എന്റെ സ്വപ്നങ്ങളും മോഹവും
എന്റെ മുഖത്തു തണുത്ത വെള്ളം വീണപ്പോഴാണ് ഞാൻ എഴുന്നേറ്റത്. എന്താണ് ഇവിടെ സംഭവിച്ചതെന്ന് ഞാൻ അവരുടെ എല്ലാം മുഖത്തേക്ക് നോക്കി.
“ഹാവു.. അവന് കുഴപ്പമില്ല ചേച്ചി, രാവിലെ ഒന്നും കഴിച്ചില്ല അതിന്റെയാകും..” ആര്യേച്ചി നുണ പറഞ്ഞു
അത് കേട്ടതും ജോൺസൺ ചേട്ടൻ കുറച്ചപ്പുറമുള്ള കടയിൽനിന്ന് ഒരു കവർ വാങ്ങിക്കൊണ്ട്ത്തന്നു. പുള്ളി ആള് തനി പോലീസാണേലും ഞങ്ങളോടൊക്കെ വലിയ കാര്യമാ.. കൂടാതെ അമ്മാവന്റെ അടുത്ത കൂട്ടുകാരനും.
ജോൺസൺ ചേട്ടൻ എന്നോട് എന്തൊക്കയോ ചോദിച്ചു.
“എന്താടാ ശ്രീ പറ്റിയെ?’’
“എനിക്കൊന്നു തല ചുറ്റണപോലെ തോന്നി..പക്ഷേ ഇപ്പൊ കുഴപ്പമില്ല “
“ഹാ.. ആരാ ആ പയ്യൻ?”
അതിന് മറുപടി ആര്യേച്ചിയാണ് പറഞ്ഞത്.
“അതെന്റെ കൂട്ടുകാരിയുടെ ചേട്ടനാ അങ്കിളേ.”
“അവനൊന്നും അത്ര നല്ല പയ്യനല്ല, നിങ്ങൾ അവനോടൊന്നും മിണ്ടാൻ പോകണ്ടാ.. കേട്ടല്ലോ”
അതിനും ആര്യേച്ചി ഇടക്ക് കയറി എന്തോ മറുപടി നൽകി, പിന്നെ നീ യൊന്നും മിണ്ടണ്ടാ.. ഞാൻ പറഞ്ഞോളാം എന്ന അര്‍ത്ഥത്തില്‍ എന്നെ ആര്യേച്ചി കൈ കാട്ടി.
അല്ല ഞാനെന്ത് മിണ്ടാൻ, എനിക്ക് ഇവിടെ എന്താ നടന്നതെന്ന് പോലും ഓർമ്മയില്ല.. അവസാനം ഓർക്കുന്നത് ചേച്ചിയുടെ കയ്യും പിടിച്ചു പാടവരമ്പിലൂടെ നടന്നു വരുന്നതായിരുന്നു.
ഭാഗ്യത്തിന് അവർ ഞങ്ങളോട് കൂടുതൽ ചോദ്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ബസ്സ് വന്നു. എങ്കിലും അന്നേദിവസം സ്കൂളിലിരുന്നു ആ സംഭവം ഞാന്‍ ഒരുപാട് ആലോചിച്ചുനോക്കി.