എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – അതോ.. അവൾക്കെന്തോ സംശയോക്കെയുണ്ട്. നീ വിളിക്കുമ്പോലെ അവളെന്നെ വിളിച്ചു നോക്കി. .. ഞാൻ പിടികൊടുക്കോ? അവളെന്നേം തപ്പി നിന്റെ ശ്രീയുടെ പുറകെ നടക്കേയുള്ളു.
ഇന്നലെ എപ്പോ തിരിച്ചു വീട്ടില്‍ വന്നെന്നോ എപ്പോ ഉറങ്ങിയെന്നോ എനിക്കറിയില്ല. അമ്മ വന്നു വിളിക്കുമ്പോഴാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്.
രാവിലെ തന്നെ ക്ലബ്ബിലേക്ക് ചെല്ലാന്‍ ഗോപന്‍ വിളിച്ചിട്ടുണ്ടായിരുന്നത്രെ. പൂക്കളം ഇടാന്‍ അവന്റെ ടീമില്‍ ഞാനുമുണ്ടായിരുന്നു. വെളുപ്പിനെ തന്നെ ചെന്നു പൂവൊക്കെ സെറ്റാക്കണമെന്നാ ഇന്നലെ അവൻ പറഞ്ഞത്. പക്ഷെ ഇപ്പൊ ഞാന്‍ അല്‍പ്പം വൈകിയിരിക്കുന്നു. അതുക്കൊണ്ട് തന്നെ അമ്മ കൊണ്ടുവന്ന ചായയും കുടിച്ചു പല്ലുപോലും തേക്കാതെ ക്ലാബ്ബിലെക്കോടി.
സാധാരണ എല്ലാ കൊല്ലവും അവിടുത്തെ പരിപടിക്ക് രാവിലെ തൊട്ടു ഒരു കണിയുടെ റോള്‍ ആയിരുന്നു എനിക്ക്. വലിയ ചേട്ടന്മാര്‍ ഓരോന്നില്‍
പങ്കെടുക്കും നമ്മള്‍ അതൊക്കെ വായിനോക്കി ആരേലും വല്ല ക ബൈസോ പഞ്ഞിമിഠായിയോ വാങ്ങിത്തന്നാല്‍ അതും തിന്നോണ്ട് നിക്കും. പക്ഷെ ഇപ്പൊ ആ വലിയ ചേട്ടന്മാരുടെ കൂട്ടത്തില്‍ ഞങ്ങളും എണ്ണപ്പെട്ടിരിക്കുന്നു.
രാവിലെ തന്നെ ഗോപന്റെ കയ്യിന്നു ശെരിക്കിനു കിട്ടി. ഇനി ഇപ്പൊ ഞാൻ വരില്ലെന്ന് കരുതിയാവും ഞാന്‍ വരുന്നതിനു മുന്‍പ് ഗോപികയും അവനും കൂടെ പൂക്കളൊക്കെ കട്ട് ചെയ്തു വെച്ചത്.
ഇന്നിപ്പോ എന്താ അഞ്ചാറുവട്ടം.. വരച്ചു പൂ അതില്‍ ഇട്ടാല്‍ പോരെ
ആ അന്തരീക്ഷം തണുപ്പിക്കാന്‍ ഞാനൊന്ന് ഇട്ടുനോക്കി. എന്റെ ആ ടയലോഗ് കേട്ടിട്ടാണോ അവന് പൊളിഞ്ഞു കയറിയത് ?
അതോ ഇനി ഗോപിക എന്നെ നോക്കി നിന്ന് ഇളിക്കുന്നത് കണ്ടിട്ടോ ?
അവന്‍ ആവിടെ കിടന്നു ചീറ്റി പാഞ്ഞു. എനിക്കിതിന്റെ ചിട്ടവട്ടങ്ങൾ എല്ലാം അറിയാമെന്ന് പാവം ഗോപന്‍ കരുതിക്കാണും. ഞാന്‍ കരുതിയത് അവനു ഒരു ഹെല്‍പ്പര്‍ ആയി നിന്നാല്‍ മതീല്ലോ എന്നാണ് .
