എന്റെ സ്വപ്നങ്ങളും മോഹവും
ഇങ്ങു തെക്കുള്ള ഒരു ചെറിയ ഗ്രാമം. മലയും വയലും എല്ലാം ഒരുമിച്ചു കാണാന്‍ പറ്റുന്ന നാട് ”മലേവയല്‍”.
മലകളില്‍നിന്നും ഒഴുകിവരുന്ന ചെറിയ ചാലുകളാണ് ഈ നാടിന്‍റെ ജീവനാഡി. പണ്ട് തെങ്ങ് നിന്നിരുന്ന പുരയിടങ്ങള്‍ ഇന്ന് എണ്ണപ്പനകള്‍ക്കും റബ്ബറിനും വഴിമാറി. കൊടുംകാടിന്‍റെ ഭീകരതയും പരന്നുകിടക്കുന്ന വയലേലകളുടെ വശ്യതയും എന്‍റെ ഈ നാടിനു സ്വന്തം.
ആ രാത്രിയില്‍ത്തന്നെ ഞാൻ നാട്ടിൽ എത്തിയിരുന്നു. ഇങ്ങു നാട്ടിൽ വന്നിറങ്ങി ആദ്യം പോയത് മംഗലത്ത് വീട്ടിലായിരുന്നു. അതേ എന്‍റെ ചെറുപ്പത്തില്‍ അച്ചന്‍റെയും ചേട്ടന്‍റെയും മരണത്തോടെ ഞങ്ങള്‍ ഉപേക്ഷിച്ചു പോയ എന്റെ സ്വന്തം തറവാട്ടിൽ.
ഞാനും അമ്മയും അമ്മാവന്റെ കൂടെ ആര്യേച്ചിടെ വീട്ടില്‍ ആയിരുന്നു പിന്നീടുള്ള കാലം. അമ്മ പറഞ്ഞുള്ള അറിവുകളാണ് എന്നെ ഈ പൊട്ടി പൊളിഞ്ഞ എട്ടു കെട്ടുമായി കെട്ടിയിടാന്‍ കാരണം.
നന്നേ ചെറുപ്പത്തിൽ ആര്യേച്ചിയുമായി വഴക്കിടുമ്പോള്‍ അല്ല എന്നെ കരയിക്കുമ്പോഴൊക്കെ അവൾ പറയും
“ഇതെന്റെ വീടാ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും, എന്നെ ഇഷ്ടമല്ലേ നീ നിന്റെ വീട്ടിൽ പൊക്കോ”എന്നൊക്കെ.
സ്വന്തമായി വീടില്ലാത്തവന്റെ വിഷമം ഞാൻ അവളിൽനിന്നും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഒരിക്കൽ അമ്മ ഞാന്‍ ഇങ്ങനെ വല്ലാതെ വിഷമിക്കുന്ന കണ്ടിട്ട് എനിക്ക് പറഞ്ഞുതന്നു, വീടില്ലാത്ത എനിക്കും സ്വന്തമായി ഒരു വീടുണ്ട്.. ഒരു അസ്സൽ എട്ടുകെട്ട്, അച്ഛനും അച്ഛന്റെ മുന്‍ തലമുറക്കാരും കൂട്ടുകുടുംബമായി കഴിഞ്ഞ വീട്.