എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – “നീ എന്നെ എന്‍റെ മക്കടെ മുന്നില്‍ വെച്ച് തല്ലിയല്ലേ. എനിക്ക് ജീവന്‍ ഉണ്ടെങ്കില്‍ നീയും നിന്‍റെ മക്കളും ഇന്ന് ഇരുട്ടി വെളുപ്പിക്കില്ല” രാവുണ്ണി അച്ഛനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി.
“കേറിനടാ” അവന്‍ മക്കളേം വിളിച്ചു കൊണ്ട് പോയി. എന്നുമൊക്കെ പെട്ടെന്ന് പറഞ്ഞു.
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ രാവുന്ണ്ണിയോടുള്ള ദേഷ്യം അവന്റെ മുഖത്ത് കാണാമായിരുന്നു. ഞാന്‍ അതൊന്നും മൈന്റ്ചെയ്തില്ല. രാവുണ്ണി ഇടയ്ക്ക് അച്ഛനുമായി വഴക്ക് ഉണ്ടാക്കുമെങ്കിലും പെട്ടെന്ന് അവര്‍ മിണ്ടുമായിരുന്നു. അതുപോലെ എന്തോ ആകും എന്നാ ഞാന്‍ കരുതിയിരുന്നത്.
ഞാന്‍ എന്‍റെയും ആര്യേച്ചിയുടെയും കാര്യം അവനോടു പറഞ്ഞു.
അവന് ഒരു സന്തോഷവും ഇല്ലായിരുന്നു. രാവുണ്ണിയോടുള്ള ദേഷ്യം ആയിരിക്കണം. കൂടാതെ ഞാന്‍ അവന്റെ മുറപ്പെണ്ണിനെ ഉമ്മവെച്ച ദേഷ്യവും അവന്റെ മുഖത്തുണ്ടായിരുന്നു. എന്നോട് കുറച്ച് നേരം അവന്‍ ഒന്നും മിണ്ടിയില്ല.
“ടാ നിനക്ക് പിന്നെ അരുണിമ ചേച്ചിയെ ഇഷ്ടമാണെന്ന് അറിഞ്ഞു. ഗേറ്റില്‍ എന്തായിരുന്നു നേരത്തെ പരിപാടി”
ഞാന്‍ അവനോടു ചുമ്മാ ചോദിച്ചു,
സത്യം എനിക്കറിയില്ലായിരുന്നു. അവിടെ നടന്ന പ്രശ്നങ്ങള്‍ നേരില്‍ കണ്ടു ആകെ വിഷമിച്ചു നിൽക്കുവായിരുന്നു ഞാൻ.
“അരുണിമ.. നാശം.. അവള്‍.. അവളെ ആര്‍ക്കുവേണം, അവള്‍ ആ രാവുണ്ണിയുടെ മകളല്ലെ? എനിക്ക് വേണ്ട അവളെ. അവള്‍ എന്‍റെ പിറകെ നടക്കുകയേ ഉള്ളു”
അപ്പൊ നിനക്ക് അവളെ ഇഷ്ടമല്ലേ ?
“അല്ല എനിക്ക് ആരെയും… അല്ല എനിക്ക് അമ്മൂനെയാ ഇഷ്ടം”
അവന്‍ പറഞ്ഞൊപ്പിച്ചു. അതില്‍ ആര്യെച്ചിയോടുള്ള ഇഷ്ടത്തിനും അപ്പുറം അരുണിമയോടുള്ള വെറുപ്പാണ് എനിക്ക് കാണാന്‍ പറ്റിയത്. എങ്കിലും എനിക്ക് ഒരുപാടു വിഷമം വന്നു.
“ആര്യേച്ചി എന്റെയാ… എന്‍റെ മാത്രം” ഞാന്‍ പറഞ്ഞു
“ഹേ നിന്റതോ! നിന്നെക്കാള്‍ മൂത്തതല്ലേ അവള്‍, നിന്നെക്കാള്‍ വലുതും, ഭ്രാന്തുണ്ടോ നിനക്ക്”
“എനിക്കറിയില്ല, ആരേച്ചി എന്‍റെയാ, നിനക്കവളെ തരില്ല''
“എടാ നിന്നെ ഞാന്‍ എന്‍റെ….”
എന്‍റെ നേരെ കയ്യോങ്ങി.