എടാ മരപ്പൊട്ടാ വട്ടം വരച്ചിട്ടു ഇടാന്‍ ഇത് നിന്റെ വീട്ടുമുറ്റത്തിടുന്ന അത്തോന്നുമല്ല, ഇത് മത്സരാണ്.. കോപ്പേ..
പിന്നെ പത്തറുന്നു റ് രൂപയുടെ പൂവൊക്കെ പൊക്കിക്കാണിച്ചിട്ട് വെട്ടിയതും കഷ്ടപ്പെട്ടതും ഒക്കെ പറഞ്ഞു അവന്‍ ഫുള്‍ സെന്റി..
ഏതായാലും ഇത് നമ്മളെക്കൊണ്ട് നടപടിയാവുന്ന കേസല്ലെന്നുറപ്പായി. അതിനിടയില്‍ ഗോപികയും മുങ്ങി.
രണ്ടുപേരും മുഖത്തോടു മുഖം നോക്കി നിന്നപ്പോള്‍, എങ്ങുന്നോ ഒരു വിളി..
ശ്രീ…
അരുണിമേച്ചി, കിടിലന്‍ ഒരു ഹാഫ് സാരി ഒക്കെ ഉടുത്ത്, ഹോ.. ചേച്ചിക്ക് ഇത്രയും സൗന്ദര്യമുണ്ടാരുന്നോ.. ആ യുണിഫോമില്‍ കണ്ട ആളെയല്ലായിരുന്നു.. സ്ഥിരം രണ്ടു വശത്തും റിബന്‍ കെട്ടുന്ന മുടിയൊക്കെ അഴിച്ചിട്ടു ഇടത്ത്ന്നും വലത്ത്ന്നും ഓരോ ചെറിയ പാളി എടുത്തു ഒരു പ്രത്യേക തരത്തില്‍ പിന്നിയിട്ട് അത് സംഗമിക്കുന്നിടത്ത് ഒരു റോസാപൂവും വെച്ച്.. കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നാത്ത ഒരു പെണ്ണഴക്..!!
എന്താടാ ഇങ്ങനെ നോക്കുന്നെ..?
അന്തംവിട്ടു അവളുടെ മുഖത്തേക്ക് നോക്കുന്ന ഏന്നോടായ് ചേച്ചി ചോദിച്ചു.
ഒന്നൂല്ലേച്ചി.. മുടി അടിപൊളിയായിട്ടുണ്ട്, പിന്നേ ചേച്ചിക്ക് പൂക്കളം ഇടണത് എങ്ങനാന്നറിയോ?
എന്താടാ..?
ഞാന്‍ മുടികെട്ടിയത് കൊള്ളാം എന്ന് പറഞ്ഞോണ്ടാകും.. ഒരു ചിരിയോടെയാണ് പുള്ളിക്കാരി അത് തിരക്കിയത്..
വട്ടം വരയ്ക്കാന്‍ കയറില്‍ കെട്ടിവെച്ചേക്കുന്ന ചോക്ക് കാണിച്ചു കൊണ്ട്.
ഇനി എന്താ ചെയ്യണ്ടേ?
ഗോപന്‍ ആയിരുന്നത്
എനിക്കും വലിയ പിടിയില്ല.. എന്നാലും ഞാന്‍ ഹെല്‍പ്പാം..
ചേച്ചി ഒരടിപൊളി ഡിസൈനില്‍ ഒരു കളം അങ്ങ് വരച്ചു. തുമ്പ നടുക്ക് വരണമെന്ന് ഗോപന്‍ പറഞ്ഞു. അങ്ങന്നെ ഓരോന്നും അതിന്റെ സ്ഥാനത്ത് അവര്‍ രണ്ടും കൂടെ സെറ്റാക്കി. അതിൽനിന്നും അവർ എന്നെ പുറത്താക്കിയോ എന്നുപോലും ഞാന്‍ ചിന്തിച്ചു.
