എന്റെ സ്വപ്നങ്ങളും മോഹവും
ആര്യ അത് പറഞ്ഞിട്ടൊന്നു നെടുവീർപ്പിട്ടു.
“അല്ല മോളെ അവന്റെ മനസ് ഈ അമ്മക്കറിയാം , ഹരിക്ക് നിന്നെ പ്രാണനാ, എന്റെമോൾ അവനെ അന്ന് കണ്ടില്ല. ഇനിയെങ്കിലും അവനെ ഒന്നു മനസിലാക്കിയാൽ മതി, അമ്മക്കുറപ്പുണ്ട് അവന്‍ നിന്നെ കൈവിടില്ലെന്ന്”
അതിനവള്‍ ഒന്നും മിണ്ടാതെ നിന്നതെയുള്ളൂ. അല്പം കഴിഞ്ഞു:.
“അമ്മേ ഞാൻ.. ഞാന്‍ ഒരു വണ്ടി വിളിച്ചു വരാം, എനിക്കത്ര ദൂരം ഈ അവസ്ഥയിൽ ഡ്രൈവ് ചെയ്യാൻ പറ്റില്ല. അമ്മ വീരനെ ഒന്നൊരുക്കുമോ? നമ്മുടെ എല്ലാം കുറച്ചു തുണികള്‍ കൂടെ എടുത്തോ. ചിലപ്പോ അവിടെ നില്‍ക്കേണ്ടിവന്നേക്കാം. പെട്ടെന്ന് ഹരിയേ തിരിച്ചു കൂട്ടിക്കൊണ്ട് വരാന്‍ പറ്റിയില്ലെങ്കിലോ”.
അത് പറഞ്ഞു ആര്യ ടാക്സി വിളിക്കാൻ പോയി.
ടാക്സിയുമായി തിരിച്ചു വന്നപ്പോഴേക്കും അമ്മ വീടും പൂട്ടി വീരനെയും സാധനങ്ങളും എടുത്തു യാത്രക്ക് തയാറായി നിൽപ്പുണ്ടായിരുന്നു. അവര്‍ എല്ലാരും ആ ടാക്സിക്കാറിന്റെ പുറകിലെ സീറ്റില്‍ കയറി. എങ്കിലും അവര്‍ തമ്മില്‍ ഒന്നും മിണ്ടിയില്ല. ആ യാത്രക്കിടയിൽ ഭദ്രനുമായുള്ള അവസാന ദിവസം അവൾ ഓര്‍ത്തു,
ആര്യയുടെ ഓര്‍മ്മയിലൂടെ:
അന്നേ ദിവസം രാത്രി വന്നപ്പോൾ മുതൽ ഭദ്രന് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. വന്നപാടെ നേരെ ടെറസില്‍ കയറി പോകുന്നത് അവൾ കണ്ടു. വീരന്‍ ഉണ്ടായതില്‍ പിന്നെ ഭദ്രന്റെ ഈ ടെറസില്‍ പോക്ക് തീരെ ഇല്ലായിരുന്നു.