കല്യാണ യാത്രയും ഊക്കലും
അവൾക്ക് അപ്പച്ചനോടായിരുന്നു ദേഷ്യം. എല്ലാവരുടെയും മുമ്പിൽ വച്ച് ആ ബോംബെയിൽ നിന്നു വന്ന പീക്കിരിപ്പിള്ളേരോട് തനിക്ക് ട്യൂഷൻ എടുക്കാൻ പറഞ്ഞില്ലേ. അവര് ബോംബെക്കാരാണെന്ന് വച്ച് സകലജ്ഞാനികളായി പരലോകത്തു നിന്നിറങ്ങി വന്നതൊന്നും അല്ലല്ലോ. ഹിന്ദിയും ഇംഗ്ലീഷും പഠിക്കാൻ തനിക്കാരുടേയും ഓശാരം വേണ്ട. അവൾക്ക് അപ്പച്ചനോടും ആ പിള്ളേരോടും ഭയങ്കര അരിശം തോന്നി. സുമി അവളേ തേടുമെന്ന് അവൾക്കുറപ്പായിരുന്നു.
കുറേ തേടട്ടെ. മുഖവും വീർപ്പിച്ച് അവൾ കുനിഞ്ഞുകൂടി അവളുടെ രഹസ്യകേന്ദ്രത്തിൽ ഇരുന്നു. ആ ഇരിപ്പിൽ ഒരു മണിക്കുറെങ്കിലും കഴിഞ്ഞു കാണണം. അരിശമൊക്കെ സ്വല്പം കുറഞ്ഞു. കോൺക്രീറ്റ് തറയിൽ ഇരുന്നിരുന്ന് ചന്തി വേദനിക്കാനും തുടങ്ങി ഏറ്റു പോയി മുറിയിൽ പോയി വാതിലും പൂട്ടി കിടന്നു ഉറങ്ങിയേക്കാം എന്നോർത്ത് പുറത്തേക്ക് വലിയാൻ തുടങ്ങിയപ്പോൾ ആരുടെയൊക്കെയോ സ്വരവും കാലൊച്ചയും. സാധാരണ ടെറസേൽ ആരും കയറി വരാറുള്ളതല്ലല്ലോ. ആരായാലും അവരുടെ മുമ്പിൽ ഇപ്പോഴെ ഇറങ്ങിച്ചെന്നാൽ തന്റെ രഹസ്യസ്ഥലം അവർ കാണും എന്നും വച്ച് അവൾ തിരിച്ച് അകത്തേക്ക് വലിഞ്ഞു.
സ്വരം അടുത്തുവന്നപ്പോൾ ഒരാളെ മനസിലായി സുകുമാരൻ ചേട്ടന്റെ സ്വരമാണ്. അവരെല്ലാം കൂടി വന്നത് നേരേ കസേരയും മേശയും ഇരിക്കുന്നിടത്തേക്കാണ്. മിനി ഓർത്തു അവർ അവളേ കണ്ടെന്ന് പക്ഷെ ടാങ്കിന്റെ കീഴോട്ടെങ്ങും അവർ ഭാഗ്യത്തിന് നോക്കിയില്ല. നേരം ഇരുട്ടിയിരുന്നതിനാൽ ടോർച്ചിട്ട നോക്കാതെ അവളിരിക്കുന്നിടം കാണാൻ പാടായിരുന്നു. മിനി പറ്റുന്നിടത്തോളം ഉള്ളിലേക്ക് വലിഞ്ഞു.