പൂക്കളം ഇടൽ ഏതാണ്ട് തീരാറായപ്പോള്‍ വാല്‍ക്കണ്ണാടി വേണ്ടേ എന്നായി ഞാന്‍. സംഭവം മറ്റു കളങ്ങള്‍ കാണാന്‍ പോയപ്പോള്‍ ഞാന്‍ നോട്ടുചെയ്തതാണ് അതൊക്കെ .. ഗോപന്‍ അപ്പൊഴാണ് അത് ഓര്‍ക്കുന്നത് പോലും. അവനതെടുക്കാന്‍ അവന്‍റെ വീട്ടിലെക്കോടി.
നിന്‍റെ ആര്യേച്ചി വന്നില്ലേ ഇപ്രാവശ്യം?
പൂക്കളം ഇടുന്നത് സസൂക്ഷ്മം നോക്കുന്ന എന്നോട് ചേച്ചി ഒന്ന് നിർത്തിയിട്ടു തിരക്കി.
ആര്യേച്ചി ഇപ്പൊ ഒന്നും വരില്ല.. സമ്മാനം കൊടുക്കറാവുമ്പോഴേ വരൂ..
അതെന്താ അവളാണോ സമ്മാനം കൊടുക്കുന്നെ ?
ആ പറച്ചിൽ കേട്ടപ്പോൾ അവൾ എന്നെയാണോ അതോ ആര്യേച്ചിയേ ആണോ ആക്കിയത് എന്ന് ഞാൻ ചിന്തിച്ചുപോയി.
അല്ല, അപ്പൊഴല്ലേ ഏച്ചിക്കു സമ്മാനം കിട്ടാ. പക്ഷേ ഇപ്രാവശ്യം എനിക്കാ ഫസ്റ്റ്, എനിക്ക് തൊണ്ണുറ്റേഴുണ്ട്.
എന്തിനു?
അവൾ കാര്യം മനസിലാവാതെ തിരക്കി.
ക്വിസ്സിനു
ഉവ്വാ, നിന്‍റെ ചേച്ചി ഡോക്ടര്‍നൊക്കെ പഠിക്കുന്നതല്ലേ, അവള് നൂറു വാങ്ങിച്ചാലോ ?
അവൾ അത് പറഞ്ഞപ്പോൾ എന്റെ ഉള്ളൊന്നു കാളി. ഇത് ജയിച്ചിട്ട് വേണം ആര്യേച്ചിയെ സെറ്റാക്കാൻ എന്ന് വിചാരിച്ചിരിക്കുവാണല്ലോ ഞാൻ.
ഞാനേ ജയിക്കു.. ബെറ്റുണ്ടോ?
ഞാൻ എന്നെത്തന്നെ സ്വയം ആശ്വസിപ്പിക്കാൻ പറഞ്ഞതാണത്.
ശെരി.. ഫാലൂടാ.. പിന്നെ ഷവർമ്മ
ഞാന്‍ വല്ല മുട്ട പപ്സോ മിഠായിയോ ആണ് പ്രതീക്ഷിച്ചത്, ഞാന്‍ അന്നു കേട്ടിട്ട് കൂടി ഇല്ലാത്ത സാധനം പറഞ്ഞപ്പോ കണ്ണ് തള്ളി.
നീ തോറ്റാലോ ?
ഹാവു എനിക്ക് വാങ്ങി തരും എന്നായിരുന്നോ, ഞാൻ വെറുതെ പേടിച്ചു.
ഞാന്‍ ഞാന്‍ തോറ്റാല്‍..
നീ തോറ്റാല്‍ ഞാന്‍ ഒരു കാര്യം പറയും അതെനിക്കു സാധിച്ചു തരണം .
എന്ത് കാര്യം?
