എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – അത് കേട്ടതും ആര്യേച്ചി ഒന്ന് പതറിയത് ഞാന്‍ ശ്രദ്ധിച്ചു.
“ശ്രീഹരി ടാ…ടാ ഇവിടെ നോക്ക്, ആരാ അരുണിമ.. അറിയോ നിനക്ക്?”
ഇപ്പൊ അരുണിമ എന്നൊരു പേരറിയാം.. വ്യക്തമല്ലാത്ത ഒരു മുഖവും. പക്ഷേ ഉള്ളില്‍ എവിടെയോ എനിക്കടുത്തറിയാവുന്ന ഒരാൾ ആണെന്ന് തോന്നലുണ്ട്.. അതിനപ്പുറം എനിക്കവളെപ്പറ്റി ഒന്നും അറിയില്ലായിരുന്നു.
“ഇല്ല.. കണ്ടു പിടിക്കണം”
“ശെരി ശെരി.. നമുക്ക് ഒരുമിച്ചു കണ്ടു പിടിക്കാം.. പോരെ..”
എന്നെ സമാധാനിപ്പിക്കാന്‍ എന്നോണം അവള്‍ പറഞ്ഞു. പക്ഷേ ഞാന്‍ പറഞ്ഞത് കേട്ടിട്ടാവണം അത്.. ഒരു സമാധാനം അവളില്‍ ഞാന്‍ കണ്ടു.
“ഇങ്ങനെ ചിന്തിച്ചിരിക്കാതെ ആ കൈ കഴുകിട്ട് പോയി കിടക്കാന്‍ നോക്ക്. നിന്റെ മുഖത്ത് നല്ല ക്ഷീണമുണ്ട്.”
അമ്മ എന്നെ തട്ടിവിളിച്ചോണ്ട് പറഞ്ഞു.
പക്ഷേ ഞാന്‍ കൈ കഴുകി ആ ചാരു കസേരയില്‍ പോയിരുന്നു.
അപ്പോഴേക്കും വീരന്‍ കരച്ചില്‍ തുടങ്ങി. വീട് മാറിയതിന്റെ ആകും. ആര്യേച്ചി പഠിച്ചപണി പതിനെട്ടും നോക്കി.. രക്ഷയില്ല. ഞാന്‍ വീരനെ നോക്കി.. അവള്‍ അവനെ എന്‍റെ കയ്യില്‍ തന്നു.
“ഹരി നീ ഒന്ന് പാടുമോ? അവന്‍ ഉറങ്ങിക്കോളും.”
എനിക്കൊന്നും മറുത്തു പറയാന്‍ തോന്നിയില്ല. ഞാന്‍ എഴുന്നേറ്റു. അവനേം തോളില്‍ ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും നടന്നു പാടി.