അവന്‍ ആദ്യമായിട്ടായിരുന്നു എന്നെ തല്ലാന്‍ കയ്യോങ്ങുന്നത്.
പിന്നെ ഞങ്ങള്‍ മിണ്ടാതെ പിണങ്ങി മാറി ഇരുന്നു. ഞാന്‍ ഒന്ന് മയങ്ങി പ്പോയി.
അവന്‍ അച്ഛാ അച്ഛാന്നു വിളിച്ചു കരയുമ്പോഴാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്.
എന്‍റെ അച്ഛനെ ഗുണ്ടകള്‍ തല്ലുന്നു. അച്ഛന്‍ തിരിച്ചും.
രാവുണ്ണി ഒരു മരക്കട്ട എടുത്തു അച്ഛന്റെ തലക്കടിക്കുന്നു, അച്ഛന്‍ നിലത്തു വീഴുന്നു. അവര്‍ അച്ഛനെ എടുത്തു വീട്ടിനകത്ത് ഇടുന്നു.
രാവുണ്ണി വണ്ടിയില്‍നിന്നു പെട്രോള്‍ കാന്‍ എടുത്തുകൊണ്ടു പോകുന്നു. അച്ചന്റെ മേത്ത് പെട്രോള്‍ ഒഴിക്കുന്നു. പിന്നെ ഒരു തീ ഗോളം. ആ ഗുണ്ടകള്‍ ആരെയോ തിരയുന്നു.
അപ്പോഴേക്കും വിഷ്ണു ഏട്ടന്‍ ജനല്‍ ചാടി ചെന്നു അച്ഛനെ കെട്ടിപിടിച്ചു. അവന്റെ ദേഹത്തും തീ പിടിക്കുന്നു. ആകെ അലര്‍ച്ച. അതില്‍ എന്‍റെ ശബ്ദം ആരും കേട്ടിരുന്നില്ല. അവര്‍ തിരച്ചില്‍ നിര്‍ത്തി ജീപ്പില്‍ കയറിയപ്പോള്‍, അവര്‍ തിരഞ്ഞത് ഏട്ടനെത്തന്നെ ആയിരുന്നെന്നു എനിക്ക് മനസിലായി.
ഞാന്‍ അന്നിവിടെ ഉണ്ടായിരുന്നുവെന്ന് അവര്‍ കണ്ടുകാണില്ല.. ഇല്ലേ എന്നെയും തീര്‍ത്തേനെ..
ഞാന്‍ എന്‍റെ കണ്ണുതുടച്ചു, എല്ലാം ഇന്നലെ നടന്നപോലെ എനിക്കിപ്പോ ഓര്‍ക്കാന്‍ പറ്റുന്നുണ്ട്. ഒരു മഴ തോർന്നത്പോലെ എന്‍റെ ഓര്‍മ്മകളും പെയ്തൊഴിഞ്ഞിരിക്കുന്നു, ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടു.
ഞാന്‍ എന്‍റെ കൈയ്ക്കരികില്‍ ഇരുന്ന ഡയറിയെടുത്തു രാവിലെ അവിടെ ഇട്ടതാണ്. അതില്‍നിന്നും ഒരു പേപ്പര്‍ തള്ളിനിൽക്കുന്നത് ഞാനിപ്പോഴാണ് ശ്രദ്ധിക്കുന്നത്. അത് ഞാന്‍ എടുത്തു പൊട്ടിച്ചുവായിച്ചു.
ശ്രീ ഹരി,
ഞാന്‍ ഭദ്രന്‍ , ഹരിക്കെന്നെ ഓര്‍മ്മ കാണില്ല. നിന്‍റെ അറിവിൽ ഞാന്‍ വില്ലനോ നായകനോ എന്ന് എനിക്കറിയില്ല. വില്ലന്‍ എന്ന്തന്നെ വെച്ചോ, എന്‍റെ പക, എന്‍റെ പ്രതികാരം നിന്നോടല്ല. എന്‍റെ വഴിയില്‍ നീ നിക്കരുത്. അന്ന് ഇടയില്‍ വന്നു അരുണിമയെ നീ രക്ഷിച്ചു. ഇനി അതുണ്ടാവില്ല. എന്‍റെ മുന്നില്‍ നീയായിരുന്നാലും തീര്‍ക്കേണ്ട കണക്കുകള്‍ ഞാന്‍ തീര്‍ക്കും. എന്നെ തോല്‍പ്പിച്ചു എന്ന് നീ കരുതരുത്. ഞാന്‍ വീണ്ടും വരികതന്നെ ചെയ്യും.