അതൊക്കെ ഞാന്‍ അപ്പൊ പറയാം, പക്ഷേ എന്നെ പറ്റിക്കരുത്..
ഹ്മം..ഓക്കേ, പക്ഷേ എന്‍റെ പൈസയൊന്നുമില്ല.
ഇതിനങ്ങനെ പൈസയൊന്നും വേണ്ട
അതെന്തു സാധനം?
ഞാന്‍ പറയാം
അപ്പോഴേക്കും ഗോപന്‍ കണ്ണാടിയുമായി തിരിച്ചു വന്നു.
പൂക്കളം ഇട്ടുകഴിഞ്ഞു ഉച്ചവരെ അവിടൊക്കെ തിരിഞ്ഞു കളിച്ചു നടന്നു. വിശന്നപ്പോള്‍ തിരിച്ചു വീട്ടില്‍ വന്നുണ്ടു. വരാന്‍ താമസിച്ചെന്നു പറഞ്ഞമ്മ പിന്നെ അങ്ങോട്ട് തിരിച്ചു വിട്ടില്ല. അവരേം കുറ്റം പറയാന്‍ പറ്റില്ല.. ഞാന്‍ വരുന്നവരേയും ആരും ഓണം ഉണ്ടില്ലാരുന്നു. അതിന്‍റെ ദേഷ്യം ആര്യേച്ചിയുടെ മുഖത്തുണ്ടായിരുന്നു.
വൈകുന്നേരം അമ്മാവനും ആര്യേച്ചിയും പോണ കണ്ടപ്പോഴാണ് അമ്മ എന്നെ പോകാന്‍ തന്നെ സമ്മതിച്ചത്. എന്നേ കണ്ടതും ആര്യേച്ചി അകത്തേക്കുനോക്കി അമ്മായിയോട്
“”അമ്മേ ഒരു വലിയ ഗ്ലാസ് മോര് കലക്കി വെച്ചോ.. ചിലര്‍ക്ക് ബുദ്ധിവെക്കാൻ നല്ലതാന്നാ പറയണേ..
അത് കേട്ടപ്പോഴേ മനസിലായി എനിക്കിട്ടുള്ള കുത്താണെന്ന്, പണ്ടെപ്പോഴോ ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടത്രേ. അല്ലേലും ആര്യേച്ചിക്ക് ഇങ്ങനത്തെ അഹങ്കാരമുള്ളതാ.. എതിരാളിയെ കേറി നിഷ്കരുണം ചൊറിയുക,
ഹാവു അവൾ എന്നെ എതിരാളി ആയെങ്കിലും കാണുന്നല്ലോ.. അത് തന്നെ വലിയ കാര്യം. പക്ഷേ ആര്യെച്ചിയുടെ ഉത്സാഹം കണ്ടപ്പോള്‍ അവള്‍ ക്വിസ്നു നൂറും അടിച്ചു കാണുമോന്നു ഞാന്‍ ഒന്ന് സംശയിച്ചു. ഇനി ഇപ്പൊ അരുണിമേച്ചി പറഞ്ഞപോലെ ആകോ?. ഒരുതരത്തി പറഞ്ഞ ആ ബുജ്ജിയെ തോൽപ്പിച്ചു അവളുടെ മനസ്സില്‍ ഒരു സ്ഥാനം പിടിച്ചു പറ്റാന്‍ ഇതിലും നല്ലൊരു മാര്‍ഗം വേറെ എനിക്കറിയില്ലാരുന്നു. ഒരുപാടൊന്നും വേണ്ട ഞാനും അവളെപ്പോലെ വിവരോം ബുദ്ധിയുമുള്ള ഒരു മനുഷ്യജീവിയായി അംഗീകരിച്ചാല്‍ മതി.
