എന്റെ സ്വപ്നങ്ങളും മോഹവും
എന്തായാലും ഇവിടെ കണ്ടതും കേട്ടതും ഒന്നും അമ്മയോട് പറയണ്ട.. എന്തിനാ അവരെ വിഷമിപ്പിക്കുന്നത്. ഇപ്പോഴാണ് പണ്ട് അമ്മ പറഞ്ഞത് സത്യമാണെന്ന് എനിക്ക് തോന്നുന്നത്.. മറവി ഒരു അനുഗ്രഹമാണ്.. ഇതുപോലുള്ള കാര്യങ്ങൾ മറന്നുപോകുന്നതും വലിയ ഒരനുഗ്രഹമാണ്.
അല്ല അമ്മ എങ്ങനെ അറിഞ്ഞു ഞാൻ ഇവിടെ ഉണ്ടെന്ന്?. ആരാ ഇപ്പൊ അമ്മേ ഇങ്ങോട്ട് കൊണ്ടാക്കാൻ. അതിനുത്തരം എനിക്ക് ഒരുപാട് നേരം കാത്തിരിക്കേണ്ടി വന്നില്ല.
ആര്യേച്ചി അപ്പുറത്തെ വശത്തെ ഡോർ തുറന്ന് പുറത്തിറങ്ങി. കൂടെ ജൂനിയര്‍ ഭദ്രനുമുണ്ട്. പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തവും കൊളുത്തി പട എന്ന് പറഞ്ഞപോലെ ആയല്ലോ ഇത്. ഞാൻ ഇവിടേക്ക് വന്നതേ ഇവളെ പേടിച്ചാ.. അപ്പൊ ദാ നിക്കുന്നു ഇവിടെ.. അമ്മേ മാത്രം ആക്കിയിട്ട് അവളങ്ങ് പോയിരുന്നെങ്കിൽ.
ആ പിന്നെ കയ്യിൽ ഇരിക്കുന്ന വീരനെ കൂടെ നിർത്തിയാൽ പൊളിച്ചു. അല്ല ഇതിപ്പോ അവളുടെ വീടല്ലേ. ഇനി അവൾ ഇവിടുന്നു ഇറങ്ങിപ്പോകാൻ പറയുമോ? മനസൊന്നു കാളി. അവള്‍ അത്ര ദുഷ്ടയാണോ?. ഓ പോവാന്‍ പറഞ്ഞാല്‍ അങ്ങ് പോവും അല്ലാതെന്താ.
അല്ല ഭദ്രൻ വിഷ്ണുഏട്ടൻ ആണോ ? ചോദിച്ചാലോ? അല്ലേ.. വേണ്ട അങ്ങനെ ചോദിച്ചാ ഞാൻ എല്ലാം ഇവരോട് പറയേണ്ടിവരും. ഇപ്പൊ എന്തിനാ എല്ലാരേം ശോകം അക്കുന്നത്.. കുറച്ചു ദിവസമായിട്ട് ഞാനും തീരെ ശോകമായിരുന്നല്ലോ. ഞാന്‍ ഇങ്ങനെ എന്തൊക്കെയോ ചിന്തിച്ചു അവരുടെ അടുത്തേക്ക് ചെന്നു.