എന്റെ സ്വപ്നങ്ങളും മോഹവും
ആരോടെന്നില്ലാതെ ഞാന്‍ പറഞ്ഞു. ഞാൻ അന്ന് ആ വരാന്തയിൽ കിടന്നുറങ്ങി. എന്തോ ഇവിടെ വരുമ്പോൾ അച്ഛനും ചേട്ടനും എന്റെ കൂടെ തന്നെ ഉണ്ടെന്നൊരു തോന്നൽ. അവരെയും ഇവിടെയാണ് അടക്കം ചെയ്ത്.
രാവിലത്തെ സുര്യകിരണങ്ങള്‍ കണ്ണിലടിച്ചപ്പോഴാണ് ഞാന്‍ എഴുന്നേറ്റത്. വെളുത്ത് വരുന്നേതേയുള്ളു കിഴക്കോട്ടു മുഖം വെച്ച് കിടന്നതിനാല്‍ സൂര്യന്‍
വിളിച്ചെഴുന്നെല്‍പ്പിച്ചു എന്നുമാത്രം.
എന്റെ ഈ തറവാട് ഒരു വയലിന്റെ കരയിലാണ്. പഠിപ്പുരയിൽ നിന്ന് നോക്കിയാൽ കണ്ണെത്താത്ത ഇടത്തോളം വയലുകളാണ്, അതിനും അപ്പുറം മല,
വീടിനു പുറകു വശവും മല തന്നെ.
പച്ച വിരിച്ചു കാറ്റിൽ ആടുന്ന നെൽ കതിർ കാണാൻ തന്നെ ഒരു മന:സുഖം.
ഒരു കാലത്തു ഇതൊക്കെ ഞങ്ങളുടെയായിരുന്നു, കൂട്ടുകുടുബം ഇല്ലാതെ ആയകാലത്തു പലർക്കും ഓഹരി കൊടുത്തു, അവർ വിറ്റ് പെറുക്കി പോയിട്ട് ശേഷിച്ചതില്‍ വളരെ കുറച്ച് മാത്രമേ എന്റെ അച്ഛനു കിട്ടിട്ടുള്ളു. അത് തന്നെ ഏക്കറുകളോളം വരും.
അമ്മാവന്റെ ഭാഷയില്‍ എത്രയോ പറ കണ്ടം. എന്നാ ഇപ്പോ എല്ലാം പാട്ടത്തിന് കൊടുത്താണ് ബാങ്കിലെ ലോൺ അടച്ചു പോരുന്നത്. പണ്ട് ഇവിടുത്തെ കൃഷി അമ്മാവന്‍ ആയിരുന്നു നോക്കിയിരുന്നത്, അദ്ദേഹത്തിന് വയ്യാണ്ടായപ്പോള്‍ ആര്‍ക്കോ പാട്ടത്തിനു കൊടുത്തത്. ആ സമയത്തൊക്കെ ഞാന്‍ ഇവടെ വന്നിട്ടുണ്ട് മിക്കവാറും ആര്യേചിയും കാണും കൂടെ .