എന്റെ സ്വപ്നങ്ങളും മോഹവും
പിറ്റേന്ന് ഞാനും ആര്യേച്ചിയുടെ കൂടെയാ സ്കൂളിൽ പോയത്. ചേച്ചിയും ഞാനും ഒരേ സ്കൂളിൽത്തന്നെ ആയിരുന്നു പഠിച്ചിരുന്നത്.
ചേച്ചി അന്ന് പ്ലസ്2 ആയിരുന്നു. ആര്യേച്ചി എന്റെ കയ്യും പിടിച്ചു പാടവരമ്പിലൂടെ നടന്നു. ആ പാടം കടന്നാൽ മെയിൻ റോഡ്.. അതുവഴിയാണ് ഞങ്ങളുടെ ബസ് വരുന്നത്.
ഞങ്ങൾ രണ്ടാളും റോഡ് ക്രോസ്ചെയ്തു ബസ്സ്റ്റോപ്പിൽ വന്നുനിന്നു. ചെറുതായി മഴ പൊടിക്കുന്നുണ്ട്, ഞാനല്പം നനഞ്ഞിട്ടുമുണ്ട്. അന്നവിടെ രാവിലെ ബസ്സുകേറാൻ ആരും തന്നെ ഉണ്ടായിരുന്നില്ല.. എന്റെ തല അവൾ അവളുടെ കർച്ചീഫ് വെച്ച് തോർത്തിത്തന്നു. അപ്പോൾ ഏതോ ഒരുത്തൻ അങ്ങോട്ട് കേറിവന്നു.
“എന്താടാ ഇവിടെ? എന്താ രണ്ടും കൂടി.”
ഒരു വഷളൻ ചിരി അവന്റെ മുഖത്തുണ്ടായിരുന്നു.
അവനെ കണ്ടിട്ടാവണം ആര്യേച്ചിയൊന്ന് ഭയന്നപോലെ പിന്നോട്ട് മാറി.
“ടാ കൊച്ചെറുക്കാ നിനക്കെന്നെ അറിയോടാ?”
അവന്‍ വീണ്ടും ചോദിച്ചു.
“ഇല്ല ” ഞാൻ പറഞ്ഞു
“നിയൊക്കെ ഇപ്പൊ ജീവിക്കുന്നത് എന്റെ അച്ഛന്റെ ഔദാര്യത്തിലാ. അറിയോടാ പൊടിച്ചെറുക്കാ നിനക്ക് ?
പുച്ഛഭാവത്തോടെ അവന്‍ പറഞ്ഞുനിര്‍ത്തി.
അപ്പോഴാണ് ഗോപിക പറഞ്ഞ അരുൺ ഇവനാണെന്ന് എനിക്ക് ബോദ്ധ്യമായത്.
അവന്റെ ആ നില്പും ഭാവവും കണ്ടപ്പോൾത്തന്നെ ഞാൻ പേടിച്ചു എന്ന് വേണം പറയാൻ. പെട്ടെന്ന് തലയിലൊരു മിന്നൽ അടിച്ചുവോ.. തലക്കുള്ളിൽ ഒരു മൂടൽ.