എന്റെ സ്വപ്നങ്ങളും മോഹവും
“അപ്പൊ തറവാട് ?”
“അത് ഭദ്രൻ ബാങ്കിൽനിന്ന് ലേലത്തിൽ പിടിച്ചു, അവിടെ ആയിരുന്നു ഞാൻ ഇത്രയും നാൾ ഒറ്റക്ക്, എനിക്ക് ഇവിടെ വന്നു നിന്ന് നിന്റെ ഈ അവസ്‌ഥ കാണാനുള്ള ശേഷി ഇല്ലായിരുന്നു, അത്കൊണ്ട് ഞാൻ അവിടെ, നിന്റെ ഓർമ്മകളിൽ ജിവിക്കുവാരുന്നു,
നീ എഴുന്നേറ്റു എന്നറിഞ്ഞപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്ന പശുനേം കോഴിയെയുമൊക്കെ വിറ്റ് പെറുക്കിയാണ് നിങ്ങടെ അടുത്തേക്ക് വന്നത് ”
അപ്പോളേക്കും ആര്യേച്ചി ഇപ്പൊ കരയും എന്ന രീതിയിൽ നിക്കുവാരുന്നു.
“മോനേ ഹരി ഇവിടെ ഈ കൊച്ചിനെ തനിച്ചാക്കി അമ്മക്ക് വരാൻ പറ്റില്ല, ഇപ്പൊ മോനും പോകണ്ടാ. എല്ലാം കലങ്ങി തെളിയട്ടെ”
ഭദ്രൻ എന്റെ തറവാടും വിലക്ക് വാങ്ങി എന്ന് കേട്ടപ്പോൾ എന്റെ സകല നിയന്ത്രണവും നഷ്ടമായി. ഞാൻ സ്വന്തമാക്കണം എന്നാഗ്രഹിച്ചതൊക്കെ അവൻ തട്ടിയെടുത്തിരിക്കുന്നു. ആദ്യം എന്റെ എല്ലാം എല്ല മായ ആര്യേച്ചി ഇപ്പൊ എന്റെ തറവാട്, എനിക്ക് വിഷമവും ദേഷ്യവും എല്ലാം മനസ്സിൽ കുമിഞ്ഞു കൂടി.
ഇത്ര നാൾ ആരോടും ചോദിക്കാതെ ഇരുന്ന, കേൾക്കാൻ ആഗ്രഹം ഇല്ലാഞ്ഞ ആ ചോദ്യം ഞാൻ അവരോടു ചോദിച്ചു.
“എന്റെ പ്രിയപ്പെട്ട തെല്ലാം തട്ടി എടുക്കാൻ ആരാണ് ഭദ്രൻ?”
ഞാൻ ആ മാനസിക അവസ്ഥയിൽ കോപംകൊണ്ടു പൊട്ടിതെറിച്ചു.
അവൾ ഒന്നും മിണ്ടിയില്ല, കരഞ്ഞുകൊണ്ട് അവളുടെ മുറിയിലേക്ക് ഓടി കതകടച്ചു. അമ്മയും എന്നോട് ഒന്നും പറഞ്ഞില്ല, ഞാൻ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല. ഞാനും എന്റെ റൂമിൽ പോയി കിടന്നു.