എന്റെ സ്വപ്നങ്ങളും മോഹവും
ഠപ്പേ..
അപ്രതിക്ഷിതമായി കന്നം പൊളക്കെ ഒന്ന് കിട്ടിയപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വീണത്. അത്രയും നേരം ചിന്തിച്ചുകൂട്ടിയത് എങ്ങോ പറന്നുപോയി. ദേ നിക്കുന്നു ആര്യ മഹാദേവ് എന്‍റെ മുന്നില്‍. വീരനെയും കയ്യിൽവെച്ചു ആര്യ ഭദ്രകാളിയായി.
“ഒളിച്ചോടുന്നോടാ നീ… ഹ്മ്മ്”
അവൾ കലിതുള്ളി തന്നെയാണ്. അല്ല ഈ പൂതനക്ക് ഞാൻ എങ്ങോട്ട് ഒളിച്ചോടിയാൽ എന്താ? ഞാൻ കാരണം അവര് ബുദ്ധിമുട്ടണ്ട എന്ന് കരുതിയല്ലേ ഞാൻ അവിടുന്ന് മാറിക്കൊടുത്തത്.
ഇവൾക്ക് എന്നോടു ഇത്രയും ദേഷ്യം എന്തിനാ ? എന്റെ കണ്ണ് നിറഞ്ഞു. അമ്മ വേഗം അവളെ പിടിച്ചുനിർത്തി.
“നീ ആരെയാ തല്ലിയത് എന്നോർമ്മയുണ്ടോ?”
അമ്മ അൽപ്പം കടുപ്പിച്ച് തന്നെയാണ് ചോദിച്ചത്. ആര്യേച്ചി ഒന്ന് പതറിയോ, അമ്മ ആരോടും മുഖം കറുത്ത് ഒന്നും സാധാരണ പറയാറില്ല. പക്ഷേ ആ നിമിഷം തന്റെ കുഞ്ഞിനെ റാഞ്ചാൻ വന്ന പരുന്തിനെ നേരിടുന്ന തള്ളക്കോഴിയെയാണ് ഞാന്‍ എന്‍റെ അമ്മയില്‍ കണ്ടത്.
അമ്മേടെ കൈ തള്ളിമാറ്റിയിട്ടു അവൾ എന്റെ നേരെ വീണ്ടും വന്നു. അടുത്ത അടി ഇപ്പൊ വീഴുമെന്ന് മനസ് പറഞ്ഞു. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചിരുന്നതിന് വിപരീതമായി അവള്‍ തല്ലിയിടത്ത് ഉമ്മ കൊണ്ട് മൂടി. ഇതെന്തു കൂത്തു !! കരണം പൊളക്കെ തന്നിട്ട് അവിടെ ഉമ്മവെച്ചാ വേദന മാറോ?