കുടുംബത്തിലെ ഏറ്റവും ഇളയതായോണ്ടാണോ എന്നെ എല്ലാരും വെറും ഒരു കൊച്ചുകുട്ടി ആയാണ് കണ്ടിരുന്നത്. പക്ഷേ ആര്യേച്ചിയാണേ അഭയാർഥികളോടെന്നപോലെയും . ഒന്നുങ്കില്‍ എല്ലാത്തിനും വഴക്ക് പറയും അല്ലങ്കില്‍ വികൃതിപ്പിള്ളേരെപ്പോലെ എന്നേ അടിയും നുള്ളും പിച്ചും.
എല്ലാരുടേം മുന്നിൽവെച്ചു ഒരു ചേച്ചികളിയും.
അതിലപ്പുറം സ്നേഹത്തിന്റെ തരുമ്പും പ്രതീക്ഷിക്കണ്ടാ… അങ്ങനെ ഉള്ളോരോട് എങ്ങനാ നമ്മള്‍ ഇഷ്ടമാണെന്ന് പറയുന്നേ? പറഞ്ഞാല്‍ത്തന്നെ മൈന്റ് ചെയ്യോ? ഇനിയിപ്പോ ചെയ്താൽ തന്നെ എന്നെ കൊന്നില്ലേ ഭാഗ്യം.!! അതിനെ എനിക്കു നേരിടാൻ ധൈര്യമില്ലെന്നുള്ളത് മറ്റൊരു കാര്യം.
പോകുന്ന വഴിക്ക് അമ്മാവൻ ജോൺസൻ ചേട്ടനെ കണ്ടപ്പോള്‍ ആര്യേച്ചിയെ പൊക്കിയടിക്കുന്ന കേട്ടു.
അത് ആര്യക്ക് തന്നാകും, അവളെ തോപ്പിക്കാൻ ഈ കരയിൽ ആരാ..
ചേട്ടന്റെ കൂടെ വന്ന ബീനേച്ചീടെ മുഖമൊക്കെ അത് കേട്ടപ്പോ വാടുന്നത് ഞാൻ കണ്ടു. ഇന്നലെ ക്വിസ്സിനു പുറത്ത് പറഞ്ഞതിൽ ഏറ്റവും കൂടുതൽ മാര്‍ക്ക് പറഞ്ഞത് അവർക്കായിരുന്നു. എന്റെ തൊണ്ണൂറ്റേഴു പറഞ്ഞപ്പോൾ ചേച്ചിയേ ഉള്ളു ചിരിക്കാഞ്ഞത്. അത് കണ്ടിട്ടാവും ആര്യേച്ചി പിന്നെ അമ്മാവനേം വലിച്ചോണ്ട് ഓട്ടമായിരുന്നു.
ഏതായാലും സമ്മാനത്തിന് വിളിച്ചപ്പോൾ എനിക്ക് തന്നെ ആയിരുന്നു ഫസ്റ്റ്. അമ്മാവന്‍ ഒന്ന് ഞെട്ടി, ആര്യേച്ചി എന്നെ മൈയിന്റ് ചെയ്തില്ല. ആ ചമ്മിയ മുഖംപോലും എന്നെ കാണിച്ചില്ല. ഞാൻ ഉള്ളോണ്ട് ഒന്ന് ചിരിച്ചു. അപ്പൊ ഞാൻ എന്തെങ്കിലും പറഞ്ഞാ സെക്കന്റ് പ്രൈസ് വാങ്ങാതെ പോയാലോ, അത് പാടില്ല അതവൾ വാങ്ങണം എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. അതാ ഷോക്കേസിൽ വെച്ചിട്ട്വേണം എനിക്ക് എന്റെ മധുരപ്രതികാരം ഇനി അങ്ങോട്ട് വീട്ടാൻ.
ഞാന്‍ ക്യാഷ് പ്രൈയ്സും ട്രോഫിയും വാങ്ങി തിരിച്ചുവന്നപ്പോള്‍ സെകന്റ് പ്രൈസിന്റെ കുഞ്ഞിട്രോഫി എന്റെ പിറകെവന്ന ആര്യേച്ചി മടിച്ചു മടിച്ചു വാങ്ങി. അത് കണ്ടപ്പോൾ എനിക്ക് ചിരിപൊട്ടി. ഞാനും അവളും സ്റ്റേജിന്റെ സൈഡിൽ കൂടെ പുറത്തിറങ്ങി. ഇറങ്ങിയ പാടേ..