ഭദ്രന്‍
അല്ലാ.. ഭദ്രന്‍ എട്ടനല്ല. എന്‍റെ എട്ടന് ആരെയും കൊല്ലാന്‍ കഴിയില്ല, ഈ ഭദ്രന്‍ മറ്റാരോ ആണ്. ഒരിക്കലും അവനത് പറ്റില്ല.
അരുണിമ.. അവള്‍ എവിടെ ? അവളെ ഭദ്രന്‍ കണ്ടെത്തുന്നതിനുമുന്നേ എനിക്കവളെ കണ്ടു പിടിക്കണം. ഭദ്രനെ തടയണം.
ആര്യയുടെ എറണാകുളത്തെ ഇരുനില വീട്.
“അമ്മോ..അമ്മോ..
രാമേട്ടന്‍ വിളിച്ചു.
ശ്രീഹരി അവിടെ ചെന്നിട്ടുണ്ടെന്നു.”
ആര്യ അതുപറഞ്ഞു ജാനകിയമ്മേടെ അടുത്തേക്ക് ഓടിച്ചെന്നു.
“ഞാന്‍ പറഞ്ഞില്ലേ.. അവന്‍ വേറെങ്ങും പോകില്ലെന്ന്. ഇനി അയാള് വല്ലതും അറിഞ്ഞിട്ടാണോ മോളെ നിന്നെ വിളിച്ചു പറഞ്ഞത്? ”
“ഇല്ലമ്മേ.. തറവാട്ടിലെ പണി തുടങ്ങട്ടോന്നു ചോദിക്കാന്‍ വിളിച്ചതാ, ഞാന്‍ രാമേട്ടനോട് പറഞ്ഞേൽപ്പിച്ചിട്ടുണ്ട് ഹരിയെ ഒന്ന് പോയി നോക്കണോന്നു”
“അമ്മോ.. വേഗം ഒരുങ്ങ് നമുക്ക് അങ്ങോട്ട് പോണം.”
“അല്ലടാ അച്ചൂ.. നമ്മള്‍ ഇപ്പൊ അങ്ങോട്ട് ചെന്നാല്‍, അവനു ചിലപ്പോള്‍, അവന്‍ തനിയെ എല്ലാം മനസിലാക്കട്ടെന്നാ ഞാന്‍ പറയണേ.”
“പാടില്ലമ്മോ!…എനിക്കറിയില്ലാരുന്നോ ഹരിയായി തിരിച്ചു വന്നപ്പോള്‍ത്തന്നെ അവനോടു എല്ലാം പറയാന്‍. പണ്ടും ഞാന്‍ എത്ര വട്ടം പറഞ്ഞുകൊടുക്കാൻ നോക്കിയിട്ടുള്ളതാ, അവനതു മനസിലാവില്ല. അവന്‍ ഇപ്പൊ പോയെക്കുന്നത് അവനുവേണ്ടിയല്ല.. അവൾക്ക് വേണ്ടിയാ!.. ആ അരുണിമക്കു…”
“ആരുണിമക്കു വേണ്ടിയോ, നീ എന്താ ഈ പറയണേ?”
“അതേ അമ്മെ.. അവളന്ന് വിളിച്ചതിനു ശേഷമാ ഭദ്രനില്‍നിന്നുള്ള ഹരിയുടെ മാറ്റങ്ങള്‍ തുടങ്ങിയത്. അന്ന് രാത്രിയില്‍ അവസാനം എന്നെ വിളിച്ചതും അവളുടെ പേരാ. അവളെ അവന്‍ കണ്ടാല്‍ അന്നത്തെപ്പോലെ വല്ലതും ചെയ്താല്‍, എനിക്ക് പറ്റില്ലമ്മേ.. ഇനിയും ഭദ്രേട്ടനെ നഷ്ടപ്പെടാന്‍.”
“ഭദ്രേട്ടാനോ!.. എന്‍റെ മോളെ നീയും തുടങ്ങുവാണോ അവനെപ്പോലെ ?”
“എനിക്കറിയില്ലമ്മേ.. ഒരു ഡോക്ടറായിരുന്നിട്ടും രോഗിയെക്കാളും രോഗത്തെ ഇങ്ങനെ സ്നേഹിക്കുന്ന എന്‍റെ ഈ മനസിനെ.”
