എന്റെ സുഖം ഇവളിലാ
കോളിംഗ് ബെൽ അടിച്ചശേഷം വരുന്നത് എന്ത് തന്നെയായാലും നേരിടാം എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാൻ കാത്ത് നിന്നു, പക്ഷെ എത്രയൊക്കെ ധൈര്യം വരുത്താൻ ശ്രമിച്ചിട്ടും അകത്തനിന്ന് വാതില് തുറക്കുന്ന ശബ്ദം കേട്ടതും തിരിഞ്ഞ് ഓടിയാലോ എന്നൊരു ഓപ്ഷൻ മനസ്സ് മുന്നോട്ട് വെച്ചു. അപ്പോഴേക്കും വാതില് എനിക്ക് മുന്നിൽ തുറക്കപ്പെട്ടു…
പ്രതീക്ഷിച്ചത് കാളീ രൂപം പൂണ്ടു നിൽക്കുന്ന ദേവുവിനെ ആണ്, പക്ഷെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് അമ്മൂസ്. ആദ്യം ഒരല്പം ആശ്വാസം തോന്നിയെങ്കിലും പെണ്ണിന്റെ നിൽപ്പ് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി. ഇരുകയ്യും ഇടുപ്പിൽ കുത്തി പല്ലും കടിച്ച് എന്നെ കണ്ണുരുട്ടി നോക്കി നിൽക്കുകയാണ് അമ്മു, എന്താണാവോ കാര്യം
ദുഷ്ടാ.. എന്നാലും ഈ ചതി അമ്മുനോട് വേണ്ടായിരുന്നു !!
അല്പനേരം അങ്ങനെ എന്നെ തറപ്പിച്ച് നോക്കിനിന്ന ശേഷം അമ്മുവിനോട് മയത്തിൽ ചോദിച്ചു…
എന്ത് പറ്റി അമ്മൂസേ?
ഒന്നും അറിയാത്തത് പോലെ നിഷ്കളങ്കമായി ചോദിച്ചു…
അമ്മൂസല്ല കുബൂസ്.. ചതിയൻ… അമ്മ ദേഷ്യത്തിലാന്ന് അറിഞ്ഞിട്ട് മനപ്പൂർവം എന്നെ പെടുത്തിയതല്ലേ?
അയ്യോ.. ഞാനോ… അങ്ങനെ ഒന്നും പറയല്ലേ കുബൂസേ, ഛെ.. അല്ല അമ്മൂസേ… നീ കണ്ടതല്ലേ ആ സെക്യൂരിറ്റി ചേട്ടൻ വന്ന് വിളിച്ചത്, ഞാൻ പുള്ളീടെ കൂടെ പോയതല്ലേ..
ഞാൻ വീണ്ടും നിഷ്കളങ്കത വാരി വിതറിക്കൊണ്ട് പറഞ്ഞു…