കല്യാണ യാത്രയും ഊക്കലും
“അങ്ങനെയാണേൽ കുഴപ്പമില്ല. നല്ല കാര്യം. നീ വന്നതുകൊണ്ട് എന്തെങ്കിലും നല്ലതുവരട്ടെ.”
എല്ലാവരും കേൾക്കത്തക്ക ഉറക്കെ മമ്മി പറഞ്ഞു.
“അയ്യോ നല്ല കാര്യമാ. എപ്പോഴാ മോള് ട്യൂഷൻ എടുക്കുന്നേ. എന്റെ മോനേക്കൂടെ പറഞ്ഞുവിടട്ടേ. അവന് ഇംഗ്ലീഷിന് എന്നും തോക്കും.”
ആ കൂട്ടത്തിൽ ഒരു സ്തീ പറഞ്ഞു.
“അതിനെന്താ ക്ലാസെടുക്കുകയാണെങ്കിൽ ഒറ്റയടിക്ക് എല്ലാവർക്കും ഗുണം ചെയ്യട്ടെ”
മമ്മി തന്റെ കുഞ്ഞുമോൾ നാട്ടിൽ വന്ന് വലിയ ആളാകുന്നതിൽ സന്തോഷിച്ചു കൊണ്ട് പ്രഖ്യാപിച്ചു.
“എന്നാൽ ഞാൻ മോനോട് പറയാം മോളോട് വന്ന് സംസാരിക് സമയമൊക്കെ നിശ്ചയിക്കാൻ,”
“ശരി” എന്ന് പറഞ്ഞു തലയും കുലുക്കി സുമി അവിടെനിന്നും വലിഞ്ഞു.
മമ്മി എന്നാ ഏടാകൂടമാണ് ഒപ്പിച്ചുവെച്ചത്. മിനിയുടെ മുറിയിൽ തങ്ങാൻ ഒരു കാരണം പറഞ്ഞത് ഒരു അക്കിടിയായിപ്പോയി. എന്നിട്ടവൾ മിനിയേ തേടാൻ തുടങ്ങി.
മിനിചേച്ചിയേ തേടി ആ ബഹളത്തിനിടക്കുകൂടി കുറെ നേരം അവൾ നടന്നു. നേരം രാതിയായിക്കഴിഞ്ഞിരുന്നു. എന്നാലും പെട്രോമാക്സിന്റെയും ബൾബുകളുടെയും വെട്ടം കാരണം ആർക്കും രാത്രിയായ ബോധമില്ലായിരുന്നു. സുമി ഒരു ഉത്സവം കൂടാനിറങ്ങിയ പ്രസരിപ്പോടെ കറങ്ങി നടന്നു. കുറേ നേരം കഴിഞ്ഞപ്പോൾ പുറകിൽ നിന്ന് ഒരു സ്വരം.
“ഹലോ ട്യൂഷൻ മാഡം, ഗുഡ് മോർണിംഗ്,”