“എന്‍റെ വിഷ്ണുഭദ്രന്‍ നമ്മളെ വിട്ട് പോയിട്ട് അടുത്ത മാസം പത്താകുമ്പോള്‍ ഇരുപത്തിരണ്ടു് വര്‍ഷം തികയുന്നു. എന്നിട്ടും നിങ്ങടെ രണ്ടിന്‍റെയും ഈ ഭ്രാന്ത്. ഇത് കാണാൻ വയ്യാത്തോണ്ടാ ഞാൻ ഒറ്റക്കായപ്പോഴും അവിടെത്തന്നെ നിന്നത്. അവന്‍ മരിച്ചു എന്ന യാഥാര്‍ത്ഥ്യം എന്നെക്കാളും മുന്നേ അംഗീകരിച്ചവളല്ലേ മോളെ നീ. എന്നിട്ടും നീ ഇത് എന്ത് ഭാവിച്ചാ?”
“അമ്മയ്ക്കത് മനസിലാവില്ല, ആര്‍ക്കും മനസിലാവില്ല ആര്‍ക്കും.”
“നീ വിഷ്ണൂനെ അന്ന് ഒരുപാടു സ്നേഹിച്ചുവെന്ന് അമ്മക്കറിയാം, എനിക്ക് മാത്രമല്ല ഏട്ടനും നിന്‍റെ അമ്മയ്ക്കും ഒക്കെ അറിയാരുന്നു. അവര്‍ എന്നോട് അത് സൂചിപ്പിച്ചിട്ടുമുണ്ട്. എങ്കിലും വര്‍ഷങ്ങള്‍ ഇത്ര ആയ്യില്ലേടി, ഇപ്പോഴും നീ… ഇത്രയും ഉണ്ടെന്നറിഞ്ഞിരുന്നെ ഞാന്‍ എന്‍റെ ഹരിയുടെ മനസ്സില്‍ നിന്നെ വളരാന്‍ അനുവദിക്കില്ലായിരുന്നു.
എന്‍റെ കുഞ്ഞു എങ്ങനെയെങ്കിലും ഒന്ന് ചിരിച്ചു കാണാന്‍ നമ്മുടെ ഈ ലോകത്തേക്ക് തിരിച്ചുവരാന്‍ അതൊന്നും ഞാന്‍ അവനോടു പറയില്ലാരുന്നു, ബാക്കിയായ ഒരുത്തനെയെങ്കിലും തിരിച്ചു പിടിക്കാന്‍ ശ്രമിച്ച ഒരമ്മയുടെ ദുരാഗ്രഹം. എന്നോട് ക്ഷമിക്ക് മോളേ.”
ആ അമ്മയുടെ കണ്ണു നിറഞ്ഞൊഴുകി.
“അല്ല അമ്മേ…. അമ്മ അല്ല ഞാനാ… ഞാനാ കാരണം. അവനില്‍ വിഷ്ണുവേട്ടനെ കാണാന്‍ ശ്രെമിച്ചപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല അവന്റെ മനസിനെ ഞാന്‍ രണ്ടായി പകുക്കുകയാണെന്ന്. ഞാനാ.. ഞാനാ അമ്മടെ മോന്‍റെ ഈ അവസ്ഥക്ക് കാരണം.”
“മോളെ….”
അമ്മ അവളെ തടഞ്ഞു.. എന്നാല്‍ എന്തോ ഓർത്തപോലവൾ..
“അമ്മെ നമുക്കിപ്പോത്തന്നെ പോയേപറ്റു, അവന്‍ അവിടെ തനിച്ചു നില്‍ക്കുന്ന ഓരോ നിമിഷവും അവന്‍റെയും അവളുടെയും ജീവന് ആപത്താ, അവന്‍ അവളെപ്പറ്റി എന്തെങ്കിലും അറിഞ്ഞാല്‍.”
“ചതിച്ചോ മോളെ.. ഞാന്‍ നിന്‍റെ ഓര്‍മ്മ പുസ്തകം അവനു കൊടുത്തിരുന്നു അതിൽ വല്ലതും.”
