ഇടയ്‌ക്കെല്ലാം ജ്വാല എന്നെ വിളിക്കുകയും, ഞാൻ തിരിച്ചു വിളിക്കുകയും ചെയ്തു.
പഴയ ഫോൺ മാറ്റി പുതിയത് വാങ്ങുക, പ്രൊജറ്റുകൾക്ക് പ്രിന്റ് എടുത്ത് കൊടുക്കാൻ എന്റെ ഓഫീസിൽ നിന്നും സഹായിക്കുക എന്നിങ്ങിനെ ചില്ലറ ജോലികൾ എനിക്ക് കിട്ടിക്കൊണ്ടിരുന്നു.
ഇതിനിടയിൽ ഒരു ദിവസം ജ്വാല എന്നെ അത്യാവശ്യമായി കാണെണം എന്നു പറഞ്ഞു. എന്താ കാര്യം എന്ന് ചോദിച്ചിട്ട് അത് പറയുന്നില്ല.
‘അങ്കിളിന് പറ്റുമെങ്കിൽ ഇവിടം വരെ ഒന്ന് വരുമോ, അച്ഛനെ വിളിക്കുകയൊന്നും വേണ്ട, എനിക്ക് ചിലത് പറയുവാനുണ്ട്..’ എന്നെല്ലാമാണ് പറഞ്ഞത്.
ഞാൻ ചെന്ന് കാണുമ്പോൾ ഒരു കാപ്പിക്കടയിൽ കൂട്ടുകാരിയോടൊപ്പം നിൽപ്പുണ്ട്.
തെല്ല് പരിഭ്രമിച്ചിരുന്ന ഞാൻ സ്വൽപ്പം ഗൗരവത്തിൽ തന്നെ എന്താണ് കാര്യം എന്നന്വേഷിച്ചു.
കൂട്ടുകാരിയും ജ്വാലയും കൂടി എന്നെ അറിയിച്ച കാര്യങ്ങൾ ഇപ്രകാരമായിരുന്നു.
ജ്വാലയുടെ ഒരു ഫോൺ കളഞ്ഞു പോയി. അച്ചനെ അറിയിക്കാൻ വയ്യ, അതിനാൽ അവൾ കൈയ്യിലുണ്ടായിരുന്ന തീരെ ചെറിയ ഒരു മോതിരം പണയം വച്ച് പുതിയ ഫോൺ വാങ്ങിച്ചു.
പിന്നീട് എപ്പോഴോ മോതിരം എടുക്കാനായി പേയിഗ് ഗസ്റ്റായി കൂടെ ഉണ്ടായിരുന്ന ഒരു സ്ത്രീയോട് പണം കടം വാങ്ങി. അപ്പോഴേക്കും തുക എണ്ണായിരം അടുത്തത്തി. ആ കൂട്ടുകാരി ഈ മാസം അവസാനം ജോലി അവസാനിപ്പിച്ച് ഫോറിന് പോകുകയാണ്, അവൾക്ക് കല്യാണവുമാണ്. പണം പിന്നാലെ മതി എന്ന് അവർ പറയുന്നുണ്ട്, എന്നാൽ അത് മര്യാദയല്ലല്ലോ? മോതിരം ഇനി പണയം വച്ചാൽ അത്രയും പണം കിട്ടില്ല.