ഇടയ്ക്ക് സതീശൻ വിളിക്കും, ജ്വാലയെ പോയി കണ്ടോ എന്നും മറ്റും ചോദിക്കും? ഇന്നത്തെ പോലെ മെട്രോ ഒന്നും ഇല്ലാത്തതിനാൽ ആ വഴിക്ക് പോകാറില്ലായിരുന്നു. ആദ്യത്തെ ഒന്നുരണ്ട് ആഴ്ച്ച ജ്വാലയെ ഫോൺ ചെയ്തു. പിന്നെ ഞങ്ങൾക്ക് തമ്മിൽ സംസാരിക്കാൻ വിഷയങ്ങൾ ഇല്ലാത്തതിനാൽ ഞാൻ വിളിക്കുന്നത് നിർത്തുകയും ചെയ്തു.
അവനോട് എന്തൊക്കെയോ ഒഴിവു കഴിവ് പറയുകയും, അടുത്ത ദിവസം പോയി കാണാം എന്ന് അറിയിക്കുകയും ചെയ്തു.
ഒരു ദിവസം പോയി; അന്ന് ജ്വാലയെ കണ്ട് ഞെട്ടിപ്പോയി. മാസങ്ങൾക്കുള്ളിൽ പക്കാ നാട്ടിൻ പുറത്തുകാരി ബാഗ്ലൂർവാല ആയി മാറിയിരിക്കുന്നു. കൂടെയുള്ള വിളഞ്ഞ കൂട്ടുകാരി തന്നെ കാരണം.
ജീൻസ് ആണ് വേഷം, ഒരു ടൈറ്റ് ടീ ഷർട്ടും.. അതും സ്ലീവ്‌ലെസ്, ഹൈഹീൽഡ് ചെരിപ്പ്, ലിപ്‌സ്റ്റിക്ക് എന്നു വേണ്ട സവ്വാഗം മാറ്റം പ്രകടമാണ്.
അവരോടൊപ്പം ഒരു ഐസ്‌ക്രീം കഴിക്കുകയും, ഞാൻ ബേക്കറിയിൽ നിന്നും വാങ്ങിയ പലഹാരങ്ങൾ കൊടുക്കുകയും ചെയ്തു.
അധികം അവളെ ചുഴിഞ്ഞ് നോക്കാൻ എന്റെ മനസനുവദിച്ചില്ല, എന്റെ ഉറ്റ സുഹൃത്തിന്റെ മകളാണ്, പോരാത്തതിന് അന്യനാടും, ഞാനാണ് ലോക്കൽ ഗാർഡിയൻ എന്ന് സതീശൻ എഴുതിക്കൊടുത്തിരിക്കുന്നത്. വേലി തന്നെ വിളവു തിന്നുകയോ? ലജ്ജാവഹം.
അങ്ങിനെ ആ വിഷയം വിട്ടു.