“ഇല്ലമ്മേ അമ്മ പേടിക്കണ്ട, അതു വായിച്ചാലും അമ്മയുടെ മോന് ഒരാപത്തും വരില്ല, അതില്‍ എന്നെ വെറുക്കാന്‍വേണ്ടി ഉള്ളതെയുള്ളു. അവന്റെ ആര്യേച്ചി ഒരേസമയം രണ്ടു പേരെ മനസ്സില്‍ കൊണ്ട്നടന്ന മോശപ്പെട്ടവള്‍ ആകുമായിരിക്കും. അല്ലേലും ഹരിക്കെന്നെ ഇനി സ്നേഹിക്കാന്‍ കഴീല്ലല്ലോ.. അത്രയ്ക്ക് ദ്രോഹമല്ലെ ഞാന്‍ അവനോടു ചെയ്തത്.”
ആര്യ അത് പറഞ്ഞിട്ടൊന്നു നെടുവീർപ്പിട്ടു.
“അല്ല മോളെ അവന്റെ മനസ് ഈ അമ്മക്കറിയാം , ഹരിക്ക് നിന്നെ പ്രാണനാ, എന്റെമോൾ അവനെ അന്ന് കണ്ടില്ല. ഇനിയെങ്കിലും അവനെ ഒന്നു മനസിലാക്കിയാൽ മതി, അമ്മക്കുറപ്പുണ്ട് അവന്‍ നിന്നെ കൈവിടില്ലെന്ന്”
അതിനവള്‍ ഒന്നും മിണ്ടാതെ നിന്നതെയുള്ളൂ. അല്പം കഴിഞ്ഞു:.
“അമ്മേ ഞാൻ.. ഞാന്‍ ഒരു വണ്ടി വിളിച്ചു വരാം, എനിക്കത്ര ദൂരം ഈ അവസ്ഥയിൽ ഡ്രൈവ് ചെയ്യാൻ പറ്റില്ല. അമ്മ വീരനെ ഒന്നൊരുക്കുമോ? നമ്മുടെ എല്ലാം കുറച്ചു തുണികള്‍ കൂടെ എടുത്തോ. ചിലപ്പോ അവിടെ നില്‍ക്കേണ്ടിവന്നേക്കാം. പെട്ടെന്ന് ഹരിയേ തിരിച്ചു കൂട്ടിക്കൊണ്ട് വരാന്‍ പറ്റിയില്ലെങ്കിലോ”.
അത് പറഞ്ഞു ആര്യ ടാക്സി വിളിക്കാൻ പോയി.
ടാക്സിയുമായി തിരിച്ചു വന്നപ്പോഴേക്കും അമ്മ വീടും പൂട്ടി വീരനെയും സാധനങ്ങളും എടുത്തു യാത്രക്ക് തയാറായി നിൽപ്പുണ്ടായിരുന്നു. അവര്‍ എല്ലാരും ആ ടാക്സിക്കാറിന്റെ പുറകിലെ സീറ്റില്‍ കയറി. എങ്കിലും അവര്‍ തമ്മില്‍ ഒന്നും മിണ്ടിയില്ല. ആ യാത്രക്കിടയിൽ ഭദ്രനുമായുള്ള അവസാന ദിവസം അവൾ ഓര്‍ത്തു,
ആര്യയുടെ ഓര്‍മ്മയിലൂടെ:
അന്നേ ദിവസം രാത്രി വന്നപ്പോൾ മുതൽ ഭദ്രന് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. വന്നപാടെ നേരെ ടെറസില്‍ കയറി പോകുന്നത് അവൾ കണ്ടു. വീരന്‍ ഉണ്ടായതില്‍ പിന്നെ ഭദ്രന്റെ ഈ ടെറസില്‍ പോക്ക് തീരെ ഇല്ലായിരുന്നു.
വീണ്ടും സിഗരറ്റ് വലി തുടങ്ങിയോ?
ആര്യ ഒന്ന് ശങ്കിച്ചു.
വലിക്കാന്‍ തുടങ്ങിയാല്‍ ഒറ്റ നിപ്പിനു ഒരു കൂടു സിഗററ്റ് വലിച്ചു കാറ്റിൽ പറത്തിക്കളയും. അതായിരുന്നു ഭദ്രന്‍. പക്ഷെ ആര്യയുടെ മുന്നില്‍നിന്നു വലിക്കില്ല. അത് അവളെ പേടി ആയിട്ടൊന്നുമല്ല, അതിനൊരു കാരണമുണ്ട്. അതൊക്കെ വഴിയേ പറയാം. [ തുടരും ]