ഞാന്‍ പറഞ്ഞോ.. എനിക്ക് തൊണ്ണൂറ്റിഏഴു കിട്ടുന്നു.. അപ്പൊ എന്താരുന്നു ചിരി… അയ്യേ ആര്യെച്ച്യേ തോപ്പിച്ചേ… അൽപ്പം മോരും വെള്ളം….
ഞാനത് പറഞ്ഞു തീര്‍ന്നില്ല അരുണിമേച്ചി എവിടുന്നോ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു. ഈ സാധനം ഇപ്പൊ എവിടുന്നുവന്നു. എന്നെ ആര്യേച്ചിയുടെ മുന്‍പില്‍ ഷൈന്‍ ചെയ്യാന്‍ സമ്മതിക്കാതെ ഇവളെന്തിനാ എന്നെ ഇങ്ങനെ കെട്ടിപ്പിടിച്ചിരിക്കുന്നത്.. പിന്നീവള്‍ എന്നെ എങ്ങോട്ടോ വലിച്ചോണ്ട് പോയി. ഞാന്‍ തിരിഞ്ഞു ആര്യേച്ചിയെ നോക്കിയപ്പോ കലിപ്പോടെ എന്നെ നോക്കുന്ന ആര്യെച്ചിയെയാണ് കണ്ടത്.
അയ്യോ ആര്യേച്ചി ശെരിക്കും പിണങ്ങി..
ഞാൻ ആര്യേച്ചിയുടെ അടുത്തേക്ക് പോകാൻ തുനിഞ്ഞു.
അവളോട് പോകാന്‍ പറ, അവള് പണ്ടേ ഇങ്ങനാ, വേറെ ആര്‍ക്കേലും എന്തേലും കിട്ടുന്ന കണ്ടാല്‍ സഹിക്കേല..
ചേച്ചി എന്നെ വിട്.. ആര്യേച്ചി പിണങ്ങി.. എനിക്ക് പോണം.
നിക്കടാ ശ്രീ അവിടെ, ശെരിക്കും പറഞ്ഞാ നീയാ എനിക്ക് ചെലവ് ചെയ്യണ്ടേ, ഇതിപ്പോ ഞാന്‍ ചെയ്യാന്ന് വെച്ചപ്പോ ഓടാ നീ..
അവളൊന്നു നിർത്തി.. എന്നിട്ട് വീണ്ടും തുടർന്നു.
നീയല്ലേ പറഞ്ഞെ ഞാന്‍ ചെലവ് ചെയ്യണോന്നു..
അവൾ എന്റെ കയ്യിൽ മുറുക്കി വലിച്ചോണ്ട് പറഞ്ഞു.
ആര്യേച്ചി…
ഞാൻ വീണ്ടും തിരിഞ്ഞുനോക്കി.. ആ ഉരുട്ടത്ത് ആരെയും കണ്ടില്ല. എന്നോട് പിണങ്ങിയെന്ന് ഇപ്പൊ ഉറപ്പായി.
എന്നോട് ഇങ്ങനെ കാണിക്കുമ്പോ എനിക്കും ഇതുപോലെ തന്നല്ലേ തോന്നിയിട്ടുണ്ടാവുക, ആ വേദന അവൾ ഒന്നറിയട്ടേ.. ഞാൻ എന്തെക്കെയോ പറഞ്ഞു എന്റെ മനസിനെ ന്യായീകരിച്ചു. എങ്കിലും എന്റെ ഉള്ളിൽ ഒരു നീറ്റൽ….
വരുന്നേ വാ.. ഇവിടന്നു ഇച്ചിരി പോയാമതി.. [ തുടരും ]