എന്റെ സ്വപ്നങ്ങളും മോഹവും
“ഞാന്‍ കുളിക്കണ നീ ഒളിഞ്ഞു നോക്കിങ്കി എന്നെ നീ തന്നെ കെട്ടും”
അന്നത്തെ നീണ്ട ശകാരത്തില്‍ ഞാന്‍ ഓര്‍ത്തിരിക്കുന്നത് ഇത്രമാത്രമേ ഉള്ളു. അവളുടെ ആ ഭീഷണികള്‍ക്ക് മുന്നില്‍ എപ്പോഴത്തെയും പോലെ കരഞ്ഞു കാലു പിടിച്ചിട്ടുണ്ടാവണം . പിന്നെ എപ്പോഴോ മനസ്സില്‍ പതിഞ്ഞുപോയ ബാല്യത്തിന്റെ ചില സുഖമുള്ള ഓര്‍മ്മകള്‍.
ഏതായാലും ഒന്ന് പോയി കുളിക്കാം. ബാഗില്‍നിന്നു ഒരു തോര്‍ത്തെടുത്തു ഒരു ജോടി തുണിയും എടുത്തു .അത് എടുത്ത വഴിക്ക് ബാഗില്‍ പെട്ടുപോയ ഒരു ഡയറി താഴെ വീണു. ഇതു ഇന്നലെ അമ്മ തന്നതാണല്ലോ ഇതെങ്ങനെ എന്‍റെ ബാഗില്‍വന്നു. ഞാന്‍ അതെടുത്തു ആദ്യ പെജോക്കെ ഒന്ന് മറിച്ചു നോക്കി. എന്‍റെ പേര്തന്നെ ആദ്യം, ഡയറി എന്നൊന്നും പറയാനേ പറ്റില്ല, എന്‍റെ അസുഖങ്ങള്‍ ഒക്കെ പറയുന്ന എന്തോ മെഡിക്കല്‍ റെക്കോഡ് ഒക്കെ ആയിരുന്നു.
വായിക്കണേല്‍ അടുത്ത മെഡിക്കല്‍ഷോപ്പില്‍ കാണിക്കണം. ‘എന്‍റെ ഡോക്ടറൂട്ടി’ ടെ ഒരു എഴുത്തേ എത്രനാള് നോക്കി ഇരിക്കണമെന്നാ അടുത്തത് വായിക്കാന്‍ .
“വായിക്കണമാതിരി എഴുതിയാല്‍ എന്താ ഇവറ്റകള്‍ക്ക്.. അല്ലെ ഇതിപ്പോ എന്താ ഇത്ര രഹസ്യമായി എഴുതി വെക്കാന്‍ ഉള്ളത്.. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഭ്രാന്ത്. അത്രതന്നെ”
പലപ്പോഴും സംശയമുണ്ടെങ്കിലും ഒരിക്കലും കേള്‍ക്കാനോ അറിയാനോ ആഗ്രഹിക്കാത്ത കാര്യം. അത്തന്നെ ആകും. എന്തിനാ ഇപ്പൊ മനസ് വിഷമിപ്പിക്കുന്നത് എന്നുകരുതി അത് താഴേക്കിട്ടു. [ തുടരും ]