാം തുറന്നു പറയാനും ഷെയർ ചെയ്യാനും കഴിയുന്നവിശ്വസ്തനായ, തൻറെ സ്വന്തമെന്നു വിശ്വസിക്കാവുന്ന ഒരു കൂട്ട്. രാഹുൽ അത് നൂറു ശതമാനംയാഥാർത്ഥ്യമാക്കി. രാഹുലിനെ സംബന്ധിച്ചിടത്തോളം അവനെ ആത്മാർഥമായി സ്നേഹിക്കുന്ന,അവനു സ്നേഹിക്കാൻ കഴിയുന്ന അവന്റേതു മാത്രമായ ഒരാൾ.
അവനോടൊപ്പം നടക്കുന്ന, അവന്റെസംസാരം കേള്ക്കുന്ന, അവന്റെ കൊച്ചു കൊച്ചു ആവശ്യങ്ങൾ അംഗീകരിച്ചു കൊടുക്കുന്ന, അവനെകെയർ ചെയ്യുന്ന ഒരാൾ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ഉള്ള
നെട്ടോട്ടത്തിനിടെ ശ്രധിക്കപെടാതെ പോകുന്ന, അല്ലെങ്കിൽ അവഗണിക്ക പെടുന്ന സ്വന്തം അസ്തിത്വത്തിനുതലചായ്ക്കാൻ ഉറപ്പുള്ള ഒരു ചുമല്!! പുറത്തു തട്ടിയൊന്നാശ്വസിപ്പിക്കാൻ കരുത്തുറ്റ കൈകൾ!!!അതാണ് അജിത്തിൽ അവൻ കണ്ടത്.
രണ്ടു പേര്ക്കും പരസ്പരം അവർ പ്രതീക്ഷിച്ചതിലും അപ്പുറം കിട്ടി. രാഹുലിന്റെ പ്രത്യേകത അജിത്തിന്റെ ഏതു മാനസീകാവസ്ഥയും മനസിലാക്കി കൈകാര്യംചെയ്യാനുള്ള കഴിവായിരുന്നു. അജിത്തു എത്ര പിണങ്ങിയാലും രാഹുൽ അത് കാര്യമാക്കാറില്ല.കുറച്ചു നേരം കഴിയുമ്പോൾ രാഹുലിന്റെ ഒരു നോട്ടത്തിൽ അജിത്തിന്റെ ശുണ്ടിയെല്ലാം ഉരുകിഇല്ലാതാകും. അതുതന്നെയാണ് തൻറെ ജീവനേകാൾ രാഹുലിനെ അജിത്തു സ്നേഹിക്കാനുള്ള കാരണവും.
അവരുടെ കൂടി കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ട് ദിവസങ്ങൾ ആഴ്ചകൾ ആയും ആഴ്ചകൾ മാസങ്ങളായും കൊഴിഞ്ഞു വീണു. രാഹുലിന് വെക്കേഷനുള്ള സമയമായി. അജിത്തിനെ പോലെ രാഹുലും വിവാഹിതനാണ്. ഭാര്യയെ ജീവനെ പോലെ രാഹുൽ സ്നേഹിക്കുന്നുണ്ടെന്ന് അജിത്തിനറിയാം. കൂടാതെ അവരുടെ ആദ്യ കുട്ടി പ്രസവത്തോടെ നഷ്ടമായിരുന്നു. അതിന്റെ തീരാ വേദന രാഹുലിനുണ്ട്. എത്രയും വേഗം അടുത്ത കുഞ്ഞു വേണമെന്നാണ് രാഹുലിന്റെ ആഗ്രഹം.
അതു കൊണ്ട് തന്നെ കുറച്ചു വൈകും നാട്ടിൽ നിന്നും മടങ്ങാൻ. തമ്മിൽ പിരിയുന്നത് ഹൃദയം വെട്ടിമുറിക്കുന്ന വേദന ഉണ്ടാക്കുമെങ്കിലും പോകാതിരിക്കാനാവില്ലല്ലോ. അജിത്ത് രാഹുലിന് വേണ്ട ദൈര്യം കൊടുത്തു. എന്നും വിളിച്ചു കൊള്ളാമെന്ന ഉറപ്പിൽ അജിത്ത് രാഹുലിനെ യാത്രയാക്കി. രാഹുൽ ഇല്ലാത്ത അജിത്തിന്റെ ദിനങ്ങൾ വിരസമായിരുന്നു. ജോലി കഴിഞ്ഞെത്തിയാൽ രാഹുലിന്റെ വിളിക്കായി കാത്തിരിക്കും. ആ ശബ്ദം കേട്ടുകഴിഞ്ഞു മാത്രമേ ഡ്രസ്സ് പോലും മാറുകയുള്ളൂ. അധികം വൈകാതെ രാഹുൽ ആ സന്തോഷ വാർത്ത അജിത്തിനോട് പറഞ്ഞു, ഭാര്യ വീണ്ടും ഗർഭിണി ആയെന്നു. അജിത്ത് അവന്റെ സന്തോഷത്തിൽ പങ്കു ചേർന്നു.
