എന്റെ സ്വപ്നങ്ങളും മോഹവും
“ആരുണിമക്കു വേണ്ടിയോ, നീ എന്താ ഈ പറയണേ?”
“അതേ അമ്മെ.. അവളന്ന് വിളിച്ചതിനു ശേഷമാ ഭദ്രനില്‍നിന്നുള്ള ഹരിയുടെ മാറ്റങ്ങള്‍ തുടങ്ങിയത്. അന്ന് രാത്രിയില്‍ അവസാനം എന്നെ വിളിച്ചതും അവളുടെ പേരാ. അവളെ അവന്‍ കണ്ടാല്‍ അന്നത്തെപ്പോലെ വല്ലതും ചെയ്താല്‍, എനിക്ക് പറ്റില്ലമ്മേ.. ഇനിയും ഭദ്രേട്ടനെ നഷ്ടപ്പെടാന്‍.”
“ഭദ്രേട്ടാനോ!.. എന്‍റെ മോളെ നീയും തുടങ്ങുവാണോ അവനെപ്പോലെ ?”
“എനിക്കറിയില്ലമ്മേ.. ഒരു ഡോക്ടറായിരുന്നിട്ടും രോഗിയെക്കാളും രോഗത്തെ ഇങ്ങനെ സ്നേഹിക്കുന്ന എന്‍റെ ഈ മനസിനെ.”
“എന്‍റെ വിഷ്ണുഭദ്രന്‍ നമ്മളെ വിട്ട് പോയിട്ട് അടുത്ത മാസം പത്താകുമ്പോള്‍ ഇരുപത്തിരണ്ടു് വര്‍ഷം തികയുന്നു. എന്നിട്ടും നിങ്ങടെ രണ്ടിന്‍റെയും ഈ ഭ്രാന്ത്. ഇത് കാണാൻ വയ്യാത്തോണ്ടാ ഞാൻ ഒറ്റക്കായപ്പോഴും അവിടെത്തന്നെ നിന്നത്. അവന്‍ മരിച്ചു എന്ന യാഥാര്‍ത്ഥ്യം എന്നെക്കാളും മുന്നേ അംഗീകരിച്ചവളല്ലേ മോളെ നീ. എന്നിട്ടും നീ ഇത് എന്ത് ഭാവിച്ചാ?”
“അമ്മയ്ക്കത് മനസിലാവില്ല, ആര്‍ക്കും മനസിലാവില്ല ആര്‍ക്കും.”
“നീ വിഷ്ണൂനെ അന്ന് ഒരുപാടു സ്നേഹിച്ചുവെന്ന് അമ്മക്കറിയാം, എനിക്ക് മാത്രമല്ല ഏട്ടനും നിന്‍റെ അമ്മയ്ക്കും ഒക്കെ അറിയാരുന്നു. അവര്‍ എന്നോട് അത് സൂചിപ്പിച്ചിട്ടുമുണ്ട്. എങ്കിലും വര്‍ഷങ്ങള്‍ ഇത്ര ആയ്യില്ലേടി, ഇപ്പോഴും നീ… ഇത്രയും ഉണ്ടെന്നറിഞ്ഞിരുന്നെ ഞാന്‍ എന്‍റെ ഹരിയുടെ മനസ്സില്‍ നിന്നെ വളരാന്‍ അനുവദിക്കില്ലായിരുന്നു.