മൂന്നു മാസങ്ങൾ കടന്നു പോയി. നാട്ടിൽ നിന്നും തിരിച്ചെത്തിയ രാഹുൽ വളരെ സന്തോഷവാനായിരുന്നു. വീണ്ടും പിതാവാകുന്നതിന്റെ സന്തോഷം. അതവൻ അജിത്തുമായി വളരെയധികം ആഘോഷിച്ചു. ഒടുവിൽ ഭാര്യയുടെ പ്രസവമടുത്തപ്പോൾ രാഹുൽ എമർജന്സി ലീവിന് വീണ്ടും നാട്ടിലേക്ക് പോയി. നാട്ടിൽ പോയി കുറച്ചു ദിവസങ്ങൾ മുടങ്ങാതെ അജിത്തിനെ രാഹുൽ വിളിച്ചിരുന്നു. ഒരു ദിവസം വളരെ ആഹ്ലാദത്തോടെ അവൻ വീണ്ടും ഒരാണ്കുട്ടിയുടെ അച്ഛനായത് അജിത്തിനെ അറിയിച്ചു. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം രാഹുലിന്റെ വിളി വരാതെയായി.
അജിത്ത് വളരെയധികം ടെൻഷൻ അനുഭവിച്ചു. അടുത്തില്ലെങ്കിലും രാഹുലിന്റെ ഫോണ് കാളുകളാണ് അജിത്തിന്റെ ആശ്വാസം. എന്നാൽ രാഹുലിന്റെ വിളി പാടെ നിലച്ചു. അറിയാവുന്ന നമ്പർ എല്ലാം ട്രൈ ചെയ്തെങ്കിലും രാഹുലിനെ കിട്ടിയില്ല. ഹൃദയം പൊട്ടുന്ന റ്റെൻഷനുമായി അജിത്ത് ദിവസങ്ങൾ തള്ളി നീക്കി. രാഹുലിന് എന്താണ് പറ്റിയതെന്നു ഒരു വിവരവുമില്ല. പോയി അന്വേഷിക്കാമെന്ന് വച്ചാൽ ശരിക്ക് എവിടാണെന്ന് അറിയില്ല. മധ്യപ്രദേശ് ആണ് നാടെന്നു മാത്രമറിയാം. എന്തായാലും വെയിറ്റ് ചെയ്യുകയല്ലാതെ മറ്റു മാർഗമൊന്നും ഇല്ല.
എന്നും രാഹുലിന്റെ ജോലി സ്ഥലത്തേക്ക് വിളിച്ചു അന്വേഷിക്കും, എന്തെങ്കിലും വിവരം കിട്ടുമോയെന്ന്. നിരാശയാകും ഭലം. ഒടുവിൽ അജിത്തിന് വെകേഷൻ പോകാൻ സമയമായി. മനസ്സില് ഭാരമുള്ള ഒരു ചോദ്യമായി രാഹുൽ അവശേഷിച്ചു. നാട്ടിലെത്തി ഭാര്യയോടും കുട്ടിയോടുമൊത്തുള്ള ജീവിതം അജിത്തിന്റെ മനസ്സിന് ആശ്വാസമേകി. അവധി കഴിഞ്ഞു തിരികെയെത്തിയ ഉടനെ രാഹുലിന്റെ ജോലിസ്ഥലത്ത് പോയി അന്വേഷിച്ചു. പക്ഷെ ഒരു വിവരവും കിട്ടിയില്ല. ദിവസങ്ങൾ കടന്നു പോയി.
അജിത്ത് മനസ്സിനെ രാഹിലിന്റെ ചിന്തകളിൽ നിന്നും വിമുക്തമാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒരു വകുന്നേരം ജോലി കഴിഞ്ഞു മടങ്ങിയെത്തിയ അജിത്തിന്റെ മൊബൈൽ ശബ്ദിച്ചു. നോക്കുമ്പോൾ ഒരു നിമിഷം ഹൃദയമിടിപ്പ് നിലച്ചു പോയി. രാഹുൽ. ആർത്തിയോടെ അജിത്ത് ഫോണെടുത്തു. മറുതലക്കൽ നിന്നും വളരെ പതിഞ്ഞ ചിതറിയ ശബ്ദത്തിൽ രാഹുൽ ഹെലോ പറഞ്ഞു. ഹൃദയത്തിന്റെ വിങ്ങൽ വിതുംബലായി അജിത്തിന്റെ ശബ്ദം മുറിച്ചു കളഞ്ഞു. ഒന്നും മിണ്ടാനാകാത്ത ചില നിമിഷങ്ങൾ കടന്നു പോയി.
ഒടുവിൽ അജിത്തിനെ നേരിട്ട് കാണണമെന്ന് രാഹുൽ പറഞ്ഞു. പിന്നൊട്ടും വൈകിക്കാതെ അജിത്ത് പുറപ്പെട്ടു. രാഹുലിനെ മുന്നില് കണ്ട അജിത്ത് നിമിഷങ്ങളോളം സ്തബ്ദനായി നിന്നു. പാറി കിടക്കുന്ന മുടി. നീണ്ടു വളർന്ന താടി രോമങ്ങൾ. നക്ഷത്രങ്ങൾ പോലെ തിളങ്ങിയിരുന്ന കണ്ണുകൾ ജീവൻ നഷ്ടപ്പെട്ട് മങ്ങിയിരിക്കുന്നു. മുഖത്തു ഘനീഭവിച്ചു നില്ക്കുന്ന വിഷാദം. കരുവാളിച്ചു പോയ ചുണ്ടുകൾ. ആകെ ചടഞ്ഞ ആ രൂപം കണ്ടു അജിത്തിന്റെ ഹൃദയം കഷണങ്ങളായി നുറുങ്ങി. അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അജിത്ത് കൈ നീട്ടി. ആ കൈകളിലേക്ക് രാഹുൽ കുഴഞ്ഞു വീണു.
( പ്രിയപ്പെട്ട സുഹൃത്തുക്കള്ക്ക്, മാഞ്ഞു പോയ മഴവില്ല് ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു. ഇതിലെ അജിത്ത് ഞാൻ തന്നെയാണ്. രാഹുൽ ഞാൻ ജീവനായി സ്നേഹിച്ച എന്റെ സുഹൃത്തും. അന്നത്തേത് ഞങ്ങളുടെ അവസാന കൂടി കാഴ്ചയായിരുന്നു. രാഹുലിനെ ഞാൻ ആത്മാർഥമായി സ്നേഹിച്ചതിനാൽ, എന്റെ ജീവന്റെ ഒരംശമായി കണക്കാക്കിയിരുന്നതിനാൽ, അവന്റെ ജീവിതത്തിൽ സംഭവിച്ചതൊന്നും പരസ്യമാക്കാൻ എന്തോ എന്റെ മനസ്സ് അനുവദിക്കുന്നില്ല, നിങ്ങൾക്കാർക്കും അവനെ അറിയില്ലെങ്കിൽ പോലും!.
അതവന്റെ തീരുമാനമായിരുന്നു, ഇനി മേലിൽ അവനെ ഞാൻ കാണാൻ പാടില്ലെന്നത്. കാരണം, എന്റെ സ്നേഹം അനുഭവിക്കുമ്പോൾ എന്നെ പിരിയുക എന്നത് അവനു അസ്സഹനീയമാണെന്നു പറഞ്ഞു. അവനെ ജീവനായി കണ്ട എനിക്ക് അവനെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. അതു കൊണ്ട് അവന്റെ ആവശ്യം ഞാൻ അംഗീകരിച്ചു കൊടുത്തു. വേദനയാൽ എന്റെ നെഞ്ച് പിടഞ്ഞു പിടഞ്ഞു ഒടുവിൽ വേദന അറിയാത്ത ഒരവസ്ഥയിലെക്കെത്തി ചേർന്നു.
കണ്ണുകളിൽ ഇരുട്ട് നിറഞ്ഞു. തുറന്നിരുന്നിട്ടും ഒന്നും കാണാനാകാത്ത ഒരവസ്ഥയിൽ ഞാൻ നടന്നു . ഒരു ചുഴലിക്കാറ്റിന്റെ മൂളൽ എന്റെ തലക്കകത്ത് നിറയുന്ന പോലെ. തിരിഞ്ഞു നോക്കാതെ ഞാൻ നടന്നകന്നു. നെഞ്ചിൽ ഉറഞ്ഞു കൂടിയ വേദനയുടെ ഘനം ദിവസങ്ങളോളം ഞാൻ കരഞ്ഞു തീരത്തു. എന്റെ മുറിയിൽ, എന്റെ വഴികളിൽ, കടല്തീരങ്ങളിൽ അങ്ങനെ എങ്ങോട്ട് തിരിഞ്ഞാലും അവനുമായി ഞാൻ പങ്കുവച്ച നിമിഷങ്ങളുടെ അവശേഷിപ്പുകൾ മാത്രം. ചിതറിയ മനസ്സുമായി മാസങ്ങളോളം ഞാൻ അലഞ്ഞു. എപ്പോൾ എല്ലാം ശാന്തമായി.
ഞാൻ ഇടക്കൊക്കെ ഞാൻ ഒരുമിച്ചു നടന്ന വഴികളിൽ തനിയെ നടക്കാറുണ്ട്. അപ്പോഴൊക്കെ എന്നോടൊത്തു എന്റെ രാഹുലിന്റെ അദൃശ്യ സാമീപ്യം ഞാൻ അനുഭവിക്കാറുണ്ട്. ഞങ്ങൾ ഇരിക്കാറുള്ള കടൽത്തീരത്ത് തനിച്ചിരുക്കുമ്പോൾ മുകളിൾ നീലാകാശത്തിന്റെ താഴവരകളിൽ എങ്ങോ മഴവിൽ ഭംഗിയിൽ രണ്ടു നക്ഷത്ര കണ്ണുകൾ എന്നെ നോക്കി ചിമ്മിയടയുന്നത് ഞാൻ കാണാറുണ്ട്. അതൊരുപക്ഷെ മാഞ്ഞു പോയ എന്റെ മഴവില്ലാകാം.
അവസാനിക്